തൃശൂര്‍: നര്‍ത്തകനും നടനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനുനേരെ അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ. നർത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു പരാമര്‍ശം. യൂട്യൂബ് ചാനല്‍ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശം. ആര്‍എല്‍വി രാമകൃഷ്ണന്റെ പേര് പരാമർശിച്ചില്ലെങ്കിലും ഇയാൾ ചാലക്കുടിക്കാരൻ നർത്തകനാണെന്നും സംഗീത നാടക അക്കാദമിയുമായി ഇയാൾക്ക് പ്രശ്നമുണ്ടായിരുന്നുവെന്നും പറഞ്ഞു. ഇതിന് പ്രതികരണവുമായി ആർ.എൽ.വി രാമകൃഷ്ണൻ രംഗത്ത് വന്നതോടെയാണ് വലിയ ചർച്ചയായത്.
അന്തരിച്ച നടന് കലാഭവന്‍ മണിയുടെ സഹോദരന് കൂടിയാണ് ആര്.എല്‍.വി രാമകൃഷ്ണന്. ഇങ്ങനെയുള്ള വ്യക്തികള്‍ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നില്ക്കാന് പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളതെന്നും ഇതുപോലെയുള്ള ജീര്‍ണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുന്പില് കൊണ്ടുവരിക തന്നെ ചെയ്യുമെന്നും ആര്.എല്‍,.വി രാമകൃഷ്ണന് കുറിച്ചു.
ആര്.എല്‍.വി രാമകൃഷ്ണന്റെ കുറിപ്പ്
പ്രിയ കലാ സ്നേഹികളെ,
കലാമണ്ഡലം എന്ന അതുല്യനാമം പേരോടു ചേര്‍ത്ത ഒരു കലാകാരി എന്നെ വീണ്ടും വീണ്ടും ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്. ഞാന്‍ കാക്ക പോലെ കറുത്തവനാണെന്നും ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവന് മാത്രമെ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളൂ എന്നും. എന്നെ കണ്ടാല്‍ പെറ്റ തള്ള പോലും സഹിക്കില്ല എന്നും. സുന്ദരികളായ സ്ത്രീകള്‍ മാത്രമെ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളൂ എന്നും. എനിക്ക് വിദ്യാഭ്യാസ യോഗ്യതയില്ല എന്നൊക്കെയാണ് ഇവര്‍ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.
ഞാന്‍ ഏതോ ഒരു സ്ഥാപനത്തില്‍ എന്തോ ഒന്ന് പഠിച്ചു എന്നാണ് അവര്‍ പുലമ്പുന്നത്. എന്നാല്‍ സത്യസന്ധതയോടെ പഠിച്ച് വിജയിച്ചിട്ടാണ് ഞാന്‍ ഈ രംഗത്ത് നിലയുറപ്പിച്ചിട്ടുള്ളത്. 1996 മുതല്‍ തൃപ്പൂണിത്തുറ ആര്.എല്‍.വി കോളേജില്‍ മോഹിനിയാട്ട കളരിയില്‍ നിന്ന് പഠിച്ചിറങ്ങിയ കലാകാരനാണ് ഞാന്‍.
നാല് വര്‍ഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും കഴിഞ്ഞതിനു ശേഷം എം.ജി യൂണിവേഴ്സിറ്റിയില്‍ നിന്ന് MA മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസ്സായിട്ടുണ്ട്. ഇതുകൂടാതെ ഇവര്‍ പറയുന്ന കേരള കലാമണ്ഡലത്തില്‍ നിന്ന് പെര്‍ഫോമിങ്ങ് ആര്‍ട്സില്‍ എംഫില്‍ ടോപ്പ് സ്കോറര്‍ ആയി പാസാവുകയും ഇതേ സ്ഥാപനത്തില്‍ തന്നെ മോഹിനിയാട്ടത്തില്‍ പി.എച്ച്.ഡി പൂര്‍ത്തിയാക്കുകയും ചെയ്തു. യുജിസിയുടെ അസിസ്റ്റന്റ് പ്രൊഫ: ആകുന്നതിനുള്ള നെറ്റ് പരീക്ഷയും വിജയിച്ചിട്ടുണ്ട്. ഇതുകൂടാതെ ദൂരദര്ശന് കേന്ദ്രം എ ഗ്രേഡഡ് ആര്‍ട്ടിസ്റ്റായി തിരഞ്ഞെടുക്കുകയും ചെയ്തു. 15 വര്‍ഷത്തിലധികമായി കാലടി സംസ്കൃത സര്‍വ്വകലാശാലയിലും ആര്.എല്‍.വി കോളേജിലും മോഹിനിയാട്ട വിഭാഗം ഗസ്റ്റ് ലക്ചററായും സേവനം ചെയ്തിട്ടുണ്ട്.
കലാമണ്ഡലം പേരോടു ചേര്‍ത്ത ഈ അഭിവന്ദ്യ ഗുരു എന്നെ നേരത്തെയും കലാമണ്ഡലത്തില്‍ വച്ച് ആക്ഷേപിച്ചിട്ടുണ്ട്. ഞാന്‍ മോഹിനിയാട്ട രംഗത്ത് നിലകൊള്ളുന്നതും മോഹിനിയാട്ടത്തില്‍ Phd നേടുന്നതും ഇവര്‍ക്ക് ഒട്ടും താല്പര്യമില്ലായിരുന്നു. ഇങ്ങനെയുള്ള വ്യക്തികള്‍ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നില്ക്കാന് പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളത്.ഇതുപോലെയുള്ള ജീര്‍ണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുന്പില് കൊണ്ടുവരിക തന്നെ ചെയ്യും.
കലാമണ്ഡലം സത്യഭാമയുടെ വിവാദപരാര്ശം ഇങ്ങനെ
മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള്‍ കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷന് ഇങ്ങനെ കാല് കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെ അരോജകമായി മറ്റൊന്നുമില്ല. എന്റെ അഭിപ്രായത്തില്‍ ആണ്പിള്ളേര്ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ് പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല'- ഇതായിരുന്നു വീഡിയോയിലെ കലാമണ്ഡലം സത്യഭാമയുടെ വിവാദ പ്രസ്താവന.
വിവാദത്തെക്കുറിച്ചുള്ള പ്രതികരണത്തില്‍ അധിക്ഷേപകരമായ പരാമര്‍ശമാണ് സത്യഭാമ നടത്തിയത്. കറുത്തവരെ കാണാന്‍ കൊള്ളില്ലെന്നാണ് തന്റെ കാഴ്ചപ്പാടാണെന്നും സത്യഭാമ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഇത് എന്റെ അഭിപ്രായമാണെന്നും താന്‍ സൗന്ദര്യമുള്ള ആളാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
''കറുത്ത ആള്ക്കാര് കാണാന്‍ കൊള്ളില്ലെന്ന് എന്റെ കാഴ്ചപ്പാടില്‍ അല്ലേ ഞാന്‍ പറയുന്നത്. എനിക്ക് സൗന്ദര്യമുണ്ട്. ഞാന്‍ സൗന്ദര്യം ആസ്വദിക്കുന്ന ഒരാളാണ്. കലാഭവന്‍ മണിയെ എനിക്കറിയാം. പക്ഷേ നിങ്ങള്‍ രണ്ടാമത് പറഞ്ഞ വ്യക്തിയെ എനിക്കറിയില്ല. ഞാന്‍ അയാളുടെ പേര് പറഞ്ഞിട്ടില്ല. കലയ്ക്ക് സൗന്ദര്യം വേണം. പ്രത്യേകിച്ച് മോഹനിയാട്ടത്തിന് സൗന്ദര്യം വേണം. നിങ്ങള്‍ പറഞ്ഞ വ്യക്തിയുടെ കൂടെ നിങ്ങള്‍ എല്ലാവരും കൂടിക്കോളൂ. മോഹനിയാട്ടത്തിന് അത്യാവശ്യം സൗന്ദര്യം വേണം. കറുത്തവര്‍ എന്റെ അടുത്ത് പരിശീലനത്തിന് വന്നാല്‍ പഠിച്ചോളൂ. പക്ഷേ മത്സരത്തിന് പോകണ്ട, വല്ല അമ്പലത്തിലും പോയി കളിച്ചോളൂ എന്ന് പറയും. മത്സരത്തില്‍ സൗന്ദര്യം എന്ന കോളമുണ്ട്. അതില്ലെങ്കില്‍ മാര്‍ക്ക് കിട്ടില്ല''- സത്യഭാമ പറഞ്ഞു.
Content Highlights: kalamandalam sathyabhama insults rlv ramakrishnan, dancer actor, derogatory remark
Published: 21 Mar 2024, 09:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented