ധനുഷും മമ്മൂട്ടിയും ഒന്നിക്കുന്ന തമിഴ് ചിത്രം 'ഓം ചാപ്റ്റർ 1: ഉധിരം- ദി ബ്ലഡ് വുഡ്' റിലീസിന് മുന്നോടിയായി വലിയ ചർച്ചയാകുന്നു. ചിത്രത്തിന്റെ ഇതുവരെ പുറത്തുവന്ന ഗ്ലിംപ്‌സ് വീഡിയോകൾ സിനിമാ പ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്. രാജ് കുമാർ പെരിയസാമിയുടെ സംവിധാനത്തിൽ നവംബർ 20-നു ആഗോള പ്രദർശനത്തിന് ഒരുങ്ങുന്ന ചിത്രത്തിന്റെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ബിനു ജോർജ് അലക്‌സാണ്ടർ പ്രൊഡക്ഷൻസാണ്. ബിനു ജോർജ് അലക്‌സാണ്ടർ പ്രൊഡക്ഷൻസിനുവേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിൽ വൻ ചാർട്ടിങ് വഴി തിയേറ്ററുകളിൽ എത്തിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും പ്രതീക്ഷയുള്ള സിനിമകളുടെ ഐ.എം.ഡി.ബി. പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയതും ചിത്രത്തിന്റെ പ്രീ- റിലീസ് ആവേശം വ്യക്തമാക്കുന്നു. പുറത്തുവന്ന പോസ്റ്റർ പ്രകാരം 37.7 ശതമാനം പ്രേക്ഷക താത്പര്യത്തോടെയാണ് ചിത്രം ഒന്നാമതെത്തിയത്. വനപ്രദേശത്തിന്റെ പശ്ചാത്തലത്തിൽ അധികാരവും സംഘർഷവും കുറ്റകൃത്യങ്ങളും പ്രതികാരവും ചേർന്ന തീവ്രമായ ആക്ഷൻ ഡ്രാമയായിരിക്കും ചിത്രം എന്ന സൂചനയാണ് പ്രൊമോ ദൃശ്യങ്ങൾ നൽകുന്നത്.
മമ്മൂട്ടിയും രജനികാന്തും ഒന്നിച്ചഭിനയിച്ച മണിരത്‌നത്തിന്റെ 'ദളപതി' ഇന്നും തമിഴ് സിനിമയിലെ എക്കാലത്തെയും ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നാണ്. അതുപോലെ കരുത്തുറ്റ കഥാപാത്രങ്ങളും താരങ്ങളുടെ അസാധാരണമായ പ്രകടനവും സിനിമാറ്റിക് മികവും ഒത്തുചേരുന്ന മറ്റൊരു കൾട്ട് ക്ലാസിക്കായി 'ഓം' മാറുമോ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. ധനുഷിന്റെയും മമ്മൂട്ടിയുടെയും സ്‌ക്രീൻ കെമിസ്ട്രിയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന്.
ചിത്രത്തിന്റെ ആദ്യ പ്രൊമോഷണൽ വീഡിയോയായ 'ഓം ഫസ്റ്റ് സ്‌ട്രൈക്ക്' പുറത്തിറങ്ങിയതോടെയാണ് സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിച്ചത്. ചിത്രത്തെക്കുറിച്ചുള്ള ആവേശം ഇരട്ടിയാക്കിയത് മമ്മൂട്ടിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തിയ പ്രത്യേക ഗ്ലിംപ്‌സാണ്. ചിത്രത്തിൽ ബർമ കാർത്തികേയൻ എന്ന അധോലോക കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. 'സിയ' എന്ന പേരിലും അറിയപ്പെടുന്ന കഥാപാത്രത്തിന് അന്താരാഷ്ട്ര കുറ്റകൃത്യ ശൃംഖലകളുമായി ബന്ധമുണ്ടെന്നാണ് പുറത്തുവന്ന വിവരങ്ങൾ. ഇന്റർപോളിന്റെ അന്വേഷണപരിധിയിലുള്ള ശക്തനായ കുറ്റവാളിയായാണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായകസങ്കൽപ്പത്തിന് പുറത്തുനിൽക്കുന്ന, സങ്കീർണമായ സ്വഭാവമുള്ള കഥാപാത്രമാണ് ബർമ കാർത്തികേയൻ.
'ഞാനൊരു കള്ളക്കടത്തുകാരനല്ലേ, എന്നെ സ്വർണമനുഷ്യനെന്ന് വിളിക്കാനാവില്ല. ഒരുപാട് മാലിന്യങ്ങൾ കലർന്ന സ്വർണം എന്നു പറയാം' എന്ന അർഥം വരുന്ന സംഭാഷണത്തിലൂടെ കഥാപാത്രത്തിന്റെ സ്വഭാവത്തെക്കുറിച്ച് ചെറിയ സൂചനയും മമ്മൂട്ടി നൽകുന്നുണ്ട്. മമ്മൂട്ടിയുടെ വ്യത്യസ്തമായ ഗെറ്റപ്പും സംഭാഷണശൈലിയും കഥാപാത്രത്തിന്റെ ഗൗരവവും ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ധനുഷിന്റെ കഥാപാത്രം മമ്മൂട്ടിയുടെ കഥാപാത്രത്തിന് കീഴിൽ പ്രവർത്തിക്കുന്നതായും ഗ്ലിംപ്‌സ് സൂചന നൽകുന്നു. ഇരുവരും തമ്മിലുള്ള ബന്ധം സിനിമയിലെ നിർണായക ഘടകമായിരിക്കുമെന്നാണ് വിലയിരുത്തൽ.
'ഓം' ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണമാണ് സായ് പല്ലവിയുടെ കഥാപാത്രം. പുറത്തിറങ്ങിയ ഗ്ലിംപ്‌സിൽ നിത്യ റെഡ്ഡി എന്ന സി.ബി.ഐ. ഉദ്യോഗസ്ഥയായാണ് സായ് പല്ലവിയെ അവതരിപ്പിച്ചിരിക്കുന്നത്. വിലപിടിപ്പുള്ള ചുവന്ന ചന്ദനത്തടികളുടെ അനധികൃത കടത്ത് അന്വേഷിക്കാനാണ് നിത്യ റെഡ്ഡി എത്തുന്നത്. എന്നാൽ ഇത് കേവലം ഔദ്യോഗിക അന്വേഷണത്തിന്റെമാത്രം കഥയല്ല. വനസംരക്ഷണത്തിനിടെ ജീവൻ നഷ്ടപ്പെട്ട ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായിരുന്ന പിതാവിന്റെ ഓർമകളും നിത്യയുടെ ദൗത്യത്തിന് വൈകാരികമായ തലം നൽകുന്നു. സായി പല്ലവിയെ കൂടാതെ ചിത്രത്തിലെ മറ്റൊരു നായികയായ ശ്രീലീലയെ അവതരിപ്പിച്ചത് 'സെഞ്ചുടരെ' എന്ന ഗാനത്തിലൂടെയാണ്. റോജ എന്നാണ് ശ്രീലീല അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ധനുഷ്, മമ്മൂട്ടി, സായ് പല്ലവി എന്നിവർക്കൊപ്പം ശ്രീലീല, നസറുദ്ദീൻ ഷാ, ഇന്ദ്രൻസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മലയാളം, തമിഴ് സിനിമാപ്രേമികൾക്ക് ഒരുപോലെ താത്പര്യമുണർത്തുന്ന താരനിരയാണ് ചിത്രത്തിന്റേത്.
'അമരൻ' എന്ന വിജയചിത്രത്തിലൂടെ ശ്രദ്ധേയനായ രാജ് കുമാർ പെരിയസാമിയാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. സായ് അഭ്യങ്കർ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. എഴിൽ അരശുവാണ് ഛായാഗ്രഹണം. ആർ. കലൈവാണൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. യാനിക് ബെൻ, കെച്ച ഖംഫാക്ഡീ എന്നിവരാണ് ആക്ഷൻ രംഗങ്ങളുടെ കൊറിയോഗ്രഫി കൈകാര്യം ചെയ്യുന്നത്.
മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി തമിഴിലെ ശ്രദ്ധേയ താരം ധനുഷിനൊപ്പം എത്തുന്ന ചിത്രം എന്ന നിലയിൽ കേരളത്തിലും 'ഓം' വലിയ ചർച്ചയാകുമെന്നാണ് പ്രതീക്ഷ. ബിനു ജോർജ് അലക്‌സാണ്ടർ പ്രൊഡക്ഷൻസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. മമ്മൂട്ടിയുടെ സാന്നിധ്യം മലയാളി പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകർഷിക്കുമെന്നതിനു പുറമേ ധനുഷിനുള്ള കേരളത്തിലെ വലിയ ആരാധകവൃന്ദവും ചിത്രത്തിന് അനുകൂല ഘടകമാണ്. മമ്മൂട്ടിയും ധനുഷും ഒരേ ഫ്രെയിമിൽ എത്തുന്ന രംഗങ്ങൾക്കായി കാത്തിരിക്കുന്നവരും ഏറെയാണ്. നവംബർ ആറിന് ചെന്നൈയിലെ സായ്‌റാം എൻജിനീയറിങ് കോളേജിൽ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടക്കും.
മലയാളത്തിൽ 'ദളപതി' സൃഷ്ടിച്ച താരസംഗമത്തിന്റെ ഓർമകൾ മനസ്സിലുള്ള പ്രേക്ഷകർക്ക് ധനുഷ്- മമ്മൂട്ടി കൂട്ടുകെട്ട് പുതിയൊരു സിനിമാനുഭവമാകുമോ 'ഓം' എന്നതാണ് പ്രധാന ചോദ്യം. ഇതുവരെ പുറത്തു വന്ന പ്രൊമോ- സോങ് ദൃശ്യങ്ങൾ നൽകുന്ന പ്രതീക്ഷകൾ യാഥാർഥ്യമാകുകയും ശക്തമായ തിരക്കഥയും അവതരണവും ഒത്തുചേരുകയും ചെയ്താൽ തമിഴ് സിനിമയിൽ ദീർഘകാലം ഓർമിക്കപ്പെടുന്ന ഒരു ചിത്രമായി 'ഓം' മാറാനുള്ള സാധ്യതയുണ്ട്.
Content Highlights: Dhanush and Mammootty starrer 'Om Chapter 1' topped IMDb's list of most anticipated Indian films with 37.7% interest. Directed by Rajkumar Periasamy, the action drama is scheduled for a worldwide release on November 20. Mammootty plays Burma Karthikeyan (Siya), a complex underworld figure linked to international crime networks. Sai Pallavi plays CBI officer Nithya Reddy investigating red sandalwood smuggling, while Sreeleela plays Roja. The film's audio launch will take place on November 6 at Sairam Engineering College in Chennai.
Published: 05 Nov 2026, 03:34 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented