താരസംഘടന 'അമ്മ'യിലെ വിവാദങ്ങളിൽ വീണ്ടും പരസ്യപ്രതികരണവുമായെത്തിയ പ്രസിഡന്റ് ശ്വേതാ മേനോന് മറുപടിയുമായി നടി ഉഷാ ഹസീന. 'ഝാൻസി റാണി ചമയാതെ അടർക്കളത്തിലെ അഭിമന്യൂ', എന്ന തലക്കെട്ടിൽ പങ്കുവെച്ച കുറിപ്പിലാണ് മറുപടി. സംഘടനയിൽ ഏറ്റവും കൂടുതൽ കുറ്റാരോപിതയായ ഒരു വ്യക്തി നിങ്ങളാണ്. 'അമ്മ' ഫണ്ടിൽ തിരിമറി നടത്തിയെന്ന ശക്തമായ ആരോപണമാണ് നിങ്ങൾക്കെതിരെയുള്ളത്. സംഘടനയുടെ തലപ്പത്ത് ഇരിക്കാൻ എന്തുയോഗ്യതയാണുള്ളതെന്നും ഉഷാ ഹസീന ചോദിച്ചു. ശ്വേതയുടെ പേര് പറയാതെയാണ് വിമർശനം.

To advertise here,

'ഝാൻസി റാണി ചമയാതെ അടർക്കളത്തിലെ അഭിമന്യൂ... ' ഞാൻ ഉള്ളപ്പോൾ കുറ്റാരോപിതരാരും 'അമ്മ'യുടെ തലപ്പത്ത് വരില്ല' എന്നുള്ള അഭിമന്യുവിന്റെ പ്രസ്താവന കണ്ടു. തലപ്പത്ത് വരണമെന്ന് ഇവിടെ ആരും ആവശ്യപ്പെട്ടിട്ടില്ല. കുറ്റാരോപിതരായവരും അല്ലാത്തവരുമായ ആരും തന്നെ. നിങ്ങൾ തലപ്പത്തുനിന്ന് ഇറങ്ങിപ്പോകണമെന്ന് മാത്രമേ ഞങ്ങൾ ആവശ്യപ്പെട്ടിട്ടുള്ളൂ. നിങ്ങൾ അവതരിപ്പിച്ച (കള്ള)കണക്കും റിപ്പോർട്ടും സംഘടനയിലെ അംഗങ്ങൾക്ക് സ്വീകാര്യമല്ലാതെ വന്നപ്പോൾ, നിവൃത്തിയില്ലാതെ നിങ്ങൾക്ക് രാജിവെച്ച് ഇറങ്ങേണ്ടി വന്നു. അതാണ് സത്യം. ആ സത്യത്തെ എത്ര കള്ളം കൊണ്ട് മൂടി വെച്ചാലും ഞങ്ങൾ അംഗങ്ങൾക്ക് അതറിയാം', ഉഷാ ഹസീന വ്യക്തമാക്കി.

'അഭിമന്യു എന്തിനാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്? കോടതിയെ തെറ്റിദ്ധരിപ്പിച്ചത്? 27-ാം തീയതി ഞങ്ങൾ തിരുത്തിക്കൊള്ളാം. 'അമ്മ'യുടെ തലപ്പത്ത് വരേണ്ടത് ആരാണെന്നൊക്കെ തീരുമാനിക്കാൻ ഇവിടെ അംഗങ്ങൾക്കറിയാം. കുറ്റാരോപിതരായ അംഗങ്ങൾ ആരും തന്നെ തലപ്പത്ത് വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. പിന്നെ നിങ്ങൾ എന്തിനാണ് അതോർത്ത് വേവലാതിപ്പെടുന്നത്', അവർ ചോദിച്ചു.

'ഇവിടെ ഇപ്പോൾ ഏറ്റവും കൂടുതൽ കുറ്റാരോപിതയായ ഒരു വ്യക്തി നിങ്ങൾ തന്നെയാണ്. 'അമ്മ'യുടെ ഫണ്ടിൽ തിരിമറി നടത്തി എന്ന ശക്തമായ ആരോപണമാണ് നിങ്ങൾക്കെതിരെ ഉള്ളത്. അപ്പോൾ പിന്നെ 'അമ്മ'യുടെ തലപ്പത്തിരിക്കാൻ നിങ്ങൾക്ക് എന്ത് യോഗ്യതയാണ് ഉള്ളത്? ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാൻ ശ്രമിക്കല്ലേ അഭിമന്യൂ... എത്രകാലം ഇങ്ങനെ കള്ളം പറഞ്ഞ് മാത്രം നിലനിൽക്കാൻ സാധിക്കും? ഒരുപാട് കാലമൊന്നും ജനങ്ങളെ പറ്റിക്കാൻ കഴിയില്ല. അതോർക്കുന്നതു നന്ന്. ഒരുപാട് അങ്ങ് നെഗളിക്കല്ലേ അടർക്കളത്തിലെ അഭിമന്യൂ', ഉഷാ ഹസീന കൂട്ടിച്ചേർത്തു.

സംഘടനയിലെ ചിലരെ മുന്നിൽ നിർത്തി ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ കുറ്റാരോപിതർ തന്നെ വ്യക്തിപരമായി അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് ശ്വേത സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ ആരോപിച്ചിരുന്നു. തന്റെ യുദ്ധം 'പവർഗ്രൂപ്പി'നോടാണെന്നും ശ്വേത അവകാശപ്പെട്ടു.

കഴിഞ്ഞ വാർഷിക ജനറൽ ബോഡി യോഗത്തിൽ അവർ എന്നെ അപമാനിച്ചു പുറത്താക്കാൻ ശ്രമിച്ചു. അവർക്കെതിരെയുള്ള എന്റെ പോരാട്ടം ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. അവരുടെ ഇരകളെ ഞാൻ എന്നും ചേർത്തുപിടിച്ചിട്ടുണ്ട്.