പ്രേക്ഷകർ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു നിവിൻ പോളിയെയാണ് അഖിൽ സത്യൻ ഈ ചിത്രത്തിലൂടെ സമ്മാനിച്ചിരിക്കുന്നത്.

തമാശ, വൈകാരികത, കുടുംബ ബന്ധങ്ങൾ, പ്രണയം, ആക്ഷൻ... ഒരു നിവിൻ പോളി ആരാധകൻ പ്രതീക്ഷിക്കുന്നതെല്ലാം ചിട്ടയായി അടുക്കിവെച്ചിരിക്കുന്ന പാക്കേജ്. അതാണ് അഖിൽ സത്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന സർവം മായ. നിവിൻ പോളിയുടെ വമ്പൻ തിരിച്ചുവരവ് എന്ന് നിസ്സംശയം പറയാവുന്ന ചിത്രം. പാച്ചുവും അത്ഭുതവിളക്കും എന്ന ആദ്യചിത്രത്തിനുശേഷം തീർത്തും വ്യത്യസ്തമായ, തികച്ചും 'റീഫ്രഷിങ്' ആയ കഥാന്തരീക്ഷത്തിലേക്കാണ് അഖിൽ സത്യനും നിവിൻ പോളിയും കൂട്ടരും ചേർന്ന് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്.
ഒരു മ്യൂസിക് ട്രൂപ്പിൽ ഗിറ്റാറിസ്റ്റായ ഇന്ദൂട്ടി എന്ന പ്രഭേന്ദുവാണ് ചിത്രത്തിലെ നായകൻ. അച്ഛനുമായി പിണങ്ങിക്കഴിയുന്ന ഇദ്ദേഹത്തിന് തിരികെ കുടുംബത്തിലേക്ക് വരേണ്ടിവരുന്നു. ഇവിടെ ഇന്ദുവിന് നേരിടേണ്ടിവരുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളും അതിനെ ഇയാൾ എങ്ങനെ മറികടക്കുന്നുവെന്നുമാണ് ചിത്രം പറയുന്നത്. അത്യന്തം രസാവഹമായ രീതിയിലാണ് ചിത്രത്തിന്റെ അവതരണം. ആദ്യത്തെ പതിനഞ്ചുമിനിറ്റിൽത്തന്നെ പ്രധാനകഥാപാത്രം ആരാണെന്നും ഇയാളുടെ പശ്ചാത്തലം എന്താണെന്നും കൃത്യമായി പറഞ്ഞുവെയ്ക്കുന്നുണ്ട് സംവിധായകൻ. ഈ രസച്ചരട് മുറിയാതെ കൊണ്ടുപോകുന്നതിൽ അഖിൽ സത്യൻ വിജയിച്ചിട്ടുണ്ട്.
ആദ്യചിത്രത്തിന് പശ്ചാത്തലം മുംബൈ ആയിരുന്നെങ്കിൽ രണ്ടാം ചിത്രം കേരളത്തിലാണ് അഖിൽ സത്യൻ പ്രതിഷ്ഠിച്ചിരിക്കുന്നത്. അച്ഛൻ സത്യൻ അന്തിക്കാട് കേരളത്തെ പകർത്തിയതിന്റെ ഛായ പല ഫ്രെയിമുകളിലും കാണാം. കഥാപാത്രങ്ങളുടെ രൂപീകരണത്തിലും സ്വഭാവ സവിശേഷതകളും ഈ സത്യൻ അന്തിക്കാട് ടച്ച് കാണാൻ സാധിക്കും. ഹൊറർ ആണ് സിനിമയുടെ അടിസ്ഥാന സ്വഭാവം. പക്ഷേ ഹൊറർ എന്ന് കേൾക്കുമ്പോൾ പൊതുവേ മലയാളികളുടെ മനസിലേക്ക് വരുന്ന പ്രേതകഥയല്ല സർവം മായ. പ്രേതം എന്ന സങ്കല്പത്തെ ഫീൽഗുഡ് എന്ന ജോണറിലേക്ക് സമന്വയിപ്പിച്ചിരിക്കുകയാണ് അഖിൽ സത്യൻ. ഈ പ്രേതം ഒരിക്കലും ഒരാളെ പേടിപ്പിക്കുന്നതല്ല. മറിച്ച് ഇഷ്ടവും അടുപ്പവും തോന്നിപ്പിക്കുകയാണ് ചെയ്യുന്നത് എന്നിടത്താണ് സർവം മായ എന്ന ചിത്രം വ്യത്യസ്തമായ ചിത്രമാവുന്നത്. മലയാളത്തിൽ അത്രയധികം പരീക്ഷിക്കാത്ത ഒന്നാണ് ഫീൽഗുഡ് പ്ലസ് ഹൊറർ ജോണർ എന്നും പറയാം.
