To advertise here,

ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലെ ഗാന്ധി മെഡൽ ഗാസയിലെ കുട്ടികൾക്ക് സമർപ്പിച്ച തുർക്കി ചിത്രം 'റഹ്‌മ'യുടെ അണിയറ പ്രവർത്തകർക്കെതിരെ ഇസ്രയേൽ. ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ നിലപാട് കാപട്യമാണെന്ന് ഇന്ത്യയിലെ ഇസ്രയേൽ കോൺസൽ ജനറൽ യാനിവ് റെവാച്ച് കുറ്റപ്പെടുത്തി. മിഡിൽ ഈസ്റ്റിലെ ഏക ജനാധിപത്യരാജ്യമാണ് ഇസ്രയേൽ. ഇന്ത്യ- ഇസ്രയേൽ ബന്ധത്തിൽ വിള്ളലുണ്ടാക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമം. ഇന്ത്യയും ഇസ്രയേലും ഭീകരവാദത്തിന്റെ ഇരകളാണ്. എന്നാൽ, അതിന്റെ പ്രഭവകേന്ദ്രമായി കരുതപ്പെടുന്ന രാജ്യവുമായി സഹോദരതുല്യമായ ബന്ധം പുലർത്തുന്ന രാജ്യമാണ് തുർക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'ഗോവ രാജ്യാന്തര ചലച്ചിത്ര മേളയുടെ പുരസ്‌കാരദാനച്ചടങ്ങ് ഹൈജാക്ക് ചെയ്യാനുള്ള തുർക്കി സിനിമ 'റഹ്‌മ'യുടെ അണിയറ പ്രവർത്തകരുടെ ശ്രമത്തിൽ എനിക്ക് അതീവ ദുഃഖമുണ്ട്. 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ഭീകരാക്രമണത്തെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടാതെയാണ് ഇവർ ഗാസയിലെ സാധാരണക്കാരുടെ മരണത്തെയും നാശനഷ്ടങ്ങളെയും കുറിച്ച് സംസാരിച്ചത്. ഏകദേശം 1,200 നിരപരാധികളായ ഇസ്രയേലികൾ കൊല്ലപ്പെടുകയും, 250-ഓളം പേരെ തട്ടിക്കൊണ്ടുപോവുകയും കുഞ്ഞുങ്ങളെ ജീവനോടെ ചുട്ടുകൊല്ലുകയും സ്ത്രീകൾ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാവുകയും ചെയ്ത ആ ഭീകരസംഭവത്തെ അവഗണിച്ചുകൊണ്ട്, ഇവർ ഒരു അന്താരാഷ്ട്ര ചലച്ചിത്ര വേദിയെ രാഷ്ട്രീയ പ്രചാരണത്തിനുള്ള വേദിയാക്കി മാറ്റാൻ ശ്രമിച്ചു. യഥാർഥ മാനുഷിക പരിഗണനയല്ല, മറിച്ച് രാഷ്ട്രീയ അജണ്ടയാണ് ഇതിലൂടെ വെളിപ്പെട്ടത്', ഇസ്രയേൽ നയതന്ത്ര ഉദ്യോഗസ്ഥൻ എക്‌സിൽ കുറിച്ചു.

'മിഡിൽ ഈസ്റ്റിലെ ഏക ജനാധിപത്യ രാജ്യമാണ് ഇസ്രയേൽ. വിയോജിക്കാനും വിമർശിക്കാനുമുള്ള അവകാശത്തെ ഞങ്ങൾ മാനിക്കുന്നു. എന്നാൽ, 'റഹ്‌മ' എന്ന ചിത്രത്തിന്റെ പ്രതിനിധികൾ തുർക്കിയിൽ നിന്നുള്ളവരാണെന്നത് ശ്രദ്ധേയമാണ്. അർമേനിയൻ വംശഹത്യ നടത്തിയ രാജ്യമാണ് തുർക്കി; അത് അംഗീകരിക്കാൻ പോലും അവർ ഇന്നും തയ്യാറായിട്ടില്ല. മാത്രമല്ല, തുർക്കിയിൽ രാഷ്ട്രീയ എതിരാളികൾ ജയിലിലടയ്ക്കപ്പെടുകയും അഭിപ്രായസ്വാതന്ത്ര്യം കർശനമായി നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെയുള്ള ഒരു രാജ്യത്തുനിന്നുവന്ന്, മാനുഷിക മൂല്യങ്ങളെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും മറ്റുള്ളവരെ ഉപദേശിക്കാൻ തുനിയുന്നത് കടുത്ത കാപട്യമാണ്', അദ്ദേഹം കുറ്റപ്പെടുത്തി.

'ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കാനും, ഭിന്നത സൃഷ്ടിക്കാനുമുള്ള ദുരുദ്ദേശ്യത്തോടെയാണ് ഇവർ ഇത്തരം പരാമർശങ്ങൾ നടത്തിയതെന്ന് വ്യക്തമാണ്. 'റഹ്‌മ'യുടെ അണിയറപ്രവർത്തകരെ ഒന്നു ഓർമ്മിപ്പിക്കട്ടെ: ഇന്ത്യയും ഇസ്രായേലും ഭീകരവാദത്തിന്റെ ഇരകളാണ്. അതേസമയം, ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായി കരുതപ്പെടുന്ന ഒരു രാജ്യവുമായി തുർക്കി 'സഹോദരതുല്യമായ' ബന്ധമാണ് പുലർത്തുന്നത്', പ്രസ്താവനയിൽ പറയുന്നു.

'ഇത്തരത്തിലുള്ള വിലകുറഞ്ഞ പ്രചാരണ തന്ത്രങ്ങൾ ഇന്ത്യ- ഇസ്രയേൽ ബന്ധത്തെ ദുർബലപ്പെടുത്തില്ല. മറിച്ച്, ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും ഐക്യവും കൂടുതൽ ശക്തമാക്കുകയേയുള്ളൂ. ഈ അന്താരാഷ്ട്ര സാംസ്‌കാരിക വേദിയെ രാഷ്ട്രീയവത്കരിക്കുന്നതിനെതിരെ ശബ്ദമുയർത്താൻ, ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ വിവേകമുള്ളവരും ഉത്തരവാദിത്വബോധമുള്ളവരുമായ വ്യക്തികളോട് ഞാൻ അഭ്യർഥിക്കുന്നു. സിനിമ എന്നത് കലാപരമായ ആവിഷ്‌കാരത്തിനും മനുഷ്യർ തമ്മിലുള്ള പരസ്പര ധാരണയ്ക്കും വേണ്ടിയുള്ള മാധ്യമമാണ്; അല്ലാതെ, തിരഞ്ഞെടുത്ത വിഷയങ്ങളിൽ മാത്രം പ്രതിഷേധം പ്രകടിപ്പിക്കാനും രാഷ്ട്രീയ പ്രകടനങ്ങൾ നടത്താനുമുള്ള വേദിയല്ല', പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

57-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ 'റഹ്‌മ' എന്ന ചിത്രത്തിന് ലഭിച്ച ഐ.സി.എഫ്.ടി. യുനെസ്‌കോ ഗാന്ധി മെഡൽ തുർക്കിഷ് സംവിധായകൻ ഫൈസൽ സോയൽ ഗാസയിലെ കുട്ടികൾക്ക് സമർപ്പിച്ചിരുന്നു. 'നീതിക്കും സ്വാതന്ത്ര്യത്തിനും സമാധാനത്തിനും വേണ്ടി മാനവികതയെ തിരികെകൊണ്ടുവരാൻ ഇന്ന് നമുക്ക് ഗാന്ധിയെപ്പോലുള്ള നേതാക്കളെയാണ് ആവശ്യം,' എന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സോയൽ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. ഡോ. ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാതിരുന്ന സോയലിന് വേണ്ടി സുഹൃത്തും ഛായാഗ്രാഹകനുമായ എമ്രെ പെക്കാക്ർ ആണ് പുരസ്‌കാരം ഏറ്റുവാങ്ങിയതും സംവിധായകന്റെ സന്ദേശം വായിച്ചതും.

കഴിഞ്ഞ മൂന്ന് വർഷമായി ഗാസയിൽ കുട്ടികൾ പട്ടിണി മൂലം മരിച്ചുവീഴുകയും ആശുപത്രികൾ ബോംബാക്രമണങ്ങളിൽ തകർക്കപ്പെടുകയും ചെയ്യുമ്പോൾ, കൺമുന്നിൽ നടക്കുന്ന വംശഹത്യയ്ക്ക് മുന്നിൽ ലോകം നിസ്സഹായരായി നിൽകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭയവും സ്വാർഥതാൽപ്പര്യങ്ങളും കാരണം രാഷ്ട്രീയക്കാർ നിശ്ശബ്ദത പാലിച്ചപ്പോഴും മനഃസാക്ഷിയുള്ള ജനങ്ങൾ തെരുവിലിറങ്ങുകയും നിശ്ശബ്ദരായിരിക്കാൻ വിസമ്മതിക്കുകയും ചെയ്തുവെന്ന് സംവിധായകൻ ചൂണ്ടിക്കാട്ടി.