മട്ടാഞ്ചേരിയിലും ഫോർട്ട് കൊച്ചിയിലും സജീവമായിരുന്ന ജൂത സംസ്‌കാരത്തിന്റെയും സമ്പന്നതയുടെയും അടയാളമായി തലയുയർത്തിനിന്ന ഒരു കുടുംബപ്പേരുണ്ട്- കോഡർ. ഒരുകാലത്ത് കൊച്ചിയിലെ സമ്പന്നതയുടെയും പ്രൗഢിയുടെയും അവസാനവാക്ക്. ഫോർട്ട് കൊച്ചിയിലെത്തിയവരാരും കോഡർഹൗസ് എന്ന ആ ചുവന്ന കെട്ടിടം മറക്കില്ല. രണ്ട് നൂറ്റാണ്ട് പഴക്കത്തിലും തലയെടുപ്പോടെ നിന്ന കോഡർ ഹൗസിൽ തീപ്പിടിത്തമുണ്ടാക്കിയ നഷ്ടം വെറും സാമ്പത്തികം മാത്രമല്ലെന്ന് സാരം.
മട്ടാഞ്ചേരി ജൂ ടൗൺ കേന്ദ്രീകരിച്ച് സജീവമായിരുന്ന പരദേശി ജൂത സമൂഹത്തിലെ ഏറ്റവും പ്രമുഖരായിരുന്നു കോഡർ കുടുംബം. ഫോർട്ട് കൊച്ചിയുടെ സാംസ്‌കാരികവും വ്യാവസായികവുമായ വളർച്ചയിൽ അവർ വലിയ പങ്കുവഹിച്ചിരുന്നെന്ന് ‘കൊച്ചിക്കാർ’ എന്ന പുസ്തകത്തിന്റെ രചയിതാവും കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ സ്ഥാപകരിൽ ഒരാളുമായ ബോണി തോമസ് പറയുന്നു.
കൊച്ചിയിലെ പ്രമുഖ ജൂത വ്യവസായിയായിരുന്ന സാമുവൽ എസ്. കോഡർ 1808-ൽ നിർമിച്ചതാണ് ഫോർട്ട് കൊച്ചിയിലെ ടവർ റോഡിൽ സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ കോഡർ ഹൗസ്. ഇൻഡോ-പോർച്ചുഗീസ് ശൈലിയിൽ നിർമിച്ച, 200 വർഷത്തോളം പഴക്കമുള്ള ഈ മൂന്നുനില കെട്ടിടം കൊളോണിയൽ കാലഘട്ടത്തിലെ വാസ്തുവിദ്യാ വിസ്മയങ്ങളിലൊന്നാണ്.
പ്രധാന കെട്ടിടത്തിന് തൊട്ടുപിന്നിലായി കോഡർ കുടുംബത്തിന്റെ ഔദ്യോഗിക കാര്യങ്ങൾക്കും ഗസ്റ്റ് ഹൗസിനുമായി മറ്റൊരു കെട്ടിടംകൂടി പ്രവർത്തിച്ചിരുന്നു. ഈ രണ്ട് കെട്ടിടങ്ങളെയും തമ്മിൽ ഒന്നാംനിലയിലൂടെ ബന്ധിപ്പിച്ചുകൊണ്ട് നിർമ്മിച്ച ആകാശപ്പാത കൗതുകകരമായ കാഴ്ചയാണ്.
ആഗോളതലത്തിൽ ബിസിനസ് ബന്ധങ്ങളുണ്ടായിരുന്ന കോഡർ കുടുംബം ഈ രണ്ട് കെട്ടിടങ്ങളെയും തമ്മിൽ ഒന്നാം നിലയിലൂടെ ബന്ധിപ്പിച്ചുകൊണ്ട് നിർമ്മിച്ച ആകാശപ്പാതയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആഡംബര വസ്തുക്കളും വിലകൂടിയ ഫർണിച്ചറുകളും ജനാലയ്ക്കായി ബെൽജിയത്തിൽ നിന്നെത്തിച്ച ഗ്ലാസുകളും കാഴ്ചക്കാരെ വിസ്മയിപ്പിച്ചു
കേരളത്തിലുടനീളം വലിയൊരു കച്ചവടശൃംഖലതന്നെ കോഡർ കുടുംബത്തിനുണ്ടായിരുന്നു. 'കോഡറുടെ കടയിൽ പോയാൽ മുട്ടുസൂചി മുതൽ വിമാനംവരെ കിട്ടും' എന്നൊരു ചൊല്ലുണ്ടായിരുന്നു. വിലകൂടിയ മദ്യം മുതൽ ആഡംബര വസ്തുക്കളും ഫർണിച്ചറുകളും വരെ കോഡർ സ്‌റ്റോറിൽ കിട്ടുമായിരുന്നു.
കൊച്ചിയിൽ ആദ്യമായി വൈദ്യുതി വിതരണം ആരംഭിച്ചതും കോഡർ കുടുംബത്തിന്റെ നേതൃത്വത്തിലാണ്. 'കൊച്ചിൻ ഇലക്ട്രിക് കമ്പനി' എന്ന സ്ഥാപനം രൂപവത്കരിച്ച്, തെർമൽ പവർ ഉത്പാദിപ്പിച്ച് ഇവർ കൊച്ചിയിൽ വൈദ്യുതിയെത്തിച്ചു. ആദ്യം രാജകൊട്ടാരത്തിലേക്കും ഭരണ സ്ഥാപനങ്ങളിലേക്കും പിന്നീട് സാധാരണ ജനങ്ങൾക്കും വൈദ്യുതി നൽകിയ ഈ കമ്പനി 1970-കൾവരെ സജീവമായി പ്രവർത്തിച്ചിരുന്നു. ഇന്ന് ഫോർട്ട് കൊച്ചിക്കും വൈപ്പിനുമിടയിൽ സർവീസ് നടത്തുന്ന റോ-റോ ബോട്ടുകൾക്ക് എത്രയോ വർഷങ്ങൾക്കുമുൻപുതന്നെ ഈ റൂട്ടിൽ യാത്രാ ഫെറി സർവീസുകൾ നടത്തിയിരുന്നത് കോഡർ കുടുംബമായിരുന്നു.
ചീനവലകൾക്കുശേഷം ഫോർട്ട് കൊച്ചിയുടെ പ്രധാന മുഖമുദ്രയായി മാറിയ കോഡർ ഹൗസ് ഒരു ഹെറിറ്റേജ് ബോട്ടിക് ഹോട്ടലായി പ്രവർത്തിച്ചുവരികയായിരുന്നു. നിലവിൽ വിക്കി രാജൻ എന്നയാളുടെ ഉടമസ്ഥതയിലാണ് ഈ കെട്ടിടം.
ചൊവ്വാഴ്ചയുണ്ടായ തീപ്പിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും, നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടമായതിനാൽ തടികൊണ്ടുള്ള മേൽക്കൂരയും തറയുമാണ് നിർമാണത്തിന് ഉപയോഗിച്ചിരുന്നത്. ഇത് തീ അതിവേഗം പടരാൻ കാരണമായെന്നാണ് നിഗമനം. അപകടത്തിൽ കെട്ടിടത്തിന്റെ ചരിത്രപ്രധാനമായ പലഭാഗങ്ങൾക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
Content Highlights: Koder House was built in 1808 by prominent Jewish merchant Samuel S. Coder., The building showcases Indo-Portuguese architecture and unique features like an air bridge., The Koder family played a vital role in Kochi's trade, bringing the first electricity supply and ferry services., The heritage boutique hotel suffered a major fire accident.
Published: 29 Sept 2026, 09:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented