കേരള സംഗീതനാടക അക്കാദമിയുടെ ഓണ്‍ലൈന്‍ നൃത്തോത്സവം പരിപാടിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ഡോ. ആര്‍.എല്‍.വി രാമകൃഷ്ണന് അവസരം നിഷേധിച്ച സംഭവത്തിൽ പ്രതിഷേധവുമായി നാടക് സംസ്ഥാന കമ്മിറ്റി. അന്തരിച്ച പ്രശസ്ത നടൻ കലാഭവൻ മണിയുടെ സഹോദരനായ ഡോ. ആർ.എൽ.വി രാമകൃഷ്ണൻ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെയാണ് സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണൻ നായർ തനിക്ക് അവസരം നിഷേധിച്ചതായി വെളിപ്പെടുത്തിയത്.

നാടകിന്റെ പ്രതിഷേധ കുറിപ്പിന്റെ പൂർണ രൂപം

ഡോ. ആർ. എൽ.വി രാമകൃഷ്ണനെ കേരള സംഗീത നാടക അക്കാദമി ഭാരവാഹികളും ചില ഉദ്യോഗസ്ഥരും അപമാനിയ്ക്കുകയും അവസരം നിഷേധിയ്ക്കുകയും ചെയ്ത സംഭവത്തിൽ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നു.
--------------------------------------------------------------------
പ്രിയരേ...

ആർ. എൽ.വി രാമകൃഷ്ണൻ എന്ന പ്രഗത്ഭനായ മോഹിനിയാട്ട കലാകാരൻ സംഗീത നാടക അക്കാദമി ഭാരവാഹികളുടെയും അവിടുത്തെ ചില ഉദ്യോഗസ്ഥരുടെയും മോശപ്പെട്ട പെരുമാറ്റത്തിനും അവഹേളനത്തിനും ഇരയായിരിയ്ക്കുന്നു എന്ന വസ്തുത കേരളത്തിലെ കലാലോകം വളരെ ഗൗരവത്തോടെ കാണേണ്ട ഒന്നാണ്.  കോവിഡ്കാല സമാശ്വാസം എന്ന തരത്തിൽ അക്കാദമി തുടങ്ങിയ ഓൺലെെൻ പരിപാടിയിൽ തനിയ്ക്കുകൂടി ഒരു അവസരം വേണം എന്ന് കത്തു മൂലം ആവശ്യപ്പെടാൻ (ചെയർ പേഴ്സന്റെ നിർദ്ദേശം അനുസരിച്ച്) അക്കാദമിയിൽ എത്തിയ ശ്രീ.രാമകൃഷ്ണന് വലിയ തോതിൽ അവഹേളനവും പരിഹാസവും വിവേചനവും അനുഭവിയ്ക്കേണ്ടി വന്നു എന്ന് അദ്ദേഹം തന്നെ പൊതുസമൂഹത്തോട് പറഞ്ഞിരിയ്ക്കുന്നു. ഈ ഓൺലെെൻ  പരിപാടിയ്ക്ക് അപേക്ഷ ക്ഷണിയ്ക്കുകയോ മാനദണ്ഡങ്ങൾ പരസ്യപ്പെടുത്തുകയോ ചെയ്തിട്ടില്ല എന്ന വലിയ ആക്ഷേപം പരക്കെ ഉയർന്നിട്ടുണ്ട്. 

ഒരു ജനകീയസർക്കാറിന്റ സാംസ്ക്കാരികനയത്തിന്റെ പ്രതിഫലനമാണ് അക്കാദമികളിൽനിന്ന് നാം പ്രതീക്ഷിക്കേണ്ടതെങ്കിൽ, ഞങ്ങൾ വീണ്ടും ചോദിച്ചുപോകയാണ്, ഇതാണോ ഈ സർക്കാരിന്റെ സാംസ്ക്കാരികനയം? തന്നെക്കാണാൻ വന്ന ഒരു കലാകാരനെ അക്കാദമി ഓഫിസിനു പുറത്ത് മാറ്റി നിർത്തുകയും പിന്നാലെ വന്ന പലർക്കും ദർശനം നൽകിയിട്ടും ഒന്നു നോക്കാൻ പോലും തയ്യാറാകാത്ത തരത്തിൽ എന്ത് അസ്പൃശ്യതയാണ് രാമകരാമകൃഷ്ണനുള്ളതെന്ന് സെക്രട്ടറി വ്യക്തമാക്കേണ്ടതല്ലേ?എന്ത് മാനദണ്ഡത്തിന്റെ പുറത്താണ് Dr.RLV രാമകൃഷ്ണന്  അവകാശം നിഷേധിക്കുന്നതെന്ന് വ്യക്തമാക്കാനുള്ള ബാധ്യത ഭാരവാഹികൾക്കില്ലേ?
ഒരു പൊതു സാംസ്ക്കാരിക നയത്തിന്റെ അഭാവം സാമൂഹ്യ  ജീർണ്ണതയിലേക്ക് നയിക്കുന്നതിന്റെ സൂചകങ്ങളാണ് ഇത്തരം സംഭവങ്ങൾ. ബന്ധപ്പെട്ട സർക്കാരും പൊതു സമൂഹവും വീണ്ടുവിചാരം ചെയ്യേണ്ട വിഷയമാണിത്.

മോഹിയാട്ടത്തിൽ  ഡോക്ടറേറ്റ് നേടിയ ഈ  ആർടിസ്റ്റിനെ അംഗീകരിയ്ക്കാൻ അക്കാദമിയ്ക്ക് ഇത്ര മടി എന്തുകൊണ്ടാണ്? അദ്ദേഹത്തിന് ഒരു അവസരം കൊടുക്കുന്ന കാര്യത്തിൽ ഇത്ര വിയോജിപ്പ് എന്തുകൊണ്ടാണ്? സംഘർഷങ്ങൾ നിറഞ്ഞ 15 വർഷത്തെ മോഹിനിയാട്ട കലാപഠനത്തിനൊടുവിൽ അദ്ദേഹം നേടിയ ഈ ബിരുദങ്ങൾക്ക് പുല്ലുവില പോലും അക്കാദമി നേതൃത്വം കല്പിയ്ക്കുന്നില്ല എന്നത് കേരളത്തിന് നാണക്കേടാണ്.ഒരു കലാകാരനെയോ കലാകാരിയെയോ വിലയിരുത്തേണ്ടത് അവരുടെ കഴിവിന്റെ അടിസ്ഥാനത്തിലായിരിക്കണം.അല്ലാതെ തൊലിയുടെ നിറമോ കുടുംബ മഹിമയോ നോക്കിയാകരുത് എന്ന്  കേരളത്തിലെ ഒരു അക്കാദമിയുടെ ഭാരവാഹികളോട് പറയേണ്ടിവരുന്നത് അത്യന്തം ഖേദകരമാണ്. അല്ലെങ്കിൽ എന്തുകാരണം കൊണ്ടാണ് ശ്രീ.രാമകൃഷ്ണനെ കാണാൻപോലും കൂട്ടാക്കാതിരുന്നതെന്നും അദ്ദേഹത്തിന് അവസരം നിഷേധിച്ചതെന്നും സെക്രട്ടറിയും, താൻ തന്നെ പറഞ്ഞിട്ട് കത്തു കൊടുക്കാൻ വന്ന ഒരു കലാകാരന്റെ കാര്യത്തിൽ ഇത്ര മോശമായ കാര്യങ്ങൾ എന്തുകൊണ്ട് ഉണ്ടായി എന്ന് ചെയർപേഴ്സണും കേരളീയ സമൂഹത്തിനോട് വ്യക്തമാക്കേണ്ടതുണ്ട്.

ഈ അക്കാദമി പത്തോളം കലാരൂപങ്ങളുടെസംരക്ഷണവും നിലനിൽപ്പും വളർച്ചയും അതിലിടപെടുന്ന കലാകാരരുടെ ക്ഷേമവും ഉറപ്പ് വരുത്താൻ ബാധ്യതപ്പെട്ട സ്ഥാപനം എന്ന തരത്തിലാണ് നിലവിൽ വന്നിട്ടുള്ളതും ഇപ്പോഴും നിലനിൽക്കുന്നതും. പക്ഷെ രാഷ്ട്രീയ പോസ്റ്റിംഗിലൂടെ ഇതിന്റെ തലപ്പത്ത് വരുന്ന ഭാരവാഹികളും, യാതൊരുവിധ കലാപരിചയവും ഇല്ലാതെ നിയമിയ്ക്കപ്പെടുന്ന ഉദ്യോഗസ്ഥരും ചേർന്ന് ഈ സ്ഥാപനത്ത തങ്ങളുടെ സ്ഥാപിതതാൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള ഒരു ഇടമാക്കി മാറ്റിയിരിക്കുന്നു എന്ന് സംശയിക്കണം.
കല തിരിച്ചറിയാനും ആസ്വദിയ്ക്കാനും  കലാകാരരെ മനസ്സിലാക്കാനും ആദരിയ്ക്കാനുമറിയുന്ന ഉദ്യോഗസ്ഥരും ഭരണാധികാരികളും മാത്രമായിരിയ്ക്കണം ഇത്തരം സ്ഥാപനങ്ങളുടെ ഭാഗമാകേണ്ടത്. സാമ്പത്തികമോ കുലമഹിമയോ വേഷഭൂഷാദികളോ ഭാഷയോ പത്രാസോ നോക്കി കല ചെയ്യുന്നവരെ വിലയിരുത്തുന്ന വൃത്തികേട് അവസാനിയ്ക്കുക തന്നെവേണം.

ഇന്ത്യയിലെ എല്ലാഡാൻസ്(നൃത്ത,നൃത്യ,നാട്യ) രൂപങ്ങളിലും പുരുഷ സാന്നിധ്യം അംഗീകരിയ്ക്കപ്പെട്ടു പോന്നിട്ടുള്ളത്  ചരിത്രമാണ്. ഫ്യൂഷൻ ഡാൻസിന്റെ വക്താവായിരുന്ന ഉദയ ശങ്കർ, ബിൻഡാഡിൻ മഹാരാജിൽ തുടങ്ങുന്ന കഥക് നർത്തകരുടെ ചരിത്രം.അവരിൽ ഏറ്റവും പേരുകേട്ട പണ്ഡിറ്റ് ബിർജു മഹാരാജ്, ഭരതനാട്യത്തിൽ പേരുകേട്ട ധനഞ്ജയൻ,ഒഡിസി ഡാൻസിൽ കേളു ചരൻ മഹപാത്ര, മോഹിനിയാട്ടത്തിൽ തന്നെ ഡോക്ടറേറ്റ് ഉള്ള മലയാളി കെഎം അബു അങ്ങനെ പുരുഷ നർത്തകരുടെ നിര വളരെ നീണ്ടതാണ്. പിന്നെ എന്താണ് ഇവിടെ ഒരു ആണിന് ഇത്ര വിലക്ക്? അതോ 'മോഹിനിയാട്ടം എന്ന കലയിൽ പുരുഷൻമ്മാർക്കെന്തുകാര്യം'എന്ന സെക്രട്ടറിയുടെ മനസ്സിലെ ഫ്യുഡൽ ചിന്തയാണോ ഇതിനുപിന്നിൽ പ്രവർത്തിച്ചത്? എന്തുതന്നെയായാലും ട്രാൻസ്‌ജെന്ററുകളുടെ കാര്യത്തിൽ ഇൻഡ്യയിൽ ആദ്യം സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ട കേരളത്തിൽ ഈ വിഷയത്തിൽ ഇപ്പോൾ നടന്നിരിയ്ക്കുന്നത് പിന്തിരിപ്പൻ സംസ്ക്കാരശൂന്യ ഇടപെടലാണ്. ഇതു ഈ സർക്കാരിന്റെ നിലപാടാണോ? ഉത്തരവാദപ്പെട്ടവർ മറുപടി പറയണം.

വിദ്യാസമ്പന്നനും നൂറുകണക്കിന് കുട്ടികൾക്ക് ഗുരുവും നൃത്തോപാസന ജീവവായുവുമാക്കിയ ശ്രീ.R LV രാമകൃഷ്ണന് നേരിട്ട ഈ അപമാനവും തിരസ്ക്കാരവും കേരളത്തിലെ മുഴുവൻ കലാകാര സമൂഹത്തിനും ഏറ്റ അപമാനമാണ്.ഞങ്ങൾ,  ഗൗരവത്തോടെ കലാപ്രവർത്തനം നടത്തുന്ന  കേരളത്തിലെ നാടക പ്രവർത്തകരുടെ സംഘടന, നാടക്, ഈ വിഷയത്തിൽ ശക്തമായി പ്രതിഷേധിയ്ക്കുന്നു. ശ്രീ.രാമകൃഷ്ണന് വലിയരീതിയിൽ  മാനസികവ്യഥയും സാമൂഹ്യവേർതിരിവും അനുഭവിയ്ക്കാൻ കാരണക്കാരായ അക്കാദമി അധികാരികളുടെ ഈ പ്രവർത്തിയെ അപലപിയ്ക്കുന്നു. ഈ വിഷയത്തിൽ ശ്രീ രാമകൃഷ്ണന് നീതി കിട്ടാൻ വേണ്ട ഇടപെടലുകൾ നടത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നു.തങ്ങൾ അലങ്കരിയ്ക്കുന്ന പദവിയുടെ സാമൂഹ്യ ഉത്തരവാദിത്തവും ഗൗരവവും തിരിച്ചറിയാത്ത അക്കാദമി  ഭാരവാഹികളുടെ പ്രവർത്തന രീതി തിരുത്തിയ്ക്കാൻ ശക്തമായി ഇടപെടണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നു.