ചെന്നൈ: 2026-ൽ തമിഴ് സിനിമാ വ്യവസായത്തെയും തിയേറ്ററുകളെയും പിടിച്ചുനിർത്തിയത് സൂര്യയുടെ മൂന്ന് ചിത്രങ്ങളാണെന്ന് പ്രമുഖ വിതരണക്കാരനും തിയേറ്റർ ഉടമയുമായ തിരുപ്പൂർ സുബ്രഹ്‌മണ്യം. 'കറുപ്പ്', 'വിശ്വനാഥ് & സൺസ്', 'സീൻ' എന്നീ ചിത്രങ്ങളിലൂടെ സൂര്യ കോളിളക്കം സൃഷ്ടിച്ചില്ലായിരുന്നെങ്കിൽ തിയേറ്ററുകൾ വലിയ പ്രതിസന്ധിയിലാകുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശ്രീ ശക്തി സിനിമാസിന്റെ യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലായിരുന്നു സുബ്രഹ്‌മണ്യത്തിന്റെ അഭിപ്രായപ്രകടനം.

To advertise here,

ഈ വർഷം 'മോദ രാത്രി' പോലുള്ള മികച്ച ചെറിയ ചിത്രങ്ങളും തമിഴിൽ ഇറങ്ങിയിട്ടുണ്ടെന്ന് അവതാരകൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് സിംഗിൾ സ്‌ക്രീൻ തിയേറ്ററുകളുടെ നിലനിൽപ്പിനെക്കുറിച്ച് സുബ്രഹ്‌മണ്യം തുറന്നുപറഞ്ഞത്. 'നടന്മാർ മാറേണ്ടതുണ്ട്. സൂര്യ ഈ വർഷം മൂന്ന് ഹിറ്റുകൾ സമ്മാനിച്ചതുകൊണ്ടാണ് വ്യവസായം നിലനിൽക്കുന്നത്. സൂര്യയുടെ മൂന്ന് സിനിമകളാണ് എല്ലാം രക്ഷിച്ചത്. ഒപ്പം 'ജയിലർ 2'-വും. ജനുവരിയിൽ റിലീസ് ചെയ്യേണ്ടിയിരുന്ന 'ജന നായകൻ' ഒടുവിൽ റിലീസ് ചെയ്തതും ഗുണകരമായി. മറ്റാർക്കും ഇതിനടുത്തെത്താൻ പോലും കഴിഞ്ഞിട്ടില്ല. മാസത്തിൽ ഒരു മുൻനിര നടന്റെ സിനിമയെങ്കിലും റിലീസ് ചെയ്തില്ലെങ്കിൽ സിംഗിൾ സ്‌ക്രീനുകളെ രക്ഷിക്കാനാവില്ല,' അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സിനിമയുടെ റിലീസിനുശേഷം പുതിയ സിനിമയുടെ സെറ്റിലേക്ക് പോലും മടങ്ങാത്ത താരങ്ങളെ സുബ്രഹ്‌മണ്യം രൂക്ഷമായി വിമർശിച്ചു. 'രണ്ട് വർഷം കൂടുമ്പോൾ ഒരു സിനിമ ചെയ്താൽ ശരിയാകില്ല. സൂരിയെ തന്നെ നോക്കൂ; 'മണ്ടാടി' റിലീസായിട്ട് മൂന്ന് മാസമായി, പക്ഷേ അടുത്ത സിനിമയുടെ ഷൂട്ടിംഗ് ഇതുവരെ തുടങ്ങിയിട്ടില്ല. ശിവകാർത്തികേയൻ ഒന്നര വർഷം കൂടുമ്പോഴാണ് ഒരു സിനിമ ചെയ്യുന്നത്. ധനുഷ്, ചിമ്പു, വിക്രം എന്നിവരെല്ലാം വർഷത്തിൽ ഒരു സിനിമ മാത്രമാണ് ചെയ്യുന്നത്. ഒരു നായകന് നേരിട്ട് അഭിനയിക്കാൻ 50 മുതൽ 70 ദിവസം വരെയാണ് വേണ്ടിവരുന്നത്. ബാക്കിയുള്ള സമയം ഇവർ രാമായണവും മഹാഭാരതവും വായിച്ചിരിക്കുകയാണോ? ഇതിൽ കൂടുതൽ സമയം ഒരു സിനിമയ്ക്ക് ആവശ്യമില്ല,' സുബ്രഹ്‌മണ്യം തുറന്നടിച്ചു.

നിരൂപക പ്രശംസ നേടിയതും വാണിജ്യപരമായി വൻ വിജയമായതുമായ നിരവധി ചിത്രങ്ങളാണ് 2026-ൽ തമിഴ് സിനിമ സമ്മാനിച്ചത്. രജനികാന്തിന്റെ 'ജയിലർ 2', വിജയ്യുടെ 'ജന നായകൻ', സൂര്യയുടെ 'കറുപ്പ്', 'വിശ്വനാഥ് & സൺസ്', 'സീൻ' എന്നിവയാണ് പട്ടികയിൽ മുന്നിലുള്ളത്. സൂരിയുടെ 'മണ്ടാടി', ലോകേഷ് കനകരാജിന്റെ 'ഡിസി', ധനുഷിന്റെ 'ഓം: ഓപ്പറേഷൻ മോൾ' എന്നിവയും ഈ വർഷത്തെ മികച്ച 10 ചിത്രങ്ങളിൽ ഇടംപിടിച്ചു.

റിഷികാന്തിന്റെ 'മോദ രാത്രി', സനത്തിനൊപ്പം അദ്ദേഹം ചെയ്ത 'ഡൊറോത്തി' എന്നിവ നിരൂപക പ്രശംസ നേടിയപ്പോൾ വിജയ് സേതുപതിയുടെ 'ബത്ത' പ്രേക്ഷകരുടെ വലിയ സ്‌നേഹം പിടിച്ചുപറ്റി. ആഗോള ബോക്‌സ് ഓഫീസിൽ 836.18 കോടി രൂപ നേടിയ 'ജയിലർ 2' ആണ് ഈ വർഷത്തെ ഏറ്റവും വലിയ കളക്ഷൻ നേടിയ തമിഴ് ചിത്രം. മൂന്ന് ചിത്രങ്ങളിലൂടെയായി സൂര്യമാത്രം ഈ വർഷം ബോക്‌സ് ഓഫീസിലേക്ക് സംഭാവന ചെയ്തത് 785.85 കോടി രൂപയാണ്.