
ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനായി നടൻ പ്രേംകുമാറിനെ നിയമിച്ച സർക്കാർ തീരുമാനത്തിനെതിരെയുള്ള വിമർശനം ആവർത്തിച്ച് ഫിലിം ചേംബർ പ്രസിഡന്റ് അനിൽ തോമസ്. പ്രേംകുമാറിനെ ചെയർമാനാക്കിയതിനെ താൻ വിമർശിച്ചത് പാർട്ടി പ്രവർത്തകൻ എന്ന നിലയിലാണ്. ആ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി അനിൽ തോമസ് പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. അതേസമയം, ചലച്ചിത്ര അക്കാദമി ചെയർമാനായി രവീന്ദ്രന്റെയും സാംസ്‌കാരിക ക്ഷേമനിധി ബോർഡ് ചെയർമാനായി രഞ്ജിത്തിന്റെയും നിയമനങ്ങൾ അർഹതയ്ക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'ചലച്ചിത്ര അക്കാദമി ചെയർമാൻ രവീന്ദ്രനും, സാംസ്‌കാരിക ക്ഷേമനിധി ചെയർമാൻ രഞ്ജിത്തിനും ഒരു കോൺഗ്രസുകാരൻ എന്ന നിലയിൽ എന്റെ അഭിനന്ദങ്ങൾ ഒരിക്കൽ കൂടി അറിയിക്കുന്നു. അവർ രണ്ടുപേരും എന്റെ അറിവിൽ നാളിതുവരെ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി ഉറച്ചുനിന്ന വ്യക്തിത്വങ്ങൾ തന്നെയാണ്. അതിനുള്ള അംഗീകാരം കൊടുത്തതിൽ തീർച്ചയായും പാർട്ടിയോടുള്ള നന്ദി അറിയിക്കുന്നു. നിയമിക്കപ്പെട്ട പോസ്റ്റുകളിൽ അവർ നൂറ് ശതമാനവും നീതി പുലർത്തുന്ന പ്രവർത്തനം കാഴ്ചവെക്കും എന്നും എനിക്ക് ഉറപ്പുണ്ട്', അനിൽ തോമസ് കുറിച്ചു.
'പ്രേംകുമാറിനെ ചെയർമാൻ ആക്കിയതിൽ ഞാൻ വിമർശിച്ചത് നൂറ് ശതമാനവും ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ തന്നെയാണ്. ആ നിലപാടിൽ ഉറച്ചു നിൽക്കുന്നു. ഇങ്ങനെ ഒരു നിയമനം നടത്താൻ ആയിരുന്നെങ്കിൽ കെ. മധുവിന് തുടരാൻ അവസരം കൊടുക്കാമായിരുന്നു. കാരണം എന്റെ അറിവിൽ അദ്ദേഹം മികച്ച പ്രവർത്തനം ചുരുങ്ങിയ കാലംകൊണ്ട് തന്നെ നടത്തിയിരുന്നു', അനിൽ തോമസ് അഭിപ്രായപ്പെട്ടു.
'ഞാൻ ഇപ്പോൾ വഹിക്കുന്ന ഒരു തസ്തികയുടെ പേരിൽ ഈ കാര്യത്തിൽ ഒരു അഭിപ്രായം പറഞ്ഞിട്ടില്ല. വന്നിട്ടുള്ള നിയമനങ്ങൾ വൈകി എന്നൊരു അഭിപ്രായം തീർച്ചയായും ഉണ്ട്. നിയമിക്കപ്പെട്ടവർക്ക് എത്രയും വേഗം അവരുടെ പ്രവർത്തന മേഖലയിൽ മികവ് തെളിയിക്കാൻ സാധിക്കട്ടെ. ഒരു സുഹൃത്ത് എന്ന നിലയിൽ എല്ലാ പിന്തുണയും എപ്പോഴും അവർക്ക് ഉണ്ടാവും', അനിൽ തോമസ് അഭിപ്രായപ്പെട്ടു.
'ഞാൻ പ്രകടിപ്പിച്ച അഭിപ്രായത്തിൽ കുരു പൊട്ടിയവർക്ക് ആയി പറയുന്നു, എന്റെ അഭിപ്രായം ഞാൻ തുടർന്നും പ്രകടിപ്പിക്കും. നിങ്ങൾക്ക് പൊട്ടാൻ കുരുക്കൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു', അദ്ദേഹം പരിഹസിച്ചു.
സാംസ്‌കാരിക മേഖലയിലെ കോൺഗ്രസുകാരെ കൊഞ്ഞനം കുത്തുന്ന നിയമനമാണ് പ്രേംകുമാറിന്റേതെന്ന് അനിൽ തോമസ് കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. വഴിയിൽ വണ്ടിമാറി കയറുന്ന സംസ്‌കാരമുള്ളവർക്ക് സ്ഥാനം നൽകുന്നത് കോൺഗ്രസിന് ഗുണകരമാവില്ലെന്നായിരുന്നു കുറ്റപ്പെടുത്തൽ.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ ആയിരുന്നു പ്രേംകുമാർ. രഞ്ജിത്ത് രാജിവെച്ചതിന് പിന്നാലെ ചെയർമാന്റെ ചുമതല നിർവഹിച്ചിരുന്നു. ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായാണ് പുതിയ സർക്കാർ പ്രേംകുമാറിനെ നിയമിച്ചിരിക്കുന്നത്.
Content Highlights: Film Chamber President Anil Thomas stands firm on his criticism of actor Premkumar's appointment as KSFDC Chairman. Anil Thomas stated that his objection to Premkumar's appointment was voiced purely as a Congress party worker. He congratulated Raveendran on becoming Chalachitra Academy Chairman and Renjith on taking charge as Cultural Welfare Fund Board Chairman. Thomas mentioned that K. Madhu could have been allowed to continue as KSFDC Chairman given his track record. He strongly countered online critics and reiterated that he would continue to voice his opinions openly.
Published: 28 Sept 2026, 08:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented