വിഷയത്തിൽ വിജയ്‌യെ അറസ്റ്റ് ചെയ്യാൻ കഴിയാത്തതിലുള്ള നിരാശയാണ് വിനോദിനിക്കെന്ന് സനം ഷെട്ടി ആരോപിച്ചു.

നടി വിനോദിനി, സനം ഷെട്ടി | ഫോട്ടോ: Instagram
കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് തമിഴ് നടി വിനോദിനി നടത്തിയ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി നടി സനം ഷെട്ടി. ജനങ്ങൾക്ക് വലിയ വിലയൊന്നുമില്ലെന്ന് തോന്നിയതുകൊണ്ടാണ് അവരുടെ കാര്യത്തിൽ ഇടപെടുന്നത് കുറഞ്ഞതെന്ന വിനോദിനിയുടെ വാക്കുകളാണ് വിമർശനത്തിന് കാരണം. ദുരന്തബാധിതർ പോലും ആ വിഷയം മറന്നെന്നും വിനോദിനി പറഞ്ഞിരുന്നു. വിഷയത്തിൽ വിജയ്‌യെ അറസ്റ്റ് ചെയ്യാൻ കഴിയാത്തതിലുള്ള നിരാശയാണ് വിനോദിനിക്കെന്ന് സനം ഷെട്ടി ആരോപിച്ചു.
പൊതുജനങ്ങളുടെ വേദനയെ എങ്ങനെ ഇത്തരത്തിൽ അപമാനിക്കാൻ കഴിയുന്നുവെന്ന് സനം ഷെട്ടി ചോദിച്ചു. നിങ്ങൾക്ക് മനസാക്ഷിയോ കരുണയോ ഉണ്ടോ? ദുരന്തബാധിതരെ നിങ്ങൾ നേരിട്ട് പോയി കണ്ടിട്ടുണ്ടോ? നിങ്ങൾ അവരോട് സംസാരിച്ചോ? അവരുടെ പ്രശ്നം എന്താണെന്ന് ചോദിച്ചോ? ഒന്നും അറിയാതെ, വിഷയം മനസ്സിലാക്കാതെ, വിജയ്‌യെ അറസ്റ്റ് ചെയ്യാൻ കഴിയാത്തതിലുള്ള കടുത്ത നിരാശ മാത്രമാണ് നിങ്ങൾ കാണിക്കുന്നതെന്നും സനം ഷെട്ടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.
"ഇന്ന് നമ്മുടെ ഉരുക്കുവനിത, ജയലളിതയുടെ ഓർമ ദിനമാണ്. പത്ത് വർഷങ്ങൾക്ക് ശേഷവും അമ്മയെപ്പോലൊരു രാഷ്ട്രീയ നേതാവ് ഉയർന്നുവരാത്തത് എന്തുകൊണ്ടാണെന്ന് ജനങ്ങൾ ചേദിക്കുന്നു, ഞാനും ചോദിക്കുന്നു. ജനങ്ങൾക്ക് സംഭവിക്കുന്ന എല്ലാത്തിനും ജനങ്ങൾ തന്നെയാണ് കാരണം അതുകൊണ്ട് ജനങ്ങൾക്ക് വലിയ വിലയൊന്നുമില്ലെന്ന് പറയുന്ന ഇവർ എവിടെക്കിടക്കുന്നു.
വലിയ വൈറലാകുമെന്ന് കരുതി ട്രൈ ചെയ്തതാണ്. എന്നാൽ വീഡിയോ ഉദ്ദേശിച്ചത്ര റീച്ച് ആയില്ല. എനിക്കുതന്നെ ഈ വീഡിയോ ഒരുപാട് വൈകിയാണ് ലഭിച്ചത്. വീഡിയോ കണ്ടപ്പോൾ എനിക്ക് ബിപിയും ഉയർന്നു. മാഡം, നിങ്ങൾ ആരാണ്? നിങ്ങൾക്ക് എന്ത് വിലയുണ്ട്?
കരൂരിലെ ദുരന്തബാധിതരെ ഞാൻ നേരിട്ട് പോയി കണ്ടിട്ടുണ്ട്. നിങ്ങളെപ്പോലെ ഞാൻ രാഷ്ട്രീയക്കാരിയല്ല. എനിക്ക് ഒരു പാർട്ടിയുടെയും പിന്തുണയുമില്ല. എങ്കിലും അവരുടെ വേദന എനിക്ക് മനസിലാക്കാൻ കഴിഞ്ഞു. വലിയ സഹായമൊന്നും അവർക്കുവേണ്ടി ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ആ സമയത്ത് അവരുടെ കൂടെ നിൽക്കേണ്ടത് എന്റെ കടമയാണെന്ന് ഞാൻ മനസിലാക്കി. കരൂരിൽ ദുരന്തത്തിന് ഇരയായവർ പോലും പറയുന്നു നടന്നതിന് വിജയ് സാർ ഉത്തരവാദിയല്ലെന്ന്. ഇത് നിങ്ങൾക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് ആ ജനങ്ങൾ നിങ്ങൾക്ക് വിലയില്ലാത്തവരായി മാറിയത്. അവരുടെ വേദനയ്ക്കും വിലയില്ലാതായി മാറി. നിങ്ങൾ പാർട്ടിയിൽ നിന്ന് രാജിവച്ചത് നല്ല കാര്യമാണ്.
വീട്ടിൽ തന്നെ ഇരിക്കുന്നതാണ് നല്ലത്. ഞങ്ങൾക്ക് നിങ്ങളുടെ സേവനം ആവശ്യമില്ല. വിനോദിനി ഇത് പറയുമ്പോൾ അടുത്തിരിക്കുന്ന രണ്ട് പേർ കയ്യടിക്കുന്നുണ്ട്. അവരെക്കുറിച്ച് ഒന്നും പറയാനില്ല, സിംപ്ലി വേസ്റ്റ്." സനം ഷെട്ടിയുടെ വാക്കുകൾ.
സമൂഹമാധ്യമങ്ങളിൽ ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന വിഡിയോകൾ പോസ്റ്റ് ചെയ്യുന്നത് എന്തുകൊണ്ട് കുറഞ്ഞു എന്ന് ഒരു ചടങ്ങിനിടെ വിനോദിനിയോട് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചിരുന്നു. ഇതിനോടായിരുന്നു വിനോദിനിയുടെ വിവാദ മറുപടി, "ജനങ്ങൾക്ക് അത്ര വിലയൊന്നുമില്ലെന്ന് ഞാൻ മനസ്സിലാക്കി. അവർക്ക് വേണ്ടി സംസാരിക്കുന്നതിൽ വലിയ കാര്യമൊന്നുമില്ല. ജനങ്ങളോട് സംസാരിക്കുമ്പോൾ അത് സത്യമാണെന്ന് എനിക്ക് തോന്നുന്നു. ഉദാഹരണം പറഞ്ഞാൽ, 41 പേരാണ് കരൂരിൽ ജീവൻ വെടിഞ്ഞത്. അവരുടെ കുടുംബം പോലും ആ വിഷയം മറന്ന് മുന്നോട്ടുപോയി എന്നാണ് തോന്നുന്നത്. അവർക്ക് വേണ്ടി എന്തിന് സംസാരിക്കണം എന്ന് എനിക്ക് തോന്നി." ഇതായിരുന്നു വിനോദിനി പറഞ്ഞത്.
ഈ വർഷം ജനുവരിയിലാണ് നടി വിനോദിനി മക്കൾ നീതി മയ്യം പാർട്ടിയിൽ നിന്ന് രാജിവയ്ക്കുന്നതായി അറിയിച്ചത്. കരൂർ ദുരന്തമുണ്ടായപ്പോൾ വിജയ്യെ പിന്തുണച്ച് വിനോദിനി സോഷ്യൽ മീഡിയാ പോസ്റ്റിട്ടിരുന്നു.
Content Highlights: Actress Sanam Shetty strongly criticizes actress Vinodhini`s controversial remarks about the Karur Stampede victims, questioning her empathy and motives regarding actor Vijay.
Published: 06 Dec 2025, 03:47 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented