തിയേറ്ററുകളിൽ മികച്ച പ്രതികരണംനേടി പ്രദർശനം തുടരുകയാണ് നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത 'സർവം മായ'. പ്രേക്ഷകർക്ക് പുറമേ സിനിമാ മേഖലയ്ക്ക് അകത്തുനിന്നുമുള്ള പ്രമുഖരും ചിത്രത്തെ പ്രശംസിക്കുകയാണ്. സംവിധായകരായ അനുരാജ് മനോഹർ, ദേവദത്ത് ഷാജി, ആനന്ദ് ഏകർഷി, നടന്മാരായ ബേസിൽ ജോസഫ്, അൽത്താഫ് സലിം തുടങ്ങിയവർ ചിത്രത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ്.

To advertise here,

നനുത്ത കാറ്റ് പോലെ വന്ന് നമ്മുടെ ഹൃദയത്തിൽ തൊടുന്ന സിനിമ എന്നാണ് അനുരാജ് മനോഹർ സർവം മായയെ വിശേഷിപ്പിച്ചത്. അഖിൽ സത്യന്റെ പാച്ചുവും അത്ഭുതവിളക്കും ഏറെ ഇഷ്ടപ്പെട്ട സിനിമയാണ്, ആ പ്രതീക്ഷയും കൂടെ ചേർത്താണ് സിനിമയ്ക്ക് ടിക്കറ്റ് എടുത്തത്. നിവിൻ പോളി എന്ന നടന്റെ സ്വഭാവിക അഭിനയവും നർമ്മം കൈകാര്യം ചെയ്യാനുള്ള അയാളിലെ അസാധ്യ പാടവവും സംവിധായകൻ കൃത്യമായി ഉപയോഗിച്ചു. നിവിൻ-അജു കോമ്പിനേഷൻ സീനുകൾ സിനിമയുടെ രസച്ചരടിനെ മുറുക്കി. പ്രത്യകമായി മലയാളസിനിമയിൽ ഒരു നായികാ കഥാപാത്രവും കൂടെ ചുവടുറപ്പിക്കുകയാണെന്നും അനുരാജ് പറഞ്ഞു. നായിക റിയാ ഷിബുവിനേയും അദ്ദേഹം അഭിനന്ദിച്ചു.
 

വലിയ പുഞ്ചിരിയോടെയാണ് തിയേറ്ററിൽനിന്ന് ഇറങ്ങിയതെന്ന് ബേസിൽ ജോസഫ് പറയുന്നു. നിവിൻ തന്റെ കഴിവിന്റെ പരമാവധി അനായാസമായി ചെയ്യുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു. അജു വർഗീസും കഥാപാത്രം കുറ്റമറ്റ രീതിയിൽ അവതരിപ്പിച്ചു. റിയ അതിശയിപ്പിച്ചു. ഈ ക്രിസ്മസിനെ ഊഷ്മളമാക്കിയതിന് സർവം മായയ്ക്കും സംവിധായകൻ അഖിലിനും വലിയ നന്ദി. സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകരനോട് പ്രത്യേക സന്തോഷം അറിയിക്കുന്നു. വളരെ അഭിമാനമുണ്ട്. ഇത്തരം ലളിതവും സത്യസന്ധവും ആനന്ദകരവുമായ സിനിമകളാണ് നമുക്ക് കൂടുതൽ വേണ്ടതെന്നും ബേസിൽ പറഞ്ഞു.

ലളിതമായും സന്തോഷകരമായും രസകരമായും ഒരേസമയം നിൽക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും അഖിൽ സത്യൻ ഇത് ഇളംകാറ്റുപോലെ നേടിയെടുത്തെന്നും സംവിധായകൻ ആനന്ദ് ഏകർഷി പറഞ്ഞു. കുറച്ചേറെ കാലമായി മലയാളസിനിമയിൽനിന്ന് നഷ്ടപ്പെട്ട ആ ലളിതമായ ആലിംഗനമാണ് സർവം മായ. നിവിന്റെ സ്ക്രീനിലെ ആകർഷണീയത അവിശ്വസനീയമാണ്. യഥാർത്ഥ അദ്ഭുതം റിയ ഷിബു ആയിരുന്നു. എഴുതാൻ ബുദ്ധിമുട്ടുള്ളതും അവതരിപ്പിക്കാൻ അതിലേറെ പ്രയാസമുള്ളതുമായ കഥാപാത്രം അവർ ഭംഗിയായി ചെയ്തെന്നും ആനന്ദ് ഏകർഷി പറഞ്ഞു. മികച്ച ടീമുകളുണ്ടാകുന്നത് സൗഹൃദത്തിൽനിന്നാണെന്നതിന്റെ ഏറ്റവും വലിയ തെളിവാണീ ചിത്രമെന്ന് അൽത്താഫ് സലിം പറഞ്ഞു. ക്രൗഡ് പുള്ളർ, എന്റർടെയ്നർ ഗെയിമിലേക്ക് തിരിച്ചുവന്നുവെന്നും അടിച്ചു അണ്ണാ ബ്ലോക്ക്ബസ്റ്റർ എന്നുമായിരുന്നു സംവിധായകനും തിരക്കഥാകൃത്തുമായ ദേവദത്ത് ഷാജിയുടെ പ്രതികരണം.
 

മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഫയർഫ്‌ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. അഖിൽ സത്യൻ, രതിൻ രാധാകൃഷ്ണൻ എന്നിവരാണ് എഡിറ്റിംഗ് വിഭാഗം കൈകാര്യം ചെയ്യുന്നത്. സിനിമറ്റോഗ്രാഫി: ശരൺ വേലായുധൻ നിർവ്വഹിക്കുന്നു.