നടനും രാഷ്ട്രീയ നേതാവുമായ വിജയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ് തമിഴ് നടന്‍ ഷാം. സെപ്റ്റംബറിലാണ് കരൂരില്‍ വിജയ് നടത്തിയ ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരണപ്പെട്ടത്. ഈ സംഭവത്തിന് പിന്നാലെ വിജയ് ഹൃദയം തകര്‍ന്ന അവസ്ഥയിലായിരുന്നുവെന്ന് ഷാം പറയുന്നു. ആ സംഭവത്തിന് ശേഷം ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തോട് സംസാരിക്കാനായതെന്നും  ഓണ്‍ ദി ഡേറ്റ് വിത്ത് അഷര്‍ പോഡ്കാസ്റ്റില്‍ ഷാം പറഞ്ഞു.

To advertise here,

വിജയ് യുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ് താനെന്ന് ഷാം പോഡ്കാസ്റ്റില്‍ പറഞ്ഞു. “ദിവസേന അദ്ദേഹത്തിന് സന്ദേശം അയക്കാറുണ്ട്. ആഴ്ചയില്‍ ഒരിക്കലെങ്കിലും സംസാരിക്കാറുണ്ട്.”-ഷാം പറയുന്നു. “കരൂര്‍ സംഭവത്തിന് ശേഷം അദ്ദേഹം വല്ലാതെ ഹൃദയം തകര്‍ന്നുപോയി. വല്ലാത്ത വിഷമത്തിലായിരുന്നു. തന്റെ പൊതുയോഗത്തിനിടെ ഇങ്ങനെ ഒരു സംഭവം ഉണ്ടായതില്‍ അദ്ദേഹത്തിന് ഒരുപാട് കുറ്റബോധമുണ്ടായിരുന്നു. ആ സംഭവത്തിന് ശേഷം ഒരാഴ്ചയെങ്കിലുമെടുത്തു വിജയ്‌യുമായി സംസാരിക്കാന്‍.

ആറാമത്തെ ദിവസമാണെന്ന് തോന്നുന്നു അദ്ദേഹവുമായി സംസാരിച്ചത്. താന്‍ ഒക്കെ ആണെന്നും സംസാരിക്കാമെന്നും പറഞ്ഞു.” ഒരു മാസം മുഴുവന്‍ ആ വേദനയിലൂടെയാണ് വിജയ് കടന്നുപോയതെന്നും ഷാം പറയുന്നു.

കരൂര്‍ സംഭവം

2025 സെപ്റ്റംബര്‍ 27 ന് കരൂരില്‍ വിജയ് യുടെ ടിവികെ റാലിക്കിടെയാണ് തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരണപ്പെട്ടത്. നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റാലിക്കിടെ വിജയ് യെ കാണാന്‍ പരിമിതമായ സ്ഥലത്ത് വന്‍ ജനക്കൂട്ടമെത്തിയതാണ് അപകടകാരണം. സംഭവത്തില്‍ ജനറല്‍ സെക്രട്ടറി ടഎന്‍ ആനന്ദ് ഉള്‍പ്പെടെ വിവിധ ടിവികെ നേതാക്കള്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

'വാക്കുകളില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത അസഹനീയവും, വിവരണാതീതവുമായ വേദനയിലും ദുഃഖത്തിലുമാണ് താന്‍' എന്ന് ചെന്നൈയില്‍ തിരിച്ചെത്തിയ ശേഷം വിജയ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നു. സംഭവത്തിന് ശേഷം ഈ മാസം ആദ്യമാണ് വിജയ് ആദ്യമായി ഒരു പൊതുവേദിയില്‍ എത്തിയത്.

വെങ്കട് പ്രഭു സംവിധാനം ചെയ്ത ഗോട്ട് ആണ് വിജയ്‌യുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. രാഷ്ട്രീയ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന വിജയുടെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജനനായകന്‍ 2026 പൊങ്കലിന് പുറത്തിറങ്ങും.