
സംവിധായകൻ രാജ്കുമാർ പെരിയസാമിയെയും നടി സായ് പല്ലവിയെയും പ്രശംസിച്ച് നടൻ മമ്മൂട്ടി. സിനിമയെക്കുറിച്ച് വലിയ ആവേശവും ആഗ്രഹവുമുള്ള സംവിധായകനാണ് രാജ്കുമാർ പെരിയസാമിയെന്ന് മമ്മൂട്ടി പറഞ്ഞു. പൂച്ചയായിരുന്ന് പുലിയെപ്പോലെ ചാടുമെന്ന് പറഞ്ഞതുപോലെയാണ് 'ഓം: ഓപ്പറേഷൻ മോൾ' ചിത്രത്തിലെ സായ് പല്ലവിയുടെ വേഷമെന്നും താരം പറഞ്ഞു. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി കൊച്ചിയിൽ നടന്ന പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസുഖബാധിതനായി കഴിയുമ്പോഴാണ് 'ഓമി'ലേക്ക് തന്നെ സമീപിക്കുന്നതെന്ന് മമ്മൂട്ടി വേദിയിൽ പറഞ്ഞു. 'ചിത്രത്തിലേക്ക് വിളിക്കുമ്പോൾ, അഭിനയിക്കാവുന്ന അവസ്ഥയിലായിരുന്നില്ല. ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാൻ സംവിധായകനോട് പറഞ്ഞു. സാറിന് എപ്പോഴാണോ സൗകര്യം അപ്പോഴെടുക്കാം എന്ന് സംവിധായകൻ പറഞ്ഞു. അഞ്ചെട്ടുമാസം കഴിഞ്ഞപ്പോഴാണ് ഷൂട്ടിങ് തുടങ്ങിയത്. അത്രത്തോളം എന്നെ ആവശ്യമുള്ള സംവിധായകനും പടവുമാണെന്ന് എനിക്ക് തോന്നി. ഷൂട്ടിങ്ങിന് പത്തുനാൽപ്പത്ത് ദിവസം മതിയെന്ന് പറഞ്ഞെങ്കിലും അതിൽക്കൂടുതൽ ദിവസങ്ങൾ എടുത്തു', മമ്മൂട്ടി പറഞ്ഞു.
'രാവിലെ എഴുന്നേറ്റ് ഷൂട്ടിങ്ങിന് പോകാൻ രസമുള്ള പടമായിരുന്നു ഇത്. മദ്രാസിലായിരുന്നതുകൊണ്ട് വീട്ടിൽനിന്ന് പോയി വരാം. സംവിധായകൻ പാവം മനുഷ്യനാണ്. വലിയ ആവേശവും ആഗ്രഹവുമുണ്ട്. സിനിമ അയാൾക്ക് കാണാപ്പാഠമാണ്. ഒട്ടും ദേഷ്യപ്പെട്ട് കണ്ടിട്ടില്ല. ചില കാര്യങ്ങൾ ഡീൽ ചെയ്യുന്നതുകണ്ടാൽ രാഷ്ട്രീയക്കാർക്ക് പറ്റുന്ന പരിപാടിയാണെന്ന് തോന്നും. അത്രയും ദിവസം ഞാൻ സിനിമയിൽനിന്നതുപോലും അയാൾ ഒറ്റയാൾ കാരണമാണ്, നോ പറയാൻ പറ്റില്ല. അത്രത്തോളം സ്വീറ്റാണ്', സംവിധായകനെക്കുറിച്ച് താരത്തിന്റെ വാക്കുകൾ.
'തമിഴിലെ യങ് സ്റ്റാഴ്‌സിന്റെ കൂടെ ഞാൻ അഭിനയിച്ചിട്ടേയില്ല. രജനീകാന്ത് ലൈനിൽ കഴിഞ്ഞിട്ട് പിന്നെ ഒരുപാട് കാലം കഴിഞ്ഞിട്ടാണ് തമിഴിൽ വന്നത്. എല്ലാവരും ഭയങ്കര വൈബായിരുന്നു', മമ്മൂട്ടി പറഞ്ഞുനിർത്തിയപ്പോൾ സദസ്സിൽനിന്ന് വലിയ ആരവമുയർന്നു.
'ഓമി'ൽ സായ് പല്ലവി ഇൻസ്‌പെക്ടർ ബൽറാം ആയാണ് അഭിനയിക്കുന്നത് എന്നായിരുന്നു നടിയുടെ വേഷത്തെക്കുറിച്ച് തമാശരൂപേണ മമ്മൂട്ടിയുടെ വാക്കുകൾ. 'പേടിപ്പിക്കലും ഇടിയും ഫൈറ്റും വെടിയും ഡയലോഗും. പൂച്ചയായിരുന്നിട്ട് പുലിയെപ്പോലെ ചാടും എന്ന് പറഞ്ഞിട്ടില്ലേ? അതുമാതിരിയാണ്. 'രാമായണ' വന്നില്ലായിരുന്നെങ്കിൽ 'ഓം' ആയിരുന്നേനെ സായ് പല്ലവിയുടെ ആദ്യത്തെ ആക്ഷൻ പടം. ഫൈറ്റ് കാണുമ്പോൾ, കരാട്ടെയോ മറ്റോ പഠിച്ചതാണെന്ന് തോന്നും. വിജയശാന്തിക്കൊക്കെ ശേഷം ആക്ഷൻ ഹീറോയിനായി കാണാം', അദ്ദേഹം കൂട്ടിച്ചേർത്തു.
ധനുഷ്, മമ്മൂട്ടി, സായ് പല്ലവി, ശ്രീലീല എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'ഓം' വെള്ളിയാഴ്ച തിയേറ്ററിലെത്തും. രാജ്കുമാർ പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ, 'ജയിലർ 2'-നൊപ്പമായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് മാറ്റിവെക്കുകയായിരുന്നു. ഇത്തവണ, ദുൽഖർ സൽമാന്റെ തെലുങ്ക് ചിത്രം 'എ.ഒ.ടി'ക്കൊപ്പമാണ് 'ഓം' തിയേറ്ററിലെത്തുന്നത്.
Content Highlights: Mammootty praised Sai Pallavi's action performance in Om: Operation Mole during a promotional event in Kochi, comparing her screen presence to action icon Vijayashanthi. Mammootty lauded director Rajkumar Periasamy's patience and passion, revealing that the director waited several months for him to recover from an illness before starting the shoot. Mammootty noted that he enjoyed working with Tamil cinema's younger generation of actors after a long gap. Directed by Rajkumar Periasamy and starring Dhanush, Mammootty, Sai Pallavi, and Sreeleela, Om releases in theatres this Friday alongside Dulquer Salmaan's Telugu film AOT.
Published: 16 Nov 2026, 09:42 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented