കുഞ്ഞിന് ഭക്ഷണം നൽകുകയോ ഡയപ്പർ മാറ്റുകയോ ചെയ്യുന്ന അച്ഛന്മാരെ ചുറ്റുമുള്ളവർ അഭിനന്ദനങ്ങൾ കൊണ്ട് മൂടുമ്പോൾ, ഇതേ കാര്യങ്ങൾ ചെയ്യുന്ന അമ്മമാർക്ക് എന്തുകൊണ്ട് ആ അംഗീകാരം ലഭിക്കുന്നില്ല? ഈ ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ രാം ചരണിന്റെ ഭാര്യയും സംരംഭകയുമായ ഉപാസന കൊനിഡേല. കുട്ടികളെ വളർത്തുന്നത് അമ്മയുടെയും അച്ഛന്റെയും തുല്യ ഉത്തരവാദിത്വമാണെന്നും അതിൽ അച്ഛൻ ചെയ്യുന്നത് പ്രത്യേകിച്ച് അഭിനന്ദിക്കേണ്ട കാര്യമല്ലെന്നും ഉപാസന തുറന്നുപറഞ്ഞു.വിശാഖപട്ടണത്ത് നടന്ന സിഐഐ പാർട്ണർഷിപ്പ് സമ്മിറ്റ് 2026-ൽ ആന്ധ്രാപ്രദേശ് മന്ത്രി നാര ലോകേഷുമായി സംസാരിക്കുകയായിരുന്നു ഉപാസന. ഇന്ത്യൻ കുടുംബങ്ങളിലെ ലിംഗവിവേചനവും കുട്ടികളെ വളർത്തുന്നതിലെ ഉത്തരവാദിത്വങ്ങളും ചർച്ചയായപ്പോഴായിരുന്നു ഉപാസനയുടെ പ്രതികരണം.

To advertise here,

ALSO READ : സുഹൃത്തുക്കളോട് ലൈംഗികതയെക്കുറിച്ച് സംസാരിക്കാൻ സ്ത്രീകൾ ആഗ്രഹിക്കുന്നുണ്ടോ? പഠനം പറയുന്നത് 

'അച്ഛൻ കുഞ്ഞിന് ഭക്ഷണം നൽകിയാൽ എല്ലാവരും കൈയടിക്കുന്നു'

വീട്ടിലെ ഉത്തരവാദിത്വങ്ങൾ കുട്ടിക്കാലം മുതൽ തന്നെ 50:50 എന്ന തുല്യനിലയിൽ പങ്കിടണമെന്നായിരുന്നു നാര ലോകേഷിന്റെ അഭിപ്രായം. ഇതിനോട് യോജിച്ച ഉപാസന കുടുംബങ്ങളിലെ പതിവ് കാഴ്ചപ്പാടുകളെ ചോദ്യം ചെയ്തു.

'ഒരു അച്ഛൻ കുഞ്ഞിന് ഭക്ഷണം നൽകുകയോ ഡയപ്പർ മാറ്റുകയോ ചെയ്താൽ അമ്മയും മറ്റുള്ളവരും കൈയടിക്കും. എത്ര നല്ല അച്ഛനാണ് എന്നൊക്കെ പറയും. എന്നാൽ ഇതേ കാര്യങ്ങൾ അമ്മ ചെയ്യുമ്പോൾ എന്തുകൊണ്ടാണ് ആരും എനിക്കുവേണ്ടി കൈയടിക്കാത്തത്? വീട്ടിലെ ഈ മനോഭാവം മാറാതെ ബോർഡ് റൂമുകളിലും മാറ്റമുണ്ടാകില്ല. നമ്മൾ ശരിക്കും പ്രവർത്തിക്കേണ്ടത് ഇവിടെയാണ്.വിദ്യാഭ്യാസത്തിന്റെ ഭാഗമായും ആളുകളുടെ ചിന്താഗതിയിലും ഈ മാറ്റം വരണം. അച്ഛൻ ആരോടും എന്തെങ്കിലും ഉപകാരം ചെയ്യുകയല്ല. അദ്ദേഹം സ്വന്തം കുഞ്ഞിനെ വളർത്തുകയാണ്. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം', ഉപാസന പറഞ്ഞു.

