നടൻ ദുൽഖർ സൽമാന്റെ വിനയത്തെയും സിനിമയോടുള്ള അഭിനിവേശത്തെയും പ്രശംസിച്ച് അല്ലു അർജുൻ. കേരളത്തിലെ വലിയ മെഗാസ്റ്റാറായ മമ്മൂട്ടിയുടെ മകനായിട്ടും, താരപരിവേഷം പ്രകടിപ്പിക്കാത്ത വ്യക്തിയാണ് ദുൽഖറെന്ന് അദ്ദേഹം പറഞ്ഞു. ദുൽഖർ സൽമാൻ നായകനാകുന്ന തെലുങ്ക് ചിത്രം 'എ.ഒ.ടി'യുടെ ഹൈദരാബാദിലെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അല്ലു അർജുൻ.

To advertise here,

'കേരളത്തിലെ വലിയൊരു മെഗാസ്റ്റാറായ മമ്മൂട്ടി ഗാരുവിന്റെ മകനാണ് അദ്ദേഹം എന്ന് എല്ലാവർക്കും അറിയാം. എന്നാൽ, ഒരു താരപുത്രനായിട്ടും അദ്ദേഹം അത്രയേറെ വിനയം കാണിക്കുന്ന വ്യക്തിയാണ്. താരപരിവേഷം ഒരിക്കലും കാണിക്കില്ല', അല്ലു അർജുൻ വ്യക്തമാക്കി.

എല്ലാവരെയും ഒപ്പം ചേർത്തുനിർത്തുന്ന പ്രകൃതമാണ് ദുൽഖറിന്റേതെന്നും അല്ലു അർജുൻ പറഞ്ഞു. ഈ നല്ല ഗുണങ്ങളാണ് അദ്ദേഹത്തിന് ഇത്രയധികം വിജയങ്ങൾ നേടിക്കൊടുക്കുന്നതെന്നും താരം അഭിപ്രായപ്പെട്ടു.

എ.ഒ.ടി. ദുൽഖറിന്റെ അഭിനയ ജീവിതത്തിലെ മികച്ച നാഴികക്കല്ലാണ്. ദുൽഖർ ഇനിയും ഏറെ മുന്നോട്ട് പോകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അല്ലു അർജുൻ പറഞ്ഞു. 'സിനിമയോട് ഇത്രയധികം അഭിനിവേശമുള്ള ഒരാൾ തീർച്ചയായും ഇനിയും ഒരുപാട് ഉയരങ്ങളിലെത്തും. അദ്ദേഹത്തിന് എല്ലാവിധ വിജയങ്ങളും നേരുന്നു,' അദ്ദേഹം കൂട്ടിച്ചേർത്തു.

തെലുങ്ക് പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട മലയാളികളിൽ ഒരാളാണ് ദുൽഖർ സൽമാൻ എന്നും അല്ലു അർജുൻ കൂട്ടിച്ചേർത്തു. അവതാരക സുമ കനകലയ്ക്ക് ശേഷം തെലുങ്കിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന മലയാളി ദുൽഖറാണെന്നായിരുന്നു തമാശരൂപേണ അല്ലുവിന്റെ വാക്കുകൾ.

ദുൽഖറിനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന 'എ.ഒ.ടി'യിൽ ശ്രുതി ഹാസൻ, സാത്വിക വീരവല്ലി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നവംബർ 20-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. അന്നുതന്നെയാണ്, മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം 'ഓം: ഓപ്പറേഷൻ മോളും' പ്രദർശനത്തിനെത്തുന്നത്.