കമൽ ഹാസൻ നായകനായ ഇന്ത്യൻ 2 എന്ന ചിത്രത്തിന്റെ സെറ്റിലുണ്ടായ ദാരുണമായ ക്രെയിൻ അപകടത്തിൽ താൻ അത്ഭുതകരമായി രക്ഷപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി നടി കാജൽ അഗർവാൾ. 100 അടി ഉയരമുള്ള ക്രെയിൻ തന്റെ നേർക്ക് പാഞ്ഞുവന്നെന്ന് അവർ പറഞ്ഞു. ആ അപകടത്തിൽ ആദ്യം മരിക്കേണ്ടിയിരുന്നത് താനായിരുന്നു. എന്നാൽ ഏതോ ദിവ്യഹസ്തം തന്നെ അപകടം നടന്ന ടെന്റിൽനിന്ന് വലിച്ച് പുറത്തിടുകയായിരുന്നു. അതാരാണെന്ന് അറിയില്ലെന്നും കാജൽ അഗർവാൾ ഓർത്തെടുത്തു.

To advertise here,

'ഹ്യൂമൻസ് ഓഫ് ബോംബെ'യ്ക്ക് നൽകിയ അഭിമുഖത്തിലാണ് അപകടം നടന്ന രാത്രിയിലെ ഭയാനകമായ അനുഭവങ്ങൾ കാജൽ പങ്കുവെച്ചത്. ഒരു വലിയ ആക്ഷൻ രംഗത്തിന്റെ രാത്രി ചിത്രീകരണത്തിനിടെ മോണിറ്ററിന് പിന്നിലെ ടെന്റിൽ ഇരിക്കുകയായിരുന്നു അഭിനേതാക്കൾ. 80 വയസ്സുള്ള വൃദ്ധയായി അഭിനയിക്കാൻ പ്രോസ്തെറ്റിക് മേക്കപ്പിലായിരുന്ന താൻ, പെട്ടെന്ന് എല്ലാവരും ഭയന്നോടാൻ തുടങ്ങിയപ്പോൾ കാര്യമറിയാതെ കൂടെ ഓടുകയായിരുന്നുവെന്ന് കാജൽ പറഞ്ഞു. വെപ്രാളത്തിൽ ഒരു കൺസോൾ ടേബിളിൽ തട്ടി വീഴാൻ പോയെന്ന് അവർ പറഞ്ഞു.

പെട്ടന്ന് തിരിഞ്ഞുനോക്കിയപ്പോൾ 100 അടി ഉയരമുള്ള ക്രെയിൻ തന്റെ നേർക്ക് വരുന്നതാണ് കണ്ടത്. പെട്ടെന്നുണ്ടായ ഈ കാഴ്ചയിൽ ഭയം കാരണം താൻ പൂർണ്ണമായി മരവിച്ചുപോയെന്ന് അവർ ഓർത്തെടുത്തു. എന്നാൽ ആ നിമിഷത്തിൽ ഏതോ ഒരു കൈ തന്നെ ടെന്റിൽ നിന്ന് പുറത്തേക്ക് വലിച്ചെടുക്കുകയും ക്രെയിൻ തന്റെ തൊട്ടടുത്ത് പതിക്കുകയുമായിരുന്നു. അപകടത്തിന് ശേഷം താൻ പേടിച്ച് വിറച്ചുനിൽക്കുകയായിരുന്നുവെന്നും ചുറ്റും ആരും ഉണ്ടായിരുന്നില്ലെന്നും കാജൽ വ്യക്തമാക്കി.

"സെറ്റിൽ 100 അടി ഉയരമുള്ള ക്രെയിൻ ഒടിഞ്ഞുവീണ് മൂന്ന് ജീവനുകൾ നഷ്ടപ്പെട്ടു, അതിൽ ആദ്യം പോകേണ്ടിയിരുന്നത് ഞാനായിരുന്നു. അക്ഷരാർത്ഥത്തിൽ, ഞാൻ എങ്ങനെ ജീവിച്ചിരിക്കുന്നുവെന്ന് എനിക്കറിയില്ല. എന്നാൽ സത്യമായിട്ടും, എന്നെ പുറത്തേക്ക് വലിച്ച ഒരു ദിവ്യഹസ്തം അവിടെ ഉണ്ടായിരുന്നു എന്ന് ഞാൻ സത്യം ചെയ്യുന്നു." കാജലിന്റെ വാക്കുകൾ.

"എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ആ സമയത്ത്, ആ ടെന്റിൽ നിന്ന് എന്നെ പിടിച്ച് പുറത്തേക്ക് വലിച്ച ഒരു കൈ ഉണ്ടായിരുന്നു. ക്രെയിൻ എന്റെ തൊട്ടടുത്താണ് വീണത്. ഞാൻ അതിലേക്ക് നോക്കി വിറയ്ക്കുകയായിരുന്നു. എന്റെ ചുറ്റും ആരും ഉണ്ടായിരുന്നില്ല. എന്റെ സ്റ്റാഫ് എന്നെ നോക്കാൻ ഓടിയെത്തി. നിങ്ങളാണോ എന്നെ പുറത്തേക്ക് വലിച്ചതെന്ന് ഞാൻ അവരോട് ചോദിച്ചു, പക്ഷേ അവരെല്ലാം ദൂരെയായിരുന്നു, പിന്നെ ആരാണ് എന്നെ വലിച്ചതെന്ന് ഞാൻ അത്ഭുതപ്പെട്ടു." കാജൽ അഗർവാൾ കൂട്ടിച്ചേർത്തു. ഈ ഭയാനകമായ സംഭവം കാജലിന്റെ കുടുംബത്തെയും ഏറെ ഭീതിയിലാഴ്ത്തിയിരുന്നു.

ലൈറ്റിംഗിനായി ഉപയോഗിച്ച 100 അടി ഉയരമുള്ള ക്രെയിൻ സെറ്റിന്റെ മേൽക്കൂരയിലേക്ക് തകർന്നുവീഴുകയായിരുന്നു. ഈ അപകടത്തിൽ അസിസ്റ്റന്റ് ഡയറക്ടറും ടെക്നീഷ്യൻമാരും ഉൾപ്പെടെ മൂന്ന് അണിയറപ്രവർത്തകർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പിന്നീട്, മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കമൽ ഹാസനും നിർമ്മാണ കമ്പനിയും ഒരു കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. 2020 ഫെബ്രുവരിയിൽ ചെന്നൈയിലെ ഇ.വി.പി ഫിലിം സിറ്റിയിലായിരുന്നു സംഭവം.

തിയേറ്ററുകളിൽ വിമർശനങ്ങൾ നേരിട്ടെങ്കിലും 'ഇന്ത്യൻ 2' ലോകമെമ്പാടുമായി 150 കോടി രൂപ കളക്ഷൻ നേടുകയും 2024-ലെ അഞ്ചാമത്തെ ഏറ്റവും വലിയ തമിഴ് ചിത്രമായി മാറുകയും ചെയ്തു. ഈ ചിത്രത്തിന്റെ മൂന്നാംഭാഗം ഇപ്പോൾ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. നിതേഷ് തിവാരി സംവിധാനം ചെയ്ത രാമായണം എന്ന ചിത്രത്തിലാണ് കാജൽ അഗർവാൾ ഒടുവിൽ വേഷമിട്ടത്. രാവണന്റെ സഹോദരിയായ മണ്ഡോദരിയുടെ വേഷത്തിലാണ് അവർ എത്തിയത്.