എനിക്കും അത് ക്യൂട്ടായി തോന്നാറുണ്ട്; പക്ഷേ ഇപ്പോൾ അതൊരു സാധാരണ കാര്യമാണ്

കുട്ടികളെ വളർത്തുന്നതിൽ ലിംഗസമത്വം ഉറപ്പാക്കാൻ വിദ്യാഭ്യാസരീതിയിലും കുടുംബങ്ങളിലെ സമീപനത്തിലും മാറ്റം വേണമെന്നും ഉപാസന അഭിപ്രായപ്പെട്ടു.'ഈ ചിന്താഗതി നമ്മുടെ മനസ്സിലും വിദ്യാഭ്യാസത്തിലും ഉണ്ടാകണം. കുട്ടികളും അത്തരമൊരു അന്തരീക്ഷത്തിൽ വളരണം. ആൺമക്കൾ എന്തെങ്കിലും നല്ല കാര്യം ചെയ്യുമ്പോൾ അമ്മമാരും അതിനെ വലിയ സംഭവമായി കാണാതിരിക്കണം. അങ്ങനെ വന്നാൽ സമൂഹത്തിന്റെ മുഴുവൻ സംവിധാനത്തിലും പുരോഗതിയുണ്ടാകും.ഒരു ഭാര്യ എന്ന നിലയിൽ ഞാനും ചിലപ്പോൾ അങ്ങനെ ചെയ്യാറുണ്ട്. അദ്ദേഹം എന്റെ കുട്ടികൾക്ക് ഭക്ഷണം നൽകുന്നത് കാണുമ്പോൾ എനിക്ക് വളരെ ക്യൂട്ടായി തോന്നും. എന്നാൽ ഇപ്പോൾ അതൊരു സാധാരണ കാര്യമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. മാതാപിതാക്കൾ ചെയ്യേണ്ട സാധാരണ കാര്യങ്ങളിൽ ഒന്ന് മാത്രമാണത്', ഉപാസന പറഞ്ഞു.

രാം ചരണും ഉപാസനയും

2012-ലാണ് രാം ചരണും ഉപാസന കൊനിഡേലയും വിവാഹിതരായത്. അപ്പോളോ ഹോസ്പിറ്റൽസിന്റെ അവകാശികളിലൊരാളും സി. പ്രതാപ് റെഡ്ഡിയുടെ കൊച്ചുമകളുമാണ് ഉപാസന. ഒരേ കോളേജിൽ പഠിച്ചിരുന്ന ഇരുവരും ആദ്യം സുഹൃത്തുക്കളായിരുന്നു. പിന്നീട് പ്രണയത്തിലാവുകയും വിവാഹിതരാകുകയുമായിരുന്നു.വിവാഹം കഴിഞ്ഞ് 11 വർഷത്തിനുശേഷം 2023-ലാണ് ഇരുവർക്കും ആദ്യത്തെ കുഞ്ഞ് ജനിച്ചത്. ക്ലിൻ കാര എന്നാണ് മകളുടെ പേര്. ഈ വർഷം ജനുവരിയിൽ ഇരട്ടക്കുട്ടികളായ ശിവ്റാമും അന്വീര ദേവിയും കൂടി കുടുംബത്തിലെത്തി.കുട്ടികളെ വളർത്തുന്നതിൽ അമ്മയ്ക്കും അച്ഛനും തുല്യ ഉത്തരവാദിത്വമാണെന്ന ഉപാസനയുടെ നിലപാട് ഇപ്പോൾ ശ്രദ്ധ നേടുകയാണ്. വീട്ടിലെ ചെറിയ കാര്യങ്ങളിൽ പോലും നിലനിൽക്കുന്ന ലിംഗവിവേചനം മാറാതെ സമൂഹത്തിൽ യഥാർഥ സമത്വം സാധ്യമാകില്ലെന്ന ഓർമപ്പെടുത്തൽ കൂടിയാണ് താരത്തിന്റെ വാക്കുകൾ.