നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗത്തിന് ശേഷം നേരിട്ട വെല്ലുവിളികളെയും അതിജീവനത്തെയുംകുറിച്ച് തുറന്നുപറഞ്ഞ് നടി റിയ ചക്രബർത്തി. ജയിൽവാസവും കടുത്ത മാനസിക സമ്മർദ്ദവും അനുഭവിച്ച താൻ, പ്രിയപ്പെട്ടവരുടെ സഹായത്തോടെയാണ് ജീവിതം തിരിച്ചുപിടിച്ചതെന്ന് അവർ വ്യക്തമാക്കി. മുൻകാമുകനായ സുശാന്തിന്റെ മരണശേഷം ഉയർന്ന ആരോപണങ്ങളും നിയമപോരാട്ടങ്ങളും തന്റെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ചെന്നും അവർ പറഞ്ഞു. സ്വന്തം പോഡ്‌കാസ്റ്റായ 'ചാപ്റ്റർ 2'-വിലായിരുന്നു റിയ ഇക്കാര്യങ്ങൾ പറഞ്ഞത്.

To advertise here,

"2020 എൻ്റെ ജീവിതത്തിലെ വളരെ വേദനാജനകമായ സമയമായിരുന്നു. എൻ്റെ അച്ഛൻ പറയുന്നതുപോലെ, ഈ സ്ത്രീകൾ ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ അതിജീവിക്കുമായിരുന്നില്ല. ഇപ്പോൾ ഞങ്ങൾക്ക് വീട്ടിൽ ഒരു ക്ഷേത്രം ആവശ്യമില്ല, ഈ സ്ത്രീകളുടെ ഒരു ചിത്രം മതി. എന്നെ പിന്തുണച്ച വ്യക്തികളെക്കുറിച്ച് അന്ന് തുറന്നുപറയാൻ ധൈര്യമുണ്ടായിരുന്നില്ല. ഇന്ന്, ഞാൻ എന്നെത്തന്നെ അതിജീവിച്ചു എന്ന് പറയാൻ കഴിയുന്ന ഒരിടത്ത് ഞാനിരിക്കുന്നു. ആളുകൾ എന്നോട് എപ്പോഴും നിങ്ങൾ ശക്തയാണെന്ന് പറയുന്നു. എന്നാൽ എൻ്റെ ജീവിതത്തിലെ ചില വ്യക്തികൾ കാരണമാണ് ഞാൻ ഇതിനെ അതിജീവിച്ചത്." തൻ്റെ സുഹൃത്തുക്കൾ നൽകിയ പിന്തുണയെക്കുറിച്ച് റിയ പറഞ്ഞതിങ്ങനെ.

ആ പ്രതിസന്ധി ഘട്ടത്തിൽ തന്നെ പിന്തുണയ്ക്കുന്നത് അന്ന് അത്ര എളുപ്പമായിരുന്നില്ലെന്നും, സുഹൃത്തുക്കളില്ലായിരുന്നെങ്കിൽ താൻ ഈ കൊടുങ്കാറ്റിനെ അതിജീവിക്കില്ലായിരുന്നുവെന്നും റിയ വികാരാധീനയായി പറഞ്ഞു.

2020-ൽ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം റിയക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB) റിയയെയും സഹോദരൻ ഷോവിക്കിനെയും അറസ്റ്റ് ചെയ്തു. സുശാന്തിന് റിയ ലഹരിമരുന്ന് എത്തിച്ചുനൽകി എന്ന എൻസിബിയുടെ വാദങ്ങൾ ബോംബെ ഹൈക്കോടതി തള്ളിക്കളയുകയും അവർക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ, കഴിഞ്ഞ വർഷം സിബിഐ സമർപ്പിച്ച റിപ്പോർട്ടിലൂടെ റിയയെ എല്ലാ കുറ്റങ്ങളിൽ നിന്നും ഒഴിവാക്കി.

ഈ കാലയളവിൽ റിയ ജയിൽവാസവും കടുത്ത സാമൂഹിക ബഹിഷ്കരണവും നേരിടേണ്ടി വന്നു. ആ സമയങ്ങളിൽ താൻ പിടിഎസ്ഡി (PTSD - Post-Traumatic Stress Disorder) അനുഭവിച്ചിരുന്നതായി റിയ വെളിപ്പെടുത്തിയിരുന്നു. എല്ലാ നിയമക്കുരുക്കുകളിൽ നിന്നും മോചിതയായ ശേഷം പോഡ്‌കാസ്റ്റിലൂടെയും പുതിയ സംരംഭങ്ങളിലൂടെയും പൊതുരംഗത്തേക്ക് ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ് റിയ.