സ്ത്രീകളുടെ ശരീരവും പ്രായവും സൗന്ദര്യവും എപ്പോഴും പൊതുസമൂഹത്തിന്റെ അളവുകോലുകൾക്കും വിചാരണകൾക്കും വിധേയമാകുന്നത് പുതിയൊരു സംഭവമല്ല. എന്നാൽ, മാതൃത്വത്തിനും പ്രായമാകുന്നതിനും പിന്നാലെ ഒരു സ്ത്രീയുടെ ശരീരത്തിലുണ്ടാകുന്ന സ്വാഭാവിക മാറ്റങ്ങളെപ്പോലും ക്രൂരമായ അധിക്ഷേപങ്ങൾക്കും പരിഹാസങ്ങൾക്കും ഇരയാക്കുന്ന ബോഡി ഷെയിമിങ് രീതികൾ സോഷ്യൽ മീഡിയയിൽ പതിവായിരിക്കുകയാണ്. പ്രസവത്തെ തുടർന്ന് ശരീരഭാരത്തിലുണ്ടായ മാറ്റങ്ങളുടെ പേരിൽ ബോളിവുഡ് താരം കത്രീന കൈഫ് കടുത്ത സൈബർ ആക്രമണങ്ങൾ നേരിട്ടപ്പോൾ, അത്തരം മനോഭാവങ്ങൾക്കെതിരെ അതിശക്തമായ ഭാഷയിൽ രംഗത്തുവന്നിരിക്കുകയാണ് നടിയും രാഷ്ട്രീയപ്രവർത്തകയുമായ ഖുശ്ബു സുന്ദർ.

To advertise here,

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ദീർഘമായ കുറിപ്പിലൂടെയാണ് ഖുശ്ബു സമൂഹത്തിന്റെ ഇരട്ടത്താപ്പിനെ അതിരൂക്ഷമായി വിമർശിച്ചത്. പുരുഷന്മാരുടെയും സ്ത്രീകളുടെയും വാർദ്ധക്യത്തെയും ശരീരമാറ്റങ്ങളെയും സമൂഹം രണ്ട് കണ്ണുകളിലൂടെ കാണുന്നത് എന്തുകൊണ്ടാണെന്ന് ഖുശ്ബു തുറന്നടിച്ചു. സ്ത്രീകളുടെ സൗന്ദര്യവും 'പ്രൈം ടൈമും' നിശ്ചയിക്കാൻ ഇവിടെ ആർക്കാണ് അവകാശമുള്ളതെന്ന ചോദ്യമാണ് അവർ സമൂഹത്തിന് മുന്നിലേക്ക് വെയ്ക്കുന്നത്

പുരുഷന്മാർക്ക് സാൽട്ട് ആൻഡ് പെപ്പർ സൗന്ദര്യം; സ്ത്രീകൾക്ക് പരിഹാസം

ഒരു പുരുഷൻ വയസ്സാവുമ്പോഴും അയാളുടെ ശരീരത്തിൽ മാറ്റങ്ങൾ വരുമ്പോഴും സമൂഹം നൽകുന്ന പരിഗണനയും, ഒരു സ്ത്രീക്ക് അതേ ഘട്ടത്തിൽ നേരിടേണ്ടി വരുന്ന അധിക്ഷേപങ്ങളും താരതമ്യം ചെയ്തുകൊണ്ടാണ് ഖുശ്ബു തന്റെ കുറിപ്പ് ആരംഭിക്കുന്നത്.

'ഒരു പുരുഷന്റെ തലമുടി കൊഴിയുമ്പോൾ അയാൾ 'മാന്യനായ പ്രൗഢിയുള്ള ആളായി മാറും. വയറ് ചാടി അരക്കെട്ട് 40 ഇഞ്ച് ആകുമ്പോൾ, 'അയാളുടെ പ്രൈം ടൈം എവിടെപ്പോയി' എന്ന് ആരും ചോദിക്കില്ല. തലമുടി നരച്ച് വെളുക്കുമ്പോൾ പെട്ടെന്ന് അയാൾ 'സാൽട്ട് ആൻഡ് പെപ്പർ ലുക്കിലുള്ള ആകർഷകത്വം ഉള്ളവനുമായി മാറും. എന്നാൽ, ഒരു സ്ത്രീക്ക് പ്രായമാകുമ്പോൾ അവളുടെ ഓരോ ചുളിവുകളും ഓരോ കിലോ ശരീരഭാരവും ഓരോ നരച്ച മുടിയും പൊതുസമൂഹത്തിന്റെ വിചാരണയ്ക്ക് മുന്നിലെ ചർച്ചാവിഷയമായി മാറുകയാണ്-ഖുശ്ബു കുറിച്ചു.

സ്ത്രീയുടെ പ്രായം എപ്പോഴും ഒരു പരസ്യപ്രഖ്യാപനം പോലെ കൈകാര്യം ചെയ്യപ്പെടുന്നത് എന്തുകൊണ്ടാണെന്നും ഖുശ്ബു ചോദിക്കുന്നു. ഒരു നിശ്ചിത പ്രായം പിന്നിട്ടാൽ 'അവൾ ഇപ്പോഴും പഴയ ഭംഗി നിലനിർത്തുന്നുണ്ടോ?', 'അവളുടെ പ്രൈം ടൈം കഴിഞ്ഞോ?' എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ഉയർന്നുവരുന്നത്. എന്നാൽ പുരുഷന്മാരുടെ കാര്യത്തിൽ ഇത്തരം ആകുലതകൾ ആർക്കും ഉണ്ടാകുന്നില്ല എന്നത് സമൂഹത്തിന്റെ തികഞ്ഞ ഇരട്ടത്താപ്പാണെന്ന് അവർ ചൂണ്ടിക്കാട്ടി.

പ്രസവാനന്തരം ഒരു സ്ത്രീയുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെ അഭിനന്ദിക്കുന്നതിന് പകരം അവയെ ക്രൂരമായി അപഹേളിക്കുന്ന മനോഭാവത്തെ ഖുശ്ബു കടുത്ത ഭാഷയിൽ വിമർശിച്ചു. അമ്മയാകുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം കേവലം ഒരു ശാരീരിക സംഭവമല്ല, മറിച്ച് അവളുടെ പുനർജന്മമാണെന്നും എന്ന് ഖുശ്ബു പറഞ്ഞു.

ഒരു കുഞ്ഞിന് ജന്മം നൽകുമ്പോൾ ശാരീരികവും ഹോർമോൺപരവും വൈകാരികവും മാനസികവുമായ വലിയ മാറ്റങ്ങളിലൂടെയാണ് ഒരു സ്ത്രീ കടന്നുപോകുന്നത്. മറ്റൊരു ജീവനെ തന്നിൽ ചുമന്ന്, വളർത്തി, ഈ ലോകത്തിലേക്ക് കൊണ്ടുവരുന്ന ആ ഘട്ടത്തെയും പ്രക്രിയയെയും ആഘോഷിക്കുകയാണ് സമൂഹം ചെയ്യേണ്ടത്. എന്നാൽ അതിനുപകരം, പ്രസവത്തിനു ശേഷം അവളുടെ ശരീരം എങ്ങനെയിരിക്കുന്നു എന്ന് മൈക്രോസ്‌കോപ്പിലൂടെ നോക്കുന്നതുപോലെ പരിശോധിച്ച് കുറ്റം കണ്ടുപിടിക്കാനാണ് പലർക്കും ധൃതിയെന്ന് അവർ ഖേദത്തോടെ പറഞ്ഞു.

സ്വന്തം ജീവിതാനുഭവം തുറന്നുപറഞ്ഞ് ഖുശ്ബു

സ്വന്തം ജീവിതത്തിൽ നേരിടേണ്ടി വന്ന അധിക്ഷേപങ്ങളെക്കുറിച്ചും ഖുശ്ബു തന്റെ കുറിപ്പിൽ മനസ് തുറന്നു. മാതൃത്വത്തിന്റെയും ശരീരമാറ്റങ്ങളുടെയും വഴികളിലൂടെ കടന്നുപോയ ഒരാളെന്ന നിലയിൽ ഇത്തരം പരിഹാസങ്ങളുടെ വേദന തനിക്ക് നന്നായി അറിയാമെന്ന് അവർ പറഞ്ഞു. ശരീരഭാരം കൂടുതലായിരുന്ന കാലത്ത് 'തടിച്ചവളും വൃത്തികെട്ടവളും' എന്ന് വിശേഷിപ്പിച്ച് പലരും തന്നെ പരിഹസിച്ചിരുന്നു. എന്നാൽ പിന്നീട് കഠിനാധ്വാനത്തിലൂടെ ശരീരഭാരം കുറച്ചപ്പോൾ, താൻ വെയ്റ്റ് ലോസ് കുത്തിവെയ്പ്പുകൾ എടുത്തതുകൊണ്ടാണ് മെലിഞ്ഞത് എന്നായി പ്രചാരണം. 'സമൂഹത്തിലെ എത്രപേർ പണം തന്നിട്ടാണ് ഞാൻ ഈ കുത്തിവെയ്പ്പുകൾ എടുത്തത്?' എന്ന് ഖുശ്ബു പരിഹാസരൂപേണ ചോദിച്ചു. ഒരു സ്ത്രീ എന്തൊക്കെ ചെയ്താലും, ഏത് ഘട്ടത്തിലൂടെ കടന്നുപോയാലും കുറ്റം പറയാൻ സമൂഹം എന്തെങ്കിലും കണ്ടെത്തിക്കൊണ്ടേയിരിക്കും എന്നതാണ് ഇതിൽ നിന്ന് വ്യക്തമാകുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.

'കത്രീന, നീ ആർക്കും മറുപടി നൽകേണ്ടതില്ല'

തനിക്കെതിരെ ഉയർന്ന വണ്ണത്തിന്റെയും രൂപത്തിന്റെയും പേരിലുള്ള പരിഹാസങ്ങൾക്ക് മുൻപിൽ കത്രീന കൈഫ് കാത്തുസൂക്ഷിക്കുന്ന ശാന്തതയെയും ഖുശ്ബു അഭിനന്ദിച്ചു. കത്രീന എന്നും മനോഹരിയാണെന്നും ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും അവർ കുറിച്ചു.'പെണ്ണുങ്ങളെ എന്താണെന്ന് നിർവ്വചിക്കാൻ അവകാശമുണ്ടെന്ന് കരുതുന്ന ഏതൊരു പുരുഷനോടും നമ്മൾ മറുപടി പറയാൻ ബാധ്യസ്ഥരല്ല. കത്രീന, നീ എന്നും നിന്റെ ജീവിതം നയിച്ചത് നിന്റെ സ്വന്തം നിബന്ധനകളിലും ആത്മാഭിമാനത്തോടെയുമാണ്. അത് അങ്ങനെതന്നെ തുടരുക. നിന്റെ ശരീരത്തെക്കുറിച്ചോ, നിന്റെ മാതൃത്വത്തെക്കുറിച്ചോ, ശരീരഭാരം കൂടിയതിനെക്കുറിച്ചോ, നിന്റെ ഇപ്പോഴത്തെ രൂപത്തെക്കുറിച്ചോ ആർക്കും ഒരു വിശദീകരണവും നൽകേണ്ടതില്ല,' ഖുശ്ബു കുറിച്ചു.

ഒരു സ്ത്രീക്ക് അവളുടെ ജീവിതത്തിൽ 'പ്രൈം ടൈം' എന്ന് പറയുന്ന ഒരു നിശ്ചിത കാലയളവ് മാത്രമല്ല ഉള്ളത്, മറിച്ച് അവൾക്ക് സ്വന്തമായി ഒരു ജീവിതമുണ്ട്. ആ ജീവിതത്തിലെ ഓരോ പ്രായവും ഘട്ടവും അവളുടേത് മാത്രമാണ്. കാണുന്നവന്റെ കണ്ണുകളിലാണ് സൗന്ദര്യം എന്ന് പറയാറുണ്ട്. അതിനാൽ നീ എത്രത്തോളം മനോഹരിയായിരിക്കണം എന്ന് തീരുമാനിക്കേണ്ടതും നീ തന്നെയാണ്. കൂടുതൽ കരുത്തോടെ മുന്നോട്ടുപോവുകയെന്നും പറഞ്ഞാണ് ഖുശ്ബു തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.