നായകൻ, വില്ലൻ, ഡബ്ബിങ് ആർട്ടിസ്റ്റ്... വെള്ളിത്തിരയിൽ റിസബാവയുടെ കയ്യൊപ്പു പതിഞ്ഞ മേഖലകൾ. 1984-ൽ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയതെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷേ റിസബാവയിലെ അഭിനേതാവിനെ മലയാള സിനിമ തിരിച്ചറിയാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. 

ആറുവർഷങ്ങൾക്ക് ശേഷം റിസബാവ നായകനായി. ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോക്ടർ പശുപതിയിൽ പാർവതിയുടെ നായകനായത് റിസബാവയായിരുന്നു. അവിടംകൊണ്ടും തീർന്നില്ല, അതേവർഷം തന്നെ മലയാളസിനിമയിലെ തന്നെ ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന വില്ലൻ കഥാപാത്രം റിസബാവയിലൂടെ പ്രേക്ഷകർ കണ്ടു. സി​ദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ പിറന്ന ഇൻ ഹരിഹർ ന​ഗറിലെ ജോൺ ഹോനായി മലയാള സിനിമാസ്വാദകരുടെ മനസിൽ ഭയത്തിന്റെ പുതിയ തലങ്ങൾ സൃഷ്ടിച്ചു. 

ബന്ധുക്കൾ ശത്രുക്കൾ, ആനവാൽ മോതിരം, കാബൂളിവാല, വധു ഡോക്ടറാണ്, മലപ്പുറം ഹാജി മഹാനായ ജോജി, അനിയൻ ബാവ ചേട്ടൻ ബാവ തുടങ്ങി നിരവധി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം വേഷമിട്ടു. പ്രണയം, ദ ഹിറ്റ്ലിസ്റ്റ്, കർമയോ​ഗി, കളിമണ്ണ് എന്നീചിത്രങ്ങൾക്കായി ശബ്ദം നൽകി. ഇതിൽ കർമയോ​ഗിയിലൂടെ ആ വർഷത്തെ മികച്ച ഡബ്ബിങ്ങിനുള്ള സംസ്ഥാനപുരസ്കാരവും റിസബാവയെ തേടിയെത്തി. 

Content Highlights: Rizabawa Malayalam Actor John Honai In Harihar Nagar