ചെന്നൈ : ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജ രവിയുടെ ഭർത്താവും ഗായകനും ഡബ്ബിങ് ആർട്ടിസ്റ്റുമായ കെ. രവീന്ദ്രനാഥ് (പാലയാട് രവി-66) ചെന്നൈയിൽ അന്തരിച്ചു.

To advertise here,

കോവിഡ് ബാധിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റീവായെങ്കിലും ശ്വാസകോശത്തിലെ അണുബാധയെത്തുടർന്ന് ആരോഗ്യം മോശമായി. ചൊവ്വാഴ്ച പുലർച്ചെ 1.30-ഓടെയായിരുന്നു അന്ത്യം.

തലശ്ശേരി ധർമ്മടം പാലയാട് കൃഷ്ണനിലയത്തിൽ പരേതരായ പി.വി. കൃഷ്ണൻവൈദ്യരുടെയും അമ്മുവമ്മയുടെയും മകനാണ്.

അന്തരിച്ച പിന്നണിഗായിക പാലയാട് യശോദ സഹോദരിയാണ്. സഹോദരിയ്ക്കൊപ്പം സംഗീതപരിപാടികൾ അവതരിപ്പിച്ച കലാരംഗത്തെത്തിയ രവി പിന്നീട് ചില സിനിമകളിൽ ചെറിയ വേഷങ്ങൾ അവതരിപ്പിച്ചു. ഏതാനും സിനിമകളിലും കുറേ സീരിയലുകളിലും ഡബ്ബിങ് നിർവഹിച്ചു. അന്യഭാഷ സീരിയലുകൾ മലയാളത്തിലേക്കും തമിഴിലേക്കും മൊഴിമാറ്റംചെയ്യുന്ന രവീണ ക്രിയേഷൻസ്, സെവൻ ശ്രീ വോയിസ് മീഡിയ എന്നീ സ്ഥാപനങ്ങൾ നടത്തിവരികയായിരുന്നു.

ഏക മകൾ രവീണ നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമാണ്. മൈഥിലി ഗോവിന്ദൻ (മാനേജർ, ആർ.കെ.യു.പി.സ്കൂൾ, വളപട്ടണം), ജയലക്ഷ്മി ചന്ദ്രൻ (മാഹി), അംബിക പ്രകാശ് (അഴീക്കോട് സർവീസ് സഹകരണ ബാങ്ക്) എന്നിവരാണ് മറ്റ് സഹോദരങ്ങൾ. ശവസംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ധർമ്മടം പാലയാടുള്ള വീട്ടുവളപ്പിൽ.

Content Highlights: Raveendranath artist passed away wife Sreeja Ravi