ധനുഷിനെ നായകനാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത 'ഓം ചാപ്റ്റർ വൺ: ഉധിരം- ദ ബ്ലഡ് വുഡ്' റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്നു. ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്ന മമ്മൂട്ടിയും ഓഡിയോ ലോഞ്ച് ചടങ്ങിൽ പങ്കെടുത്തിരുന്നു. വീണ്ടും തമിഴ് ചിത്രത്തിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ അദ്ദേഹം സന്തോഷം പങ്കുവെച്ചു.

To advertise here,

'പേരൻപി'ന് ശേഷം തമിഴ് നല്ല സിനിമ ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെന്ന് മമ്മൂട്ടി തുറന്നുപറഞ്ഞു. ഏഴ് വർഷത്തിന് ശേഷമാണ് താൻ ഒരു തമിഴ് സിനിമയിൽ അഭിനയിക്കുന്നത്. 'പേരൻപി'ന് ശേഷം നല്ല കഥാപാത്രങ്ങൾ ലഭിച്ചില്ലെന്നും മമ്മൂട്ടി പറഞ്ഞു. 'ഓം' തനിക്ക് ഒരിക്കലും മറക്കാനാവാത്ത ചിത്രമാണെന്നും താരം കൂട്ടിച്ചേർത്തു.

പിന്നാലെ, മമ്മൂട്ടി പ്രസംഗത്തിൽ നടത്തിയ പരാമർശം സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. രജനീകാന്തിനും ധനുഷിനുമൊപ്പം അഭിനയിച്ചത് മമ്മൂട്ടി ഓർത്തെടുത്തു. 'രജനി സാറിനൊപ്പം അഭിനയിച്ചു, ഇപ്പോൾ ധനുഷ് സാറിനൊപ്പവും അഭിനയിച്ചു. ധനുഷിന്റെ മകൻ ഇവിടെ മുന്നിലിരിക്കുന്നുണ്ട്. അവൻ എപ്പോഴാണ് അഭിനയിക്കാൻ തുടങ്ങുന്നതെന്ന് അറിയില്ല,' മമ്മൂട്ടി പറഞ്ഞു. താരത്തിന്റെ വാക്കുകൾക്ക് പിന്നാലെ വൻ കരഘോഷമാണ് സദസിൽനിന്നുയർന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് അനുഭവങ്ങളെക്കുറിച്ചും സഹപ്രവർത്തകരെക്കുറിച്ചും മമ്മൂട്ടി വാനോളം പുകഴ്ത്തി. 45 ദിവസത്തെ ഷൂട്ടിംഗ് എന്ന് പറഞ്ഞാണ് തന്നെ വിളിച്ചതെങ്കിലും ആറുമാസത്തോളം രാത്രികളിൽ ഷൂട്ടിംഗ് നീണ്ടുപോയെന്ന് താരം പറഞ്ഞു. ചിത്രത്തിൽ സായ് പല്ലവി കാഴ്ചവെച്ചിരിക്കുന്ന ആക്ഷൻ രംഗങ്ങളെ ബ്രൂസ് ലീയോടാണ് മമ്മൂട്ടി ഉപമിച്ചത്. സാധാരണ നായകന്മാരാണ് സിനിമകളിൽ ഫൈറ്റ് ചെയ്യാറുള്ളതെങ്കിൽ, സായ് പല്ലവിയുടെ ആക്ഷൻ രംഗങ്ങൾക്ക് മുന്നിൽ ആണുങ്ങൾ പോലും തോറ്റുപോവുമെന്നും ധനുഷിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നായിരിക്കും ഈ ചിത്രത്തിലേതെന്നും മമ്മൂട്ടി വ്യക്തമാക്കി.

രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന 'ഓം ചാപ്റ്റർ 1' നവംബർ 20-നാണ് തിയേറ്ററുകളിൽ എത്തുന്നത്. സായ് പല്ലവി, ശ്രീലീല, നസറുദ്ദീൻ ഷാ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.