മുതിർന്ന ചലച്ചിത്ര നിർമാതാവും നടി മൗഷുമി ചാറ്റർജിയുടെ പങ്കാളിയുമായ ജയന്ത മുഖർജി അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം.

To advertise here,

പ്രശസ്ത സംഗീത സംവിധായകൻ ഹേമന്ത് കുമാറിന്റെ മകനാണ് ജയന്ത മുഖർജി. 'മസാഖ്' (1975), 'ദോ ലഡ്‌കെ ദോനോ കഡ്‌കെ' (1979), 'ബീവി ഔർ മകാൻ' തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു. ആദ്യ രണ്ട് ചിത്രങ്ങളിലും മൗഷുമി ചാറ്റർജി പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു.

അവസാനകാലത്ത് ഭാര്യക്കും മകൾ മേഘ മുഖർജിക്കുമൊപ്പം മുംബൈയിലെ ഖാറിലായിരുന്നു അദ്ദേഹം. ടൈപ്പ് 1 പ്രമേഹബാധിതയായിരുന്ന മൂത്ത മകൾ പായൽ 2019-ൽ അന്തരിച്ചിരുന്നു. 45-ാം വയസ്സിലായിരുന്നു അന്ത്യം.

1967-ൽ തരുൺ മജുംദാർ സംവിധാനം ചെയ്ത 'ബാലിക ബധു' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മൗഷുമി ചാറ്റർജി, 15-ാം വയസ്സിലാണ് ജയന്ത മുഖർജിയെ വിവാഹം കഴിച്ചത്. 1972-ലായിരുന്നു ഇവരുടെ വിവാഹം. 'ബാലിക ബധു' എന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ ഹേമന്ത മുഖർജിയായിരുന്നു.