ന്യൂയോർക്ക്: വ്യത്യസ്തമായ ആലാപനശൈലിയും രചനാവൈഭവവും കൊണ്ട് അമേരിക്കൻ നാടോടിസംഗീതരംഗത്ത് വ്യത്യസ്തമായ പാത ഒരുക്കിയ ഗായിക ഡോളി പാർട്ടൺ (80) അന്തരിച്ചു. വാൻഡെർഫിൽറ്റ് ഇൻഗ്രാം കാൻസർ സെന്ററിലായിരുന്നു അന്ത്യമെന്ന് ബന്ധുക്കൾ അറിയിച്ചു. ജോലീൻ, മെനി കളേഴ്‌സ്, ഐ വിൽ ഓൾവെയ്‌സ് ലവ് യു തുടങ്ങിയ ഡോളിയുടെ ആൽബങ്ങൾക്ക് വമ്പൻ ഹിറ്റുകളാണ്.
വ്യത്യസ്തമായ ആലാപനശൈലിയും ആകാരഭംഗിയും സവിശേഷമായ വേഷവിതാനങ്ങളുമായിരുന്നു ഡോളിയെ മറ്റ് സംഗീതപ്രതിഭകളിൽ നിന്ന് വേറിട്ടുനിർത്തിയത്. ദേശ, ഭാഷാ, സാാസ്‌കാരിക അതിർവരമ്പുകളെ മുഴുവൻ ഭേദിക്കുന്നതായിരുന്നു ഡോളിയുടെ ഗാനങ്ങളും അതുണ്ടാക്കിയ കീർത്തിയും സ്വാധീനവും. നൂറ് കണക്കിന് ഗാനങ്ങൾ രചിച്ചിട്ടുണ്ട് ഡോളി. ഒരു കാലത്ത് ഈ ആൽബങ്ങൾ ചൂടപ്പം പോലെ വിറ്റുപോയിരുന്നു. ഇന്നതിന് ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് യൂട്യൂബിലുള്ളത്.
സംഗീതത്തിന് പുറത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളിലും അവർ സജീവമായിരുന്നു. സംഗീതവും അതിൽ നിന്നുള്ള വരുമാനവുമായിരുന്നു അതിനായി അവർ കണ്ടെത്തിയ വഴി. ദാരിദ്ര്യം കാരണം ചെറുപ്പകാലത്ത് പഠനം അവസാനിപ്പിക്കേണ്ടിവന്ന അച്ഛന്റെ സ്മരണയിൽ കുട്ടികൾക്ക് സൗജന്യമായി വിദ്യാഭ്യാസം നൽകുന്ന പ്രവർത്തനങ്ങളിലും അവർ സജീവമായിരുന്നു.
ടെന്നിസിയിലെ ഒരു കൊച്ചുവീട്ടിൽ കടുത്ത ദാരിദ്രത്തിലായിരുന്നു അവർ പിറന്നുവീണത്. പന്ത്രണ്ട് മക്കളുള്ള കുടുംബത്തിലെ പട്ടണിയിലും സംഗീതമായിരുന്നു അവർക്ക് കൂട്ട്. പത്താം വയസ് മുതൽ തന്നെ ഗിറ്റാർ പഠിച്ചുതുടങ്ങി. നാട്ടിലെ പള്ളിയിലാണ് ആദ്യമായി പാടിത്തുടങ്ങിയത്. പിന്നീട് പ്രാദേശിക ടെലിവിഷൻ ചാനലുകളിൽ പരിപാടികൾ അവതരിപ്പിച്ചു. നാഷ്‌വെില്ലെയിലെ ഒരു പരിപാടിക്കിടെയാണ് പ്രശസ്ത സംഗീതസജ്ഞൻ ജോണി കാഷ് അവരെ ശ്രദ്ധിക്കുന്നത്. അങ്ങനെ ഈസ്റ്റ് ടെന്നിസിയിൽ നിന്നുള്ള ബാലിക എന്ന ആമുഖത്തോടെ സംഗീതലോകത്തിന് പരിചയപ്പെടുത്തി. അങ്ങനെയാണ് ഒരുപിടി ഗാനങ്ങളുമായി അമ്മാവൻ ബിൽ ഓവൻസിനൊപ്പം നാഷ്‌വില്ലെയിൽ എത്തുന്നത്. അവിടെ നിന്നാണ് ഉയർച്ചയുടെ നാളുകൾ തുടങ്ങുന്നത്. എഴുപതുകളുടെ മധ്യത്തോടെ അവർ സംഗീതലോകത്ത് അറിയപ്പെട്ടുതുടങ്ങി. പിന്നീട് പോർട്ടർ വാഗ്‌നർക്കൊപ്പം അവർ സംഗീതരംഗത്ത് പുതിയൊരു പാത വെട്ടിത്തുറന്നു. അങ്ങനെ 1967ൽ ദി ലാസറ്റ് തിങ് ഓൺ മൈ മൈൻഡ് എന്ന ആദ്യത്തെ ആൽബം പുറത്തിറങ്ങി. ആ വർഷം തന്നെ സ്വന്തം കമ്പനിയും ആരംഭിച്ചു. അവരുടെ ഡ്യുയറ്റുകളായിരുന്നു തുടക്കകാലത്ത് റേഡിയോയിലെ വലിയ ഹിറ്റുകൾ. ഇക്കാലത്താണ് നാടോടി സംഗീതത്തെ അവർ പോപ്പിന്റെ മേമ്പൊടി ചാർത്തി സ്വന്തമായ ഒരു ശൈലിയിൽ അവതരിപ്പിച്ചുതുടങ്ങിയത്. അങ്ങനെ ജോഷ്വ എന്ന അവരുടെ ആദ്യത്തെ സോളോ ആൽബം വലിയ തരംഗമായി. കുട്ടിക്കാലത്ത് കണ്ട അമ്മയുടെ കഷ്ടപ്പാടുകൾ ബൈബിൾ കഥകളുടെ ചരടിയിൽ കോർത്തുകൊണ്ട് വിവരിക്കുന്ന അവരുടെ ആത്മകഥാപരമായ കോട്ട് ഓഫ് മെനി കളേഴ്‌സും വലിയ വിപ്ലവമാണ് സംഗീതലോകത്ത് സൃഷ്ടിച്ചത്. അത് പിന്നീട് കുട്ടികൾക്കുള്ള പുസ്തകവും സിനിമയുമൊക്കെയായി.
പിന്നീട് ജൊലീനയിലൂടെ നാടോടി സംഗീതത്തിന് വേറിട്ടൊരു ശൈലി സമ്മാനിച്ചു. അത് പിൽക്കാലത്തെ അമേരിക്കൻ നാടോടി സംഗീതത്തിന്റെ തന്നെ വാർപ്പുമാതൃകയായി മാറി. ഐ വിൽ ഓൾവെയ്ൽസ് ലവ് യു എന്ന വമ്പൻ ഹിറ്റ് പുറത്തിറങ്ങിയശേഷം വാഗ്‌നറുമായി തെറ്റിപ്പിരിഞ്ഞു. ഈ പിണക്കം വലിയ കോടതി വ്യവഹാരങ്ങൾക്കും വഴിവെച്ചു. വിറ്റ്‌നി ഹൂസ്റ്റൺ ഈ ഗാനം തന്റേതായി ശൈലിയിൽ അവതരിപ്പിച്ച് ദി ബോഡിഗാർഡ് എന്ന ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ഇതിനാണ് 1994ൽ ഹൂസ്റ്റണിന് ഗ്രാമി പുരസ്‌കാരം ലഭിച്ചത്. അന്ന് പുരസ്‌കാരം സമ്മാനിച്ചത് ഡേളി പാർട്ടണായിരുന്നു. ഹിയർ യു കം എഗെയ്ൻ എന്ന ഗാനത്തിന്റെ ആലാപനത്തിന് 1979ൽ പാർട്ടണർക്കും ഗ്രാമി ലഭിച്ചു. ഇതടക്കം 55 നോമിനേഷൻ ലഭിച്ച അവർക്ക് പത്ത് തവണ പുരസ്‌കാരവും സ്വന്തമാക്കാനായി. ഏറ്റവും കൂടുതൽ നോമിനേഷൻ ലഭിക്കുന്ന മൂന്നാമത്തെ കലാകാരിയാണ് ഡോളി.
ആലാപനവും നർമ്മം കലർന്ന പ്രകടനവും കൊണ്ട് സംഗീതലോകത്തെ ഡോളി കീഴ്‌പ്പെടുത്തിയ കാലമായിരുന്നു അത്. സ്വന്തമായി ഗാനരചന നിർവഹിക്കുകയും അവയ്ക്ക് സംഗീതം നൽകി സ്വയം ആലപിക്കുകയും ആ ആൽബങ്ങൾ സ്വന്തമായി പുറത്തിറക്കുകയും അതിന്റെ മാർക്കറ്റിങ്ങിന്റയും സാമ്പത്തിക കാര്യങ്ങളുടെയുമെല്ലാം മേൽനോട്ടം തനിച്ച് നിർവഹിക്കുകയും ചെയ്ത ഡോളി അക്കാലത്ത് തന്നെ സ്ത്രീശാക്തീകരണത്തിന്റെയും സ്ത്രീകളുടെ സ്വയംപര്യാപ്തതയുടെയും ഉത്തമ മാതൃകയായി വാഴ്ത്തപ്പെട്ടിരുന്നു.
നിരവധി ചിത്രങ്ങളലും ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുണ്ട് ഡോളി. എന്നാൽ, താൻ ഒരിക്കലും തന്നെ ഒരു അഭിനേതാവായി കണക്കാക്കിയിട്ടില്ലെന്നാണ് ഡോളി പറയാറുള്ളത്. അപ്പലാച്ച്യൻ പർവതമേഖലയിലെ സംഗീതത്തിനും നാടോടി സംസ്‌കൃതിക്കും ഊന്നൽ കൊടുത്തുകൊണ്ട് അവർ ടെന്നിസിയിൽ ഡോളിവുഡ് എന്നൊരു അമ്യൂസ്‌മെന്റ് പാർക്കും തുടങ്ങിയിരുന്നു.
അറുപതുകളുടെ അവസാന അവർ കാൾ ഡീനിനെ വിവാഹം കഴിച്ചു. കഴിഞ്ഞ വർഷമായി ഡീൻ മരിച്ചത്.
Content Highlights: Legendary American country music singer Dolly Parton passed away at the age of 80., Known for iconic hits like 'Jolene', 'Coat of Many Colors', and 'I Will Always Love You'., A 10-time Grammy Award winner and influential figure in country music and philanthropy.
Published: 26 Aug 2026, 10:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented