ബെംഗളൂരു: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ജനറൽ കൗൺസിൽ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പി.ടി ഉഷ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി മുൻ അത്ലറ്റ് അഞ്ജു ബോബി ജോർജ്. എല്ലാവരും ജയിക്കാൻവേണ്ടിയാണ് ശ്രമിക്കുന്നതെന്നും എന്നാൽ തോൽക്കുമ്പോൾ വിഷമമുണ്ടാകുന്നത് സ്വാഭാവികമാണെന്നും അഞ്ജു പറഞ്ഞു. ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കുന്നയാൾക്ക് ഇത്ര വോട്ട് കിട്ടും എന്ന് ഉറപ്പ് പറയാൻ കഴിയില്ലെന്നും അഞ്ജു കൂട്ടിച്ചേർത്തു.

To advertise here,

തിരഞ്ഞെടുപ്പിലെ തന്റെ തോൽവി യാദൃച്ഛികമല്ലെന്നും ചില ലോബികൾ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നുമാണ് നേരത്തേ പി.ടി. ഉഷ ആരോപിച്ചത്. കൂടുതൽ വോട്ട് തനിക്കാണ് കിട്ടേണ്ടിയിരുന്നതെന്ന പി.ടി ഉഷയുടെ പ്രതികരണത്തോടുള്ള അഞ്ജുവിന്റെ മറുപടിയിങ്ങനെ: ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കുന്നയാൾക്ക് ഇത്ര വോട്ട് കിട്ടും എന്ന് ഉറപ്പ് പറയാൻ കഴിയില്ല. ആരെയും കുറച്ചുകാണാതിരിക്കുക. വോട്ടേഴ്‌സെല്ലാം കായികമേഖലയുമായി ബന്ധപ്പെട്ടവരാണ്. അവരുടെ ഇടയിൽ രാഷ്ട്രീയം കൊണ്ടുവന്നുകഴിഞ്ഞാൽ അത് അംഗീകരിക്കാൻ വഴിയില്ല. നമ്മൾ ആരും രാഷ്ട്രീയം പറഞ്ഞിട്ടുമില്ല. സ്‌പോർട്‌സ് ആണ് നമ്മുടെ രാഷ്ട്രീയം.-അഞ്ജു വ്യക്തമാക്കി.

ന്യൂഭാരത് പാനൽ എന്നപേരിൽ ക്യാമ്പയിൻ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് അത് എന്താണെന്ന് വന്നത് കഴിഞ്ഞതിന് ശേഷമാണ് കാണുന്നതെന്നും അഞ്ജു ബോബി ജോർജ് പറഞ്ഞു. മത്സരിച്ച ആറുപേരും വ്യക്തിപരമായിട്ടാണ് പ്രവർത്തിച്ചതും ക്യാമ്പയിൻ ചെയ്തതും. എല്ലാവരും ജയിക്കാൻ വേണ്ടി ശ്രമിക്കും. എന്നാൽ തോൽക്കുമ്പോൾ വിഷമമുണ്ടാകും. അത് സ്വാഭാവികമാണ്. പല പ്രശ്‌നങ്ങൾ നമ്മളും കണ്ടിരുന്നു. പലയിടത്തുനിന്നും പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതൊക്കെ തിരഞ്ഞെടുപ്പിന്റെ ഭാഗമാണ്. ബാക്കിയുള്ള കാര്യങ്ങൾ അധികൃതർ തീരുമാനിക്കട്ടെ.-അഞ്ജു പറഞ്ഞു.

80 വോട്ടേഴ്‌സാണ് ഉണ്ടായിരുന്നത്. സാധാരണയുള്ള ഒരു വോട്ടിങ് പാറ്റേൺ അല്ല ഇവിടെയുള്ളത്. വോട്ടേഴ്‌സെല്ലാം ചെറുപ്പം മുതൽ തന്നെ നമ്മളെ അറിയുന്നവരാണ്. നമ്മുടെ സ്‌പോട്ടിങ് കരിയർ അനലൈസ് ചെയ്യുന്നവരാണ്. നമ്മുടെ അഡ്മിനിസ്‌ട്രേറ്റീവ് കപ്പാസിറ്റി അനലൈസ് ചെയ്യുന്നവരാണ്. ഇവരുടെയടുത്ത് നമ്മൾ പെട്ടെന്ന് ചെന്നിട്ട് ഞാൻ നല്ലയാളാണ്, എനിക്ക് വോട്ട് ചെയ്യണം, നന്നായിട്ട് പ്രവർത്തിക്കാം എന്നുപറഞ്ഞാൽ അവർ അംഗീകരിക്കില്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ച് നിലവിൽ ചിന്തിച്ചിട്ടില്ലെന്നും അഞ്ജു പറഞ്ഞു.

തിരഞ്ഞെടുപ്പിലെ തോൽവി യാദൃച്ഛികമല്ലെന്നും ചില ലോബികൾ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നുമാണ് പി.ടി ഉഷ പ്രതികരിച്ചത്. ഐ.ഒ.എ.യെ ശുദ്ധീകരിച്ചത് ഇഷ്ടപ്പെടാത്തവരായിരിക്കും പിന്നിൽ പ്രവർത്തിച്ചത്. ഒളിമ്പിക് അസോസിയേഷനെ സംബന്ധിച്ച് ഒരുപാട് നേട്ടങ്ങളുടെ കാലമാണ് ഇപ്പോഴുണ്ടായത്. അങ്ങനെ നേട്ടങ്ങൾ ഉണ്ടായിട്ടും എന്നെ പോലുള്ള ഒരാൾ അഞ്ചാംസ്ഥാനമായി വരണമെങ്കിൽ അതിനൊരു കാരണമുണ്ടാകാം. തോൽപ്പിച്ചവർക്കാണ് അതിനെപ്പറ്റി അറിയുക. അവരത് പറയില്ല. പിന്നെ അന്വേഷിച്ച് കണ്ടെത്തേണ്ടത് മാധ്യമങ്ങളും മറ്റ് അധികൃതരുമാണ്. നാല് സ്ഥാനങ്ങളിൽ ഞാൻ എവിടെ വന്നാലും പ്രസിഡൻറ് പദവി മോഹിച്ചവർക്ക് അത് ലഭിക്കാൻ പ്രയാസമാകും. അതിനാലാണ് ആ ലോബി ആസൂത്രിതമായി ചരടുവലി നടത്തി അഞ്ചാം സ്ഥാനത്തേക്ക് മാറ്റിയതെന്നും പി.ടി. ഉഷ പറഞ്ഞിരുന്നു.