മഹാരാജ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഹോളിവുഡ് താരം ടോം ഹാങ്ക്സിൽനിന്ന് ലഭിച്ച പ്രശംസയുടെ അമ്പരപ്പിലാണ് നടി സചന നമിദാസ്. അദ്ദേഹത്തിൽനിന്ന് ലഭിച്ച അഭിനന്ദനം ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്ന് അവർ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞു. വിജയ് സേതുപതിയെ നായകനാക്കി നിതിലൻ സ്വാമിനാഥനാണ് മഹാരാജ സംവിധാനം ചെയ്തത്. 'മഹാരാജ'യിൽ ആ വേഷം നൽകി തനിക്ക് പിന്തുണ നൽകിയതിന് സംവിധായകനോടും അവർ നന്ദി പറഞ്ഞു.

To advertise here,

"ഇത് സംഭവിച്ചുവെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ടോം ഹാങ്ക്സ് എന്നെയും എന്റെ യാത്രയെയും കുറിച്ച് സംസാരിക്കുന്നത് കേൾക്കുമ്പോൾ ഒരു സ്വപ്നം പോലെ തോന്നുന്നു. ചില നിമിഷങ്ങൾ വാക്കുകളിൽ ഒതുക്കാൻ കഴിയാത്തത്ര വിശേഷപ്പെട്ടതാണ്. ഈ നിമിഷത്തിന് എന്നേക്കും നന്ദി. 'മഹാരാജ'യുടെ ഭാഗമാകാൻ എനിക്ക് അവസരം തന്നതിന് ഞാൻ എപ്പോഴും നന്ദിയുള്ളവളായിരിക്കും. ഈ ചിത്രം എൻ്റെ ജീവിതത്തിലേക്ക് കൊണ്ടുവന്നതെല്ലാം എനിക്ക് എപ്പോഴും വളരെ സ്പെഷ്യലായിരിക്കും." സചനയുടെ വാക്കുകൾ.

ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയോട് സംസാരിക്കവേ അന്താരാഷ്ട്ര ടെലിവിഷൻ ആർട്സ് സയൻസസ് അക്കാദമി ബോർഡ് അംഗമായ കവിത ഗുപ്തയാണ് ടോം ഹാങ്ക്സ് 'മഹാരാജ'യെ അഭിനന്ദിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ഈ വർഷം ആദ്യം നടന്ന എൽഎസിഎംഎ (LACMA) ഗാലയിൽ വച്ച് കണ്ടുമുട്ടിയപ്പോൾ, നല്ല മൂന്ന് ഇന്ത്യൻ സിനിമകളെക്കുറിച്ച് ടോം ഹാങ്ക്സ് തന്നോട് ചോദിക്കുകയും, താൻ 'മഹാരാജ' ശുപാർശ ചെയ്യുകയുമായിരുന്നു. പിന്നീട് നവംബർ 7-ന് നടന്ന മറ്റൊരു ഗാലയിൽ കണ്ടുമുട്ടിയപ്പോൾ, ടോം ഹാങ്ക്സ് സ്വമേധയാ ഈ സിനിമയെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെക്കുകയായിരുന്നുവെന്നുമാണ് കവിത പറഞ്ഞത്.

"അദ്ദേഹം എന്നോട് ആദ്യം പറഞ്ഞത്, 'ആ പെൺകുട്ടിയെ എനിക്ക് ഇപ്പോഴും മറക്കാൻ കഴിയുന്നില്ല... അവിശ്വസനീയമെന്നേ ആ നടിയെക്കുറിച്ച് പറയാനാവൂ. എനിക്ക് അത് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല. ഞാൻ ആ വില്ലനെ കൊന്നേനെ!' എന്നായിരുന്നു," കവിത ഗുപ്ത പറഞ്ഞു.

നിതിലൻ സ്വാമിനാഥൻ രചനയും സംവിധാനവും നിർവ്വഹിച്ച 'മഹാരാജ', ലക്ഷ്മി എന്ന് പേരിട്ടിട്ടുള്ള ഒരു ചവറ്റുകുട്ട മോഷണം പോയെന്ന് കാണിച്ച് പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തുന്ന ഒരു ബാർബറുടെ (വിജയ് സേതുപതി) കഥയാണ് പറയുന്നത്. എന്നാൽ അദ്ദേഹത്തിന്റെ പരാതിക്ക് പിന്നിൽ വളരെ ഇരുണ്ട മറ്റൊരു ലക്ഷ്യമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തുന്നു. അനുരാഗ് കശ്യപ്, നാട്ടി സുബ്രഹ്മണ്യം, മംമ്ത മോഹൻദാസ് എന്നിവരും അഭിനയിച്ച ചിത്രം റിലീസ് ചെയ്തപ്പോൾ വലിയ പ്രശംസ നേടിയിരുന്നു. ചിത്രത്തിൽ സേതുപതിയുടെ മകളായ ജ്യോതിയായി വേഷമിട്ട സചനയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും ലഭിച്ചിരുന്നു.

ചിത്രത്തിൻ്റെ രണ്ടാം ഭാഗവും ഹോളിവുഡ് റീമേക്കും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഹോളിവുഡ് റീമേക്കിൽ ഒരു വേഷം ചെയ്യാൻ തനിക്ക് താല്പര്യമുണ്ടെന്ന് വിജയ് സേതുപതി വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, സംവിധായകൻ നിഥിലൻ സാമിനാഥൻ 'മഹാരാജ 2'-ൻ്റെ കഥ തന്നോട് പറഞ്ഞതായി വിജയ് സേതുപതി വെളിപ്പെടുത്തിയിട്ടുണ്ട്.