
സംഗീതസംവിധായകൻ ജോൺസണിന്റെ മകളും ഗായികയും സംഗീതസംവിധായികയുമായ ഷാൻ ജോൺസൺ വിടപറഞ്ഞിട്ട് പത്തുവർഷം പിന്നിട്ടിരിക്കുകയാണ്. 2016 ഫെബ്രുവരി അഞ്ചിനാണ് ഹൃദയാഘാതത്തെ തുടർന്ന് ഷാൻ ജോൺസൺ വിടപറയുന്നത്. ഇപ്പോഴിതാ ഷാനിന്റെ വേർപാടിൽ വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഗായകൻ ജി. വേണുഗോപാൽ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് വേണുഗോപാൽ ഷാൻ ജോൺസണെ അനുസ്മരിച്ചത്.
ഷാൻ സംഗീതം നൽകിയ ഗാനത്തിന് തന്റെ ശബ്ദം റെക്കോഡ് ചെയ്യാൻ വരാമെന്നുപറഞ്ഞ ദിവസമായിരുന്നു മരണമെന്ന് വേണുഗോപാൽ കുറിച്ചു. പ്രതിശ്രുതവരനൊപ്പം വീട്ടിൽ ഉച്ചഭക്ഷണത്തിനുവരാമെന്നും അതുകഴിഞ്ഞ് സ്റ്റുഡിയോയിൽ പോയി റെക്കോർഡ് ചെയ്യാമെന്നുമായിരുന്നു ഷാൻ പറഞ്ഞതെന്ന് അദ്ദേഹം ഓർക്കുന്നു. രാവിലെ പതിനൊന്നുമണി കഴിഞ്ഞതോടെയാണ് സംവിധായകൻ വിജി തമ്പി വിളിച്ച് ഷാനിന്റെ മരണവാർത്ത കേൾക്കുന്നുവെന്ന വിവരം അറിയിച്ചത്.
കൊച്ചുകുട്ടിയായിരിക്കുമ്പോൾ മുതൽ ഷാനിനെ അറിയാമെന്നും സ്വന്തമായി ട്യൂൺ ചെയ്ത് വരികൾ എഴുതാൻ അന്നേ അവൾ താൽപര്യം കാണിച്ചിരുന്നുവെന്നും വേണുഗോപാൽ കുറിച്ചു. ഒരു സ്ലോ മോഷൻ റീൽ പോലെ ആ കുടുംബത്തിൻ്റെ സന്തോഷങ്ങൾ, ഓരോന്നായ് കാലം തല്ലിക്കൊഴിക്കുന്നത് കൺമുന്നിൽ കണ്ടുവെന്നും വിധിയുടെ ക്രൂര വിനോദങ്ങൾക്ക് ഇരയായവരാണ് ആ കുടുംബമെന്നും കുറിപ്പിലുണ്ട്.
2011 ഓഗസ്റ്റിലാണ് ജോൺസൺ അന്തരിച്ചത്. 2012 ഫെബ്രുവരിയിൽ മകൻ റെൻ ജോൺസണും ബൈക്ക് അപകടത്തിൽ മരിച്ചിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഷാൻ ജോൺസൺ അകാലത്തിൽ യാത്ര പറഞ്ഞിട്ട് ഇന്ന് പത്ത് വർഷം തികയുന്നു. ആ ഫെബ്രുവരി അഞ്ച് വൈകുന്നേരം, തിരുവനന്തപുരത്ത് അവൾ സംഗീതം നൽകിയ ഒരു ഗാനത്തിന് എൻ്റെ ശബ്ദം റിക്കാർഡ് ചെയ്യാൻ വരും എന്ന് പറഞ്ഞ ദിവസം. അന്ന് അവളുടെ പ്രതിശ്രുത വരനോടൊപ്പം എൻ്റെ വീട്ടിൽ ലഞ്ചിനു വരാം, അത് കഴിഞ്ഞ് സ്റ്റുഡിയോയിൽ നമുക്ക് പോകാം എന്നായിരുന്നു പ്ലാൻ. രാവിലെ ഏതാണ്ടൊരു പതിനൊന്ന് മണി കഴിഞ്ഞപ്പോൾ സംവിധായകൻ വിജി തമ്പിയുടെ ഫോൺ കാൾ. ഷാനിൻ്റ മരണ വാർത്ത കേൾക്കുന്നു, എന്തെങ്കിലും സ്ഥിരീകരണം ഉണ്ടോ ? ഈ വാർത്ത സത്യമാകരുതെ എന്ന പ്രാർത്ഥനയിൽ അറിയാവുന്ന പലരേയും വിളിച്ചു. ഏഷ്യാനെറ്റ് ന്യൂസ് അപ്പോഴേയ്ക്കും scrolling news ആയി കൊടുത്തു തുടങ്ങിയിരുന്നു.
വളരെ കൊച്ചു കുട്ടിയായിരിക്കുമ്പോൾ മുതൽ അവളെ അറിയാം. കിന്നരിയുള്ള കുപ്പായവും നടക്കുമ്പോൾ കരയുന്ന ഷൂസുമായി ജോൺസേട്ടൻ്റെ വിരലിൽ തൂങ്ങി സ്റ്റുഡിയോയിൽ വരുന്ന ഒരു മാലാഖ കൊച്ച്. കുറച്ച് ഗിറ്റാർ വായിക്കുമായിരുന്നു. സ്വന്തമായ് ട്യൂൺ ചെയ്ത് വരികൾ എഴുതാൻ അവൾ അന്നേ താൽപ്പര്യം കാണിച്ചിരുന്നു.
"ഇതൊരു ഡ്യുയറ്റ് ആണ്. സുജാത ആൻ്റിയുടെ ശബ്ദം റിക്കാർഡ് ചെയ്ത് കഴിഞ്ഞു. അങ്കിളിപ്പോൾ പ്രതിഫലം എത്രയാ വാങ്ങുന്നത് " ?
ഞാനവളെ വഴക്കു പറഞ്ഞു അന്ന്.
ഷാനിനും അവളുടെ പ്രതിശ്രുത വരനും ഉച്ചഭക്ഷണം തയ്യാറാക്കിയ ഞങ്ങൾ അവളുടെ മരണവാർത്ത കേട്ട് വിറങ്ങലിച്ചിരുന്നു പോയി. ഒരു സ്ലോ മോഷൻ റീൽ പോലെ ആ കുടുംബത്തിൻ്റെ സന്തോഷങ്ങൾ, ഓരോന്നായ് കാലം തല്ലിക്കൊഴിക്കുന്നത് കൺമുന്നിൽ കണ്ടു. വിധിയുടെ ക്രൂര വിനോദങ്ങൾക്ക് ഇരയായവർ !!
" ഇളവെയിൽ കൊണ്ടു നാം നടന്ന നാളുകൾ.....
ഇടവഴിയിൽ ഹൃദയങ്ങൾ തുറന്ന വേളകൾ "
രചനയും ഗാന ആൽബം നിർമ്മാണവും: ഉണ്ണി മാഞ്ഞാലി
സംഗീതം: ഷാൻ ജോൺസൺ
ഗായകർ: ജി വേണുഗോപാൽ, സുജാത.
ഗാനം യൂട്യൂബ് ലിങ്ക് കമൻ്റ്സിൽ കൊടുത്തിരിക്കുന്നു. VG
Content Highlights: Singer G. Venugopal pens a heartfelt tribute to composer Shan Johnson on her 10th death anniversary.
Published: 05 Feb 2026, 02:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented