ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ (UNGA) ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ നടത്തിയ പ്രസംഗത്തിന് പിന്നാലെ, ഹൈദരാബാദിലെ ഇറാനിയൻ കോൺസുലേറ്റ് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധനേടുന്നു. പ്രഭാസ് നായകനായ 'ബാഹുബലി: ദി ബിഗിനിംഗി'ലെ യുദ്ധരംഗത്തിന്റെ വീഡിയോ ക്ലിപ്പാണ് നയതന്ത്ര സന്ദേശം നൽകാനായി ഇറാൻ കോൺസുലേറ്റ് ഉപയോഗിച്ചത്. പെസെഷ്കിയാന്റെ "ഞങ്ങൾ ഒരിക്കലും തലകുനിക്കുകയോ മുട്ടുമടക്കുകയോ ഇല്ല" എന്ന സന്ദേശത്തിന് സിനിമയിൽനിന്നുള്ള ഒരു സാദൃശ്യം കാണിച്ചുകൊടുക്കുന്നതായിരുന്നു ഇത്.

To advertise here,

ഇറാൻ കോൺസുലേറ്റ് പങ്കുവെച്ച വീഡിയോയിൽ, അമരേന്ദ്ര ബാഹുബലി (പ്രഭാസ്) തന്റെ വലിയ ശത്രുസൈന്യമായ കാലകേയന്മാർക്കെതിരെ ഒറ്റയ്ക്ക് പൊരുതുന്ന രംഗമാണുള്ളത്. വമ്പൻ സൈന്യത്തിന് മുന്നിലും പതറാതെ നിലകൊള്ളുന്ന ബാഹുബലിയുടെ പോരാട്ടത്തെ ഇറാന്റെ പ്രതിരോധ നിലപാടുകളോട് ഉപമിച്ചാണ് കോൺസുലേറ്റ് എക്സിൽ (X) കുറിപ്പ് നൽകിയത്. "കാലകേയന്മാർക്കെതിരെ ബാഹുബലി നിലകൊണ്ടതുപോലെ, മാതൃരാജ്യത്തിനായുള്ള ത്യാഗത്തിൽ ഞങ്ങൾ സ്വന്തം രക്തം ചിന്തുന്നു" എന്ന് ഇറാന്റെ ഹൈദരാബാദ് കോൺസുലേറ്റ് തങ്ങളുടെ സന്ദേശത്തിൽ വ്യക്തമാക്കി.

ന്യൂയോർക്കിൽ നടന്ന 81-ാമത് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെയുള്ള ശക്തമായ നിലപാട് വ്യക്തമാക്കിയത്. തങ്ങളുടെ രാജ്യത്തിന് മേലുള്ള ഉപരോധങ്ങളെയും ഭീഷണികളെയും അതിജീവിച്ച് ഇറാൻ ഒരിക്കലും കീഴടങ്ങില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളായി തങ്ങൾ മറ്റ് രാജ്യങ്ങളെ ആക്രമിച്ചിട്ടില്ലെന്നും, മറിച്ച് തങ്ങളാണ് ഭീകരവാദത്തിന്റെ ഇരകളായതെന്നും അദ്ദേഹം സഭയിൽ ചൂണ്ടിക്കാട്ടി.

ഒരു തെലുങ്ക് സിനിമാ രംഗം അന്താരാഷ്ട്ര നയതന്ത്ര വിഷയത്തിൽ അപ്രതീക്ഷിതമായി കടന്നുവന്നത് ഇന്ത്യൻ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറി. നയതന്ത്ര സന്ദേശം നൽകാൻ ഇത്തരം പോപ്പ് കൾച്ചർ റഫറൻസുകൾ ഉപയോഗിച്ച ഇറാന്റെ സോഷ്യൽ മീഡിയ ടീമിനെ അഭിനന്ദിച്ചും തമാശ രൂപേണയും നിരവധി ആളുകളാണ് പോസ്റ്റിനോട് പ്രതികരിച്ചത്. നിലവിലെ സാഹചര്യങ്ങൾക്കിടയിൽ ഇത്തരമൊരു സിനിമാ രംഗം കടന്നുവന്നത് ആളുകളിൽ ഏറെ കൗതുകമുണർത്തി.

Also Read: ആദ്യം RRR കണ്ടു, ഭാര്യയേയും കൂട്ടിവന്ന് ‘ഈച്ച’യും; രാജമൗലിയെ ഞെട്ടിച്ച് സംവിധായകൻ കോസ്റ്റ ഗാവ്‌റിസ്‌

എസ്. എസ്. രാജമൗലി സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ ചിത്രമാണ് 'ബാഹുബലി: ദി ബിഗിനിംഗ്'. പ്രഭാസ്, റാണ ദഗ്ഗുബട്ടി, അനുഷ്ക ഷെട്ടി, തമന്ന തുടങ്ങി വൻ താരനിര അണിനിരന്ന ചിത്രമാണിത്. 2027-ൽ ബാഹുബലി: ദ കൺക്ലൂഷൻ എന്ന പേരിൽ ഈ ചിത്രത്തിന്റെ തുടർച്ചയും പുറത്തുവന്ന് വലിയ ഹിറ്റായി മാറിയിരുന്നു.