പ്രേക്ഷകർ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു നിവിൻ പോളിയെയാണ് അഖിൽ സത്യൻ ഈ ചിത്രത്തിലൂടെ സമ്മാനിച്ചിരിക്കുന്നത്. ഊർജസ്വലനായ, അബദ്ധം പറ്റുന്ന, ചമ്മുന്ന, നിരാശയനുഭവിക്കുന്ന, കണ്മുന്നിലെ സത്യം തിരിച്ചറിയുന്ന പ്രഭേന്ദുവായി കളം നിറഞ്ഞാടുകയാണ് നിവിൻ പോളി. ഉറ്റസുഹൃത്തായ രൂപ എന്ന രൂപേഷായി അജു വർഗീസും കയ്യടി നേടുന്നുണ്ട്. നിവിൻ-അജു കോമ്പോയിൽ നിന്ന് പ്രതീക്ഷിക്കുന്നതെല്ലാം ഇന്ദൂട്ടിയും രൂപയും ചേർന്ന് നൽകുന്നുണ്ട്. നായികയായ ഡെലൂലു ആയി റിയാ ഷിബു ഗംഭീരമായ പ്രകടനമാണ് കാഴ്ചവെച്ചത്. പ്രീതി മുകുന്ദൻ, മധു വാര്യർ, ജനാർദനൻ, വിനീത്, മേതിൽ ദേവിക, അരുൺ അജികുമാർ, ജയാ കുറുപ്പ്, അൽത്താഫ് സലിം, രഘുനാഥ് പലേരി, സൗമ്യ ഭാഗ്യൻപിള്ള എന്നിവരും മികച്ച പ്രകടനംതന്നെ കാഴ്ചവെച്ചു. എല്ലാ കഥാപാത്രങ്ങൾക്കും വ്യക്തമായ സ്പെയ്സ് നൽകിയിട്ടുണ്ട് എന്നതും എടുത്തുപറയണം.
ഹൊറർ എന്ന ഘടകം നിൽക്കുമ്പോൾ തന്നെ ഫീൽഗുഡ് തലം ഒരുപടി മുകളിൽ നിൽക്കുന്നുണ്ട്. ഈ ഫീൽഗുഡ് ലേയറിന് പിന്തുണ നൽകുന്ന തരത്തിലാണ് ഹൊററും പ്രവർത്തിക്കുന്നത് എന്നതാണ് ശ്രദ്ധേയം. കഥാപാത്രങ്ങൾ തമ്മിലുള്ള വൈകാരികമായ ബന്ധത്തിനും ബലമേകുന്നത് ഈ ഹൊറർ എലമെന്റ് ആണ് എന്നതും എടുത്തുപറയണം. എല്ലാം മറന്ന് ചിരിച്ച്, ആസ്വദിച്ച് കാണാവുന്ന ഒരു ചിത്രം കാണാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ സർവം മായക്ക് ധൈര്യസമേതം ടിക്കറ്റെടുക്കാം. ഫീൽഗുഡ് ആണ് സർവം മായ.
Content Highlights: Nivin Pauly's Come back, Sarvam Maya Review
Published: 25 Dec 2025, 02:25 pm IST
ABOUT THE AUTHOR

അഞ്ജയ് ദാസ്. എന്.ടി
anjaydas@mpp.co.inRelated Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented