മേഘാലയയിലെ ഷില്ലോങ്ങിൽ നടന്ന ചെറി ബ്ലോസം ഫെസ്റ്റിവലിൽ പ്രശസ്ത അമേരിക്കൻ റാപ്പർ സ്വാേ ലീക്ക് (Swae Lee) നേരെ ആക്രമണം. സംഗീതപരിപാടിക്കിടെ കാണികളിലൊരാൾ റാപ്പറുടെ മുഖത്തേക്ക് ബിയർ ഒഴിക്കുകയായിരുന്നു. ഈ അപ്രതീക്ഷിത സംഭവത്തെ തുടർന്ന് സ്വാേ ലീ തന്റെ പ്രകടനം താൽക്കാലികമായി നിർത്തിവെക്കുകയും ബിയർ എറിഞ്ഞയാൾക്ക് വേദിയിൽ വെച്ച് പരസ്യമായി മുന്നറിയിപ്പ് നൽകുകയും ചെയ്തു.

To advertise here,

റേ സ്രെമർഡ് (Rae Sremmurd) ഗ്രൂപ്പിലെ അംഗമായ സ്വാേ ലീ തന്റെ പ്രശസ്തമായ 2016-ലെ ട്രാപ്പ് ഗാനമായ 'ബ്ലാക്ക് ബീറ്റിൽസ്' (Black Beatles) പാടുന്നതിനിടയിലാണ് ഇത്തരമൊരു അനിഷ്ട സംഭവം നടന്നത്. കാണികളിൽ നിന്നൊരാൾ ബിയർ ഒഴിച്ചത് മുഖത്തുപതിച്ച ഉടൻ തന്നെ സംഗീതം നിർത്താൻ സ്വാേ ലീ തന്റെ ഡിജെയോട് (DJ) ആവശ്യപ്പെട്ടു. ദേഷ്യത്തോടെ പ്രതികരിച്ച റാപ്പർ, സെക്യൂരിറ്റിയോട് അയാളെ വേദിയിൽ നിന്ന് ഉടൻ പുറത്താക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു.

സംഭവത്തിന് ശേഷം ടവൽ ഉപയോഗിച്ച് മുഖം തുടച്ച സ്വാേ ലീ, വീണ്ടും വേദിയിലേക്ക് തിരിച്ചെത്തി തന്റെ സംഗീതപരിപാടി വിജയകരമായി പൂർത്തിയാക്കി. സ്വോ ലീക്ക് മാത്രമല്ല ഈ ഫെസ്റ്റിവലിൽ സമാനരീതിയിലുള്ള ദുരനുഭവമുണ്ടായത്. മറ്റൊരു പ്രകടനത്തിനിടെ പോപ്പ് ഗായകനായ ഖാലിദിന് (Khalid) നേരെ കാണികളിലൊരാൾ ടി-ഷർട്ട് എറിഞ്ഞിരുന്നു.

മേഘാലയയിലെ ഭോയിരിംബോങ്ങിലുള്ള മദൻ കുർകലാങ് സ്പോർട്സ് കോംപ്ലക്സിൽ (Madan Kurkalang Sports Complex) നവംബർ 20, 21 തീയതികളിലാണ് ഷില്ലോങ് ചെറി ബ്ലോസം ഫെസ്റ്റിവൽ 2026 സംഘടിപ്പിച്ചത്. അന്താരാഷ്ട്ര കലാകാരന്മാരും ഇന്ത്യൻ ഗായകരും വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള കലാകാരന്മാരും പങ്കെടുത്ത സംഗീത മാമാങ്കമായിരുന്നു ഇത്. ആദ്യ ദിനത്തിൽ അമേരിക്കൻ റാപ്പർ നെല്ലി (Nelly), പോപ്പ്-റോക്ക് ബാൻഡ് 'ബോയ്സ് ലൈക്ക് ഗേൾസ്', ഇന്ത്യൻ ഗായകൻ ദർശൻ റാവൽ എന്നിവരുടെ പ്രകടനങ്ങൾ അരങ്ങേറി.

ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തിൽ ഖാലിദ്, സ്വാേ ലീ, ബ്രിട്ടീഷ് ഗായകൻ എലിയറ്റ് ജെയിംസ് റേ, സ്വീഡിഷ് ഇലക്ട്രോണിക് ജോഡികളായ ഗലാന്റിസ് എന്നിവർ വേദിയിലെത്തി. ഇന്ത്യൻ ഗായകൻ സഞ്ജു റാത്തോഡ് വേദിയിൽ സ്വാേ ലീക്കൊപ്പം അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടത് കാണികൾക്ക് ആവേശമായി. കൂടാതെ സ്ക്രൈബ് (Scribe), ഭയാനക് മൗത് (Bhayanak Maut), ജിഞ്ചർഫീറ്റ് (Gingerfeet) തുടങ്ങിയ പ്രമുഖ പ്രാദേശിക ബാൻഡുകളും പരിപാടിയിൽ അണിനിരന്നു.