മനുഷ്യർ സംസാരിക്കുന്നത് കേവലം കേട്ടുനിൽക്കുക മാത്രമല്ല, അതിലെ ഓരോ വാക്കുകളും വേർതിരിച്ചറിയാൻ നായ്ക്കൾക്ക് സാധിക്കുമെന്ന് പുതിയ പഠനങ്ങൾ. സംസാരത്തിലെ വ്യഞ്ജനാക്ഷരങ്ങളെ അടിസ്ഥാനമാക്കിയാണ് നായ്ക്കളുടെ തലച്ചോറ് വാക്കുകളുടെ അർഥം മനസ്സിലാക്കാൻ ശ്രമിക്കുന്നത്. മനുഷ്യർ സംസാരിക്കുമ്പോൾ ഒരു വാക്ക് എവിടെ തുടങ്ങുന്നു, എവിടെ അവസാനിക്കുന്നു എന്ന് തിരിച്ചറിയാൻ നായ്ക്കൾ പ്രധാനമായും ആശ്രയിക്കുന്നത് വ്യഞ്ജനാക്ഷരങ്ങളെയാണ്. ഹംഗറിയിലെ പ്രശസ്തമായ ഇയോട്വോസ് ലോറാൻഡ് സർവകലാശാലയിലെ ഗവേഷകരാണ് ഈ വിപ്ലവകരമായ പഠനത്തിന് പിന്നിൽ.

To advertise here,

കൊച്ചുകുട്ടികൾ ഭാഷ പഠിക്കുമ്പോൾ അക്ഷരങ്ങളുടെയും സ്വരങ്ങളുടെയും ക്രമം ശ്രദ്ധിച്ചാണ് വാക്കുകൾ തിരിച്ചറിയുന്നത്. ഇതിനെ സ്റ്റാസ്റ്റിക്കൽ ലേണിങ് എന്നാണ് പറയുക. ഇതേ രീതി തന്നെയാണ് നായ്ക്കളുടെ തലച്ചോറും പിന്തുടരുന്നത്. സംസാരിക്കുമ്പോൾ ഒരു വാക്ക് എവിടെ അവസാനിക്കുന്നു, അടുത്ത വാക്ക് എവിടെ തുടങ്ങുന്നു എന്ന് വേർതിരിച്ചറിയാൻ ഈ ശേഷി സഹായിക്കുന്നു. മനുഷ്യരിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നാണെന്ന് കരുതിയിരുന്ന ഈ അപഗ്രഥന ശേഷി നായ്ക്കളുടെ മസ്തിഷ്‌കത്തിലും ഉയർന്ന തോതിലുണ്ടെന്ന് ഇ.ഇ.ജി (EEG - Electroencephalography) സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ പരിശോധനകളിൽ കണ്ടെത്തി. തുടർച്ചയായി കേൾക്കുന്ന ശബ്ദതരംഗങ്ങളിൽ നിന്ന് പരിചിതമായ വാക്കുകൾ, പുതിയ വാക്കുകൾ, അർത്ഥമില്ലാത്ത ശബ്ദങ്ങൾ എന്നിവ വേർതിരിച്ചു മനസ്സിലാക്കാൻ നായ്ക്കളുടെ തലച്ചോറിന് സാധിക്കുന്നുണ്ട്. മാത്രമല്ല, നായ്ക്കളുടെ തലച്ചോറിലെ തരംഗങ്ങൾ നിരീക്ഷിച്ചപ്പോൾ, സ്വരാക്ഷരങ്ങളേക്കാൾ വ്യഞ്ജനാക്ഷരങ്ങളിൽ വരുന്ന മാറ്റങ്ങളോടാണ് അവയുടെ തലച്ചോർ വേഗത്തിൽ പ്രതികരിച്ചത്.

കുട്ടികൾ വാക്കുകളെയും അവയുടെ അർത്ഥത്തെയും പരസ്പരം വേർതിരിക്കുന്നത് പ്രധാനമായും വ്യഞ്ജനാക്ഷരങ്ങളിലെ വ്യത്യാസങ്ങൾ നിരീക്ഷിച്ചാണ്. ഉദാഹരണത്തിന്, 'Sit', 'Fit', 'Kit' എന്നീ വാക്കുകളിൽ സ്വരാക്ഷരം ഒന്നുതന്നെയാണെങ്കിലും വ്യഞ്ജനാക്ഷരങ്ങളിലെ മാറ്റമാണ് അവയ്ക്ക് വ്യത്യസ്ത അർത്ഥങ്ങൾ നൽകുന്നത്. നായ്ക്കളുടെ തലയിൽ ഇ.ഇ.ജി ഇലക്ട്രോഡുകൾ ഘടിപ്പിച്ച് മസ്തിഷ്‌ക തരംഗങ്ങൾ രേഖപ്പെടുത്തിയാണ് പഠനം നടത്തിയത്. പ്രത്യേകമായി ക്രമീകരിച്ച ശബ്ദങ്ങളും ആവർത്തന സാധ്യതയുള്ള പദച്ചേരുവകളും സ്പീക്കറുകളിലൂടെ കേൾപ്പിച്ചു. മുൻപ് കേട്ടിട്ടില്ലാത്ത വാചകഘടനകളോ അപരിചിതമായ അക്ഷരക്കൂട്ടങ്ങളോ കേൾക്കുമ്പോൾ നായ്ക്കളുടെ തലച്ചോറിൽ ഇ.ഇ.ജി തരംഗങ്ങളിൽ പെട്ടെന്നുള്ള വ്യതിയാനം ദൃശ്യമായി. മനുഷ്യർ അപരിചിതമായ വാക്കുകൾ കേൾക്കുമ്പോൾ കാണിക്കുന്ന അതേ മസ്തിഷ്‌ക പ്രതികരണമാണിത്.

മനുഷ്യരോടൊപ്പം ആയിരക്കണക്കിന് വർഷങ്ങളായി ജീവിച്ചുപോരുന്നതിന്റെ ഭാഗമായാണ് നായ്ക്കളിൽ ഇത്തരം മസ്തിഷ്‌ക ശേഷി വികസിച്ചതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. മനുഷ്യർ കുട്ടികളോട് സംസാരിക്കുന്നത് പോലെയുള്ള പ്രത്യേക ഈണത്തിലുള്ള സംസാരരീതിയോട് നായ്ക്കൾ കൂടുതൽ ശ്രദ്ധ നൽകുന്നു. ഉടമസ്ഥൻ സംസാരിക്കുമ്പോൾ വാക്കുകളുടെ ശബ്ദ ഘടനയിൽ വരുന്ന സൂക്ഷ്മമായ മാറ്റങ്ങൾ പോലും തിരിച്ചറിയാൻ നായ്ക്കൾക്ക് സാധിക്കും.

നായ്ക്കളുടെ ഈ അസാധാരണ ഭാഷാ സംസ്‌കരണ ശേഷി അവയോടുള്ള മനുഷ്യന്റെ ആശയവിനിമയം കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് എത്തോളജിസ്റ്റുകൾ ചൂണ്ടിക്കാണിക്കുന്നു. നായ്ക്കൾ കേവലം നമ്മുടെ ശബ്ദമോ നൽകുന്ന കമാൻഡുകളോ മാത്രമല്ല ശ്രദ്ധിക്കുന്നത്, മറിച്ച് നമ്മൾ ഉപയോഗിക്കുന്ന വാക്കുകളിലെ അക്ഷരങ്ങളും അവ കൃത്യമായി അപഗ്രഥിക്കുന്നുണ്ട് എന്നതിന് തെളിവാണ് ഈ പുതിയ കണ്ടെത്തൽ.