
പ്രഭുദേവ, യോഗി ബാബു, അജു വർഗീസ്, അർജുൻ അശോകൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'മൂൺവാക്ക്' സിനിമയുടെ ഔദ്യോഗിക ട്രെയ്‌ലർ പുറത്തിറങ്ങി. ബിഹൈൻഡ്വുഡ്സ് പ്രൊഡക്ഷൻസിന്റെ ആദ്യ ഫീച്ചർ ഫിലിമായ 'മൂൺവാക്ക്' ഡിസംബർ 24-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എ.ആർ. റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മൂന്ന് പതിറ്റാണ്ടുകൾക്കുശേഷം എ.ആർ. റഹ്‌മാനും പ്രഭുദേവയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സംഗീതത്തിനും നൃത്തത്തിനും ഹാസ്യത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന മുഴുനീള കോമഡി എന്റർടെയ്നറായിരിക്കും 'മൂൺവാക്ക്' എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ട്രെയ്‌ലർ പുറത്തിറക്കിയിട്ടുണ്ട്.
രസകരമായ മുഹൂർത്തങ്ങളും വ്യത്യസ്തമായ കോമഡി രംഗങ്ങളും ഒട്ടേറെ കൗതുകമുണർത്തുന്ന കഥാപാത്രങ്ങളുമാണ് ട്രെയ്‌ലറിന്റെ പ്രധാന ആകർഷണം. ട്രെയ്‌ലറിന്റെ അവസാന ഭാഗത്ത് എ.ആർ. റഹ്‌മാൻ പറയുന്ന ഒരു സംഭാഷണവും ശ്രദ്ധേയമാണ്. 'നാല് പേര് സന്തോഷമായി ചിരിക്കുന്നുണ്ടെങ്കിൽ അതിൽ തെറ്റൊന്നുമില്ല' എന്ന അർഥം വരുന്ന 'നാലു പേരു സന്തോഷമാ സിരിക്കറാങ്കന്നാ, ഏതുവും തപ്പില്ല' എന്ന സംഭാഷണം ചിത്രത്തിന്റെ അടിസ്ഥാന ആശയത്തെത്തന്നെ പ്രതിഫലിപ്പിക്കുന്നു. ആളുകളെ ഒരുമിപ്പിക്കാനും സന്തോഷം പകരാനും ചിരിയുടെ നിമിഷങ്ങൾ ആഘോഷിക്കാനുമുള്ള ലളിതവും മനോഹരവുമായ കാഴ്ചപ്പാടാണ് വാക്കുകളിലൂടെ പങ്കുവെക്കുന്നത്.
ഹാസ്യവും സംഗീതവും നൃത്തവും കോർത്തിണക്കിയ ഒരു പൂർണ ഫാമിലി എന്റർടെയ്‌നർ ചിത്രമായിരിക്കും 'മൂൺവാക്ക്'. ബിഹൈൻഡ്വുഡ്സിന്റെ സ്ഥാപകനും സി.ഇ.ഒയുമായ മനോജ് നിർമല ശ്രീധരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യോഗി ബാബു 16 വ്യത്യസ്ത വേഷങ്ങളിൽ എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രധാന സവിശേഷതയാണ്. പ്രേക്ഷകർക്ക് അപ്രതീക്ഷിതവും രസകരവുമായ നിരവധി മുഹൂർത്തങ്ങൾ സമ്മാനിക്കുന്നതായിരിക്കും കഥാപാത്രപ്പകർച്ചകൾ.
അജു വർഗീസ്, അർജുൻ അശോകൻ, സതീഷ് കുമാർ, നിഷ്മ ചെങ്കപ്പ, സുഷ്മിത നായക്, റെഡിൻ കിങ്‌സ്ലി, മൊട്ടൈ രാജേന്ദ്രൻ, ലോല്ലു സഭ സ്വാമിനാഥൻ, ദീപ ശങ്കർ, ഡോ. സന്തോഷ് ജേക്കബ്, രാംകുമാർ നടരാജൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
എ.ആർ. റഹ്‌മാന്റെ അതിഥിവേഷവും ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണമാണ്. ഇതിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ് അദ്ദേഹം. പ്രഭുദേവയുടെ നൃത്തപ്രകടനങ്ങൾക്ക് ഇസൈ പുയലിന്റെ ഗാനങ്ങളും പശ്ചാത്തലസംഗീതവും കൂടിയാകുമ്പോൾ പ്രേക്ഷകർക്ക് വേറിട്ടൊരു സംഗീതാനുഭവം തന്നെ ചിത്രം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.
യു/എ സർട്ടിഫിക്കേഷൻ ലഭിച്ചിരിക്കുന്ന ചിത്രം ബിഹൈൻഡ്വുഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മനോജ് നിർമല ശ്രീധരൻ, ദിവ്യ മനോജ്, പ്രവീൺ ഇലക് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഒരേസമയം ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ പദ്ധതി.
റോമിയോ പിക്ചേഴ്സിന്റെ രാഹുലാണ് ചിത്രത്തിന്റെ ആഗോളതലത്തിലുള്ള വിപുലമായ തിയേറ്റർ വിതരണത്തിന് നേതൃത്വം നൽകുന്നത്. വർഷാവസാനത്തെ അവധിക്കാല റിലീസായി ഡിസംബർ 24-ന് പ്രേക്ഷകരിലേക്കെത്തുന്ന 'മൂൺവാക്ക്' ചിരിയും പാട്ടും നൃത്തവുമായി കുടുംബങ്ങൾക്കൊന്നാകെ ആസ്വദിക്കാവുന്ന ആഘോഷമായിരിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. പി.ആർ.ഒ: ഹെയിൻസ്.
Content Highlights: The official trailer for Moonwalk has been released in Tamil, Telugu, and Hindi ahead of its December 24 worldwide theatrical release, reuniting A.R. Rahman and Prabhu Deva after three decades. Directed by Behindwoods founder and CEO Manoj Nirmala Sreedharan and produced by Behindwoods Productions with U/A certification, the comedy entertainer features Prabhu Deva, Yogi Babu in 16 roles, Aju Varghese, Arjun Ashokan, and a cameo acting appearance by A.R. Rahman
Published: 29 Nov 2026, 12:16 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented