പ്രസവാനന്തരമുള്ള ശരീരഭാരത്തെയും ലുക്കിനെയും ചൊല്ലി കത്രീന കൈഫിനെതിരെ സോഷ്യൽ മീഡിയയിൽ വീണ്ടും സൈബർ ആക്രമണം. മുംബൈയിൽ നടന്ന ഗണേശോത്സവ ചടങ്ങുകളിൽ പങ്കെടുത്ത കത്രീനയുടെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഒരുവിഭാഗം ആളുകൾ അധിക്ഷേപ പരാമർശങ്ങളുമായി രംഗത്തെത്തിയത്. 'സിനിമാ കരിയർ അവസാനിച്ചു', 'ശരീരഭാരം കൂടി' തുടങ്ങിയ രീതിയിലുള്ള കമന്റുകളാണ് ഉയർന്നത്.
ചലച്ചിത്ര താരങ്ങളെപ്പോലെ പൊതുമധ്യത്തിൽ നിൽക്കുന്ന സ്ത്രീകൾ പ്രസവാനന്തരം നേരിടേണ്ടി വരുന്ന ശാരീരിക വിചാരണകൾ അങ്ങേയറ്റമാണ്. അമ്മയാകുക എന്ന യാത്രയിൽ ഒരു സ്ത്രീയുടെ ശരീരം നേരിടുന്ന അസാധാരണമായ ശാരീരിക മാറ്റങ്ങളെയും മാനസിക സമ്മർദ്ദങ്ങളെയും പാടെ അവഗണിച്ചുകൊണ്ടാണ് സോഷ്യൽമീഡിയ ഇത്തരം അനാവശ്യ അഭിപ്രായപ്രകടനങ്ങളുമായി രംഗത്തെത്തുന്നത്. ഇതിനിടയിലാണ് താരത്തിന്റെ വൻ ബിസിനസ്സ് വിജയം ചർച്ചയാകുന്നത്. കത്രീനയുടെ ബ്യൂട്ടി ബ്രാൻഡായ 'കേ ബ്യൂട്ടി' സർവ്വകാല റെക്കോർഡ് വരുമാനം നേടിയ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. സാമ്പത്തിക വർഷത്തിൽ 240 കോടിയിൽ നിന്ന് 46% വർദ്ധനവോടെ 350 കോടി രൂപയിലേക്കാണ് ബ്രാൻഡിന്റെ വിൽപന ഉയർന്നത്. സ്ത്രീകളുടെ കഴിവുകളേക്കാളും കരിയറിലെ നേട്ടങ്ങളേക്കാളും അവരുടെ ബാഹ്യരൂപത്തിനും ശരീരഭാരത്തിനും മാത്രം പ്രാധാന്യം നൽകുന്ന ഇടുങ്ങിയ ചിന്താഗതിക്കെതിരെ വലിയ വിമർശനവുമായി ഇതോടെ സ്ത്രീകൾ രംഗത്തെത്തി.
ഒപ്പം പ്രസവാനന്തരം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെ സ്വാഭാവികമായി ഉൾക്കൊള്ളാനും അതിൽ സന്തോഷിക്കാനും കത്രീന തയ്യാറാകുന്നത് അഭിനന്ദനാർഹമാണെന്ന് ബ്യൂട്ടി ഇൻഫ്‌ളുവൻസർമാരും ആരാധകരും ചൂണ്ടിക്കാണിക്കുന്നു. പ്രസവത്തിന് ശേഷം പെട്ടെന്ന് പഴയ രൂപത്തിലേക്ക് മടങ്ങിയെത്തണമെന്ന അനാവശ്യ സമ്മർദ്ദത്തെ കത്രീനയെപ്പോലുള്ളവർ നിഷ്പ്രഭമാക്കുമെന്നും അവർ അഭിപ്രായപ്പെടുന്നു.
ഒരു കുഞ്ഞിന് ജന്മം നൽകുക എന്നത് ഏതൊരു സ്ത്രീയുടെയും ശരീരത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്തുന്ന ഒന്നാണ്. ഗർഭധാരണവും പ്രസവവും ഉണ്ടാക്കുന്ന ശാരീരിക ക്ഷീണവും അസ്വസ്ഥതകളും മാറി സാധാരണ നിലയിലെത്താൻ സ്വാഭാവികമായ സമയം ആവശ്യമാണ്. എന്നാൽ, അമ്മയായി മാറിയതിന്റെ അടയാളങ്ങളെല്ലാം എത്രയും വേഗം മായ്ച്ചുകളയണമെന്നും പഴയതുപോലെ തിളങ്ങണമെന്നുമുള്ള അപ്രായോഗികമായ അനാവശ്യ സമ്മർദ്ദം സമൂഹം സ്ത്രീകളിൽ പ്രത്യേകിച്ച് സെലിബ്രിറ്റികളിൽ അടിച്ചേൽപ്പിക്കുന്നത് പതിവുകാഴ്ചയാണ്.
ഈ വിഷയം കേവലം ചില സിനിമാ താരങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. സ്ത്രീയുടെ ശരീരത്തെ ജീവന്റെ നിധിയായി കാണുന്നതിന് പകരം, അതിനെ എപ്പോഴും പ്രദർശനവസ്തുവായോ അല്ലെങ്കിൽ പൊതുസ്വത്തായോ കാണുന്ന കാഴ്ചപ്പാടിന്റെ പ്രതിഫലനമാണിത്. സാധാരണക്കാരായ സ്ത്രീകൾ പോലും പ്രസവത്തിന് ശേഷം സ്വന്തം കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഇത്തരം പരോക്ഷമായ സമ്മർദ്ദങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. മാതൃത്വത്തിലേക്ക് ചുവടുവെക്കുന്ന ഓരോ സ്ത്രീയ്ക്കും ആവശ്യമുള്ളത് വിശ്രമവും സമാധാനവും പിന്തുണയുമാണ്, അല്ലാതെ അവരുടെ ശരീരത്തിന്റെ വലിപ്പത്തെക്കുറിച്ചുള്ള അളവെടുപ്പുകളല്ല.
ഒരു സ്ത്രീ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മാറ്റത്തിലൂടെ കടന്നുപോകുമ്പോൾ അവരിൽ നിന്ന് 'പെർഫെക്റ്റ് ബോഡി' പ്രതീക്ഷിക്കുന്നത് ക്രൂരതയാണ്. അനാവശ്യമായ ഇത്തരം വിമർശനങ്ങളും അളവുകോലുകളും അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രസവാനന്തര മാറ്റങ്ങളെ സ്വാഭാവികതയോടെ കാണാനും, അമ്മയാകുന്ന സ്ത്രീകളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് മുൻഗണന നൽകാനുമാണ് സമൂഹം തയ്യാറാകേണ്ടത്.
Content Highlights: Katrina Kaif faced social media trolling over postpartum weight gain after appearing at a Ganeshotsav event., Fans and influencers defended Katrina, highlighting the natural physical changes of motherhood., Katrina's beauty brand 'Kay Beauty' achieved a record-breaking revenue of 350 crore rupees, marking a 46% growth.
Published: 16 Sept 2026, 04:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented