ചെന്നൈ: കരൂരിൽ തമിഴക വെട്രി കഴകം റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 40 പേർ മരിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ സത്യരാജ്. പാർട്ടി നേതാവും നടനുമായ വിജയ്ക്കെതിരെ രൂക്ഷവിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. തെറ്റ് ചെയ്തവർ അത് തിരുത്താൻ ശ്രമിക്കണമെന്ന് നടൻ ആവശ്യപ്പെട്ടു.

To advertise here,

"കരൂരിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തോട് എന്റെ അഗാധമായ ദുഃഖം അറിയിക്കുന്നു. പിഴവ് അറിയാതെ സംഭവിക്കുന്നതാണ്. തെറ്റ് അറിഞ്ഞു കൊണ്ട് ചെയ്യുന്നതാണ്. പിഴവ് സംഭവിച്ചവർ തിരുത്താൻ ശ്രമിക്കണം. തെറ്റ് ചെയ്തവർ ആവർത്തിക്കാതിരിക്കാൻ നോക്കണം. ചെറിയ പിഴവാണെങ്കിൽ തിരുത്തണം. അറിയാതെ സംഭവിച്ചതാണെങ്കിൽ ഇനി ആവർത്തിക്കാതെ നോക്കണം. ഛെ". സത്യരാജിന്റെ വാക്കുകൾ.

നേരത്തേ ശരത്കുമാർ, വിശാൽ എന്നിവരും വിജയ്ക്ക് വിമർശനവുമായെത്തിയിരുന്നു. ദുരന്തത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും വിജയ് ഏറ്റെടുക്കണമെന്നാണ് ശരത്കുമാർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്. ഒരു പാർട്ടി നേതാവ് സ്വന്തം സുരക്ഷ ഉറപ്പാക്കിയാൽ മാത്രം പോരാ. തന്റെ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുക എന്നതായിരിക്കണം അദ്ദേഹത്തിന്റെ പ്രാഥമിക കടമയെന്നും ശരത്കുമാർ അഭിപ്രായപ്പെട്ടു. തീര്‍ത്തും അസംബന്ധമായ കാര്യമാണ് നടന്നതെന്നും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ടിവികെ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് വിശാല്‍ വ്യക്തമാക്കിയത്.

അതേസമയം കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് വിജയ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. പരിക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്രയും വലിയൊരു നഷ്ടത്തിന് മുന്നിൽ ഈ തുക ഒന്നുമല്ല. എങ്കിലും, ഈ നിമിഷത്തിൽ, നിങ്ങളുടെ കുടുംബത്തിൽപ്പെട്ട ഒരാളെന്ന നിലയിൽ, ദുരിതബാധിതർക്കൊപ്പം നിൽക്കുക എന്നത് തൻ്റെ കടമയാണെന്നും വിജയ് പറഞ്ഞിരുന്നു.