ആദ്യഘട്ടങ്ങളിൽ ഇരുവരും ഇത്രയധികം സമയം വീട്ടിനുള്ളിൽ ഒരുമിച്ച് ചെലവഴിക്കുന്നത് അല്പം അപരിചിതമായി തോന്നിയിരുന്നെന്ന് രശ്മിക പറഞ്ഞു.

ഇടുപ്പെല്ലിൽ പരിക്കുപറ്റി സിനിമയിൽനിന്ന് വിട്ടുനിൽക്കുകയാണെങ്കിലും ഈ ദിവസങ്ങൾ തന്റെ ജീവിതത്തിൽ വലിയൊരു സന്തോഷത്തിന് കാരണമായെന്ന് നടി രശ്മിക മന്ദാന (Rashmika Mandanna). വിവാഹശേഷം ഭർത്താവും നടനുമായ വിജയ് ദേവരകൊണ്ട (Vijay Deverakonda)യോടൊപ്പം ഒട്ടും സമയം ചിലവഴിക്കാൻ കഴിയാതിരുന്ന തനിക്ക്, ഈ വിശ്രമവേള ഏറെ വിലപ്പെട്ട നിമിഷങ്ങളാണ് സമ്മാനിച്ചതെന്ന് അവർ പറഞ്ഞു. സിനിമയിലെ തിരക്കുകളിൽ നിന്നും വിട്ടുനിൽക്കാൻ നിർബന്ധിതയായ ഈ കാലയളവ് തങ്ങളുടെ ബന്ധത്തിന് എങ്ങനെ ഗുണകരമായി എന്നും അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ രശ്മിക തുറന്നുപറഞ്ഞു.
ഈ വർഷം ഫെബ്രുവരിയിലായിരുന്നു പരമ്പരാഗത ആന്ധ്രാ ശൈലിയിൽ വിജയിന്റെയും രശ്മികയുടെയും വിവാഹം കഴിഞ്ഞത്. എന്നാൽ വിവാഹശേഷമുള്ള ആദ്യത്തെ മൂന്ന് മാസക്കാലം തങ്ങളുടെ കടുത്ത ജോലിത്തിരക്കുകൾ കാരണം ഇരുവരും നേരിൽ കണ്ടിട്ടേയില്ലായിരുന്നുവെന്ന് രശ്മിക പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസിനോടായിരുന്നു അവരുടെ പ്രതികരണം. പ്രധാനമായും ഫോണിലൂടെ മാത്രമായിരുന്നു ആശയവിനിമയം നടത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് ഒരു പാട്ടിന്റെ ചിത്രീകരണത്തിനിടയിൽ ഇടുപ്പിന് പരിക്കേറ്റത്. വലതുകാൽ ഉയർത്താൻ പോലും ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ പൂർണവിശ്രമത്തിലേക്ക് മാറേണ്ടി വരികയും ചെയ്തുവെന്ന് അവർ പറഞ്ഞു.
ആദ്യഘട്ടങ്ങളിൽ ഇരുവരും ഇത്രയധികം സമയം വീട്ടിനുള്ളിൽ ഒരുമിച്ച് ചെലവഴിക്കുന്നത് അല്പം അപരിചിതമായി തോന്നിയിരുന്നെന്ന് രശ്മിക പറഞ്ഞു. പിന്നീട് ഇത് ഒരുപോലെ ആസ്വദിക്കാൻ തുടങ്ങി. വിവാഹശേഷം സ്വന്തം തിരക്കുകളിൽ നിന്നുമാറി ഏറ്റവും കൂടുതൽ സമയം ഒന്നിച്ച് ജീവിക്കാൻ സാധിച്ചത് ഈ സമയത്തായിരുന്നുവെന്നും രശ്മിക തുറന്നുപറഞ്ഞു.
ഒരുമിച്ചുള്ള സമയത്ത് ടിവി ഷോകൾ കാണുന്നതിൽ ഇരുവരുടെയും താൽപ്പര്യങ്ങൾ വ്യത്യസ്തമായിരുന്നു. വിജയ് കൂടുതൽ ഗൗരവമേറിയ പ്രോഗ്രാമുകൾ ഇഷ്ടപ്പെട്ടപ്പോൾ, രശ്മികയ്ക്ക് പ്രിയം കൊറിയൻ ഡ്രാമകളോടായിരുന്നു. ഒടുവിൽ തന്റെ പ്രിയപ്പെട്ട കെ-ഡ്രാമകളുടെ ആരാധകനാക്കി വിജയിനെ മാറ്റാൻ തനിക്ക് കഴിഞ്ഞു എന്ന് രശ്മിക തമാശയായി വെളിപ്പെടുത്തി. തങ്ങൾക്കിടയിൽ കൂടുതൽ സമയം ഇതുപോലെ ഒരുമിച്ച് വേണമെന്നും എന്നാൽ അടുത്ത തവണ പരിക്കുകൾ ഒന്നും ഇല്ലാതെയായിരിക്കണം അതെന്നുമാണ് വിജയ് ഇതിനോട് പ്രതികരിച്ചത്.
പരിക്കേറ്റിട്ടും തനിക്ക് നിസ്സഹായത തോന്നിയില്ലെന്ന് രശ്മിക പറഞ്ഞു. മറ്റുള്ളവരെ ആശ്രയിക്കാൻ തനിക്ക് ഇഷ്ടമല്ലെന്നും സ്വന്തമായി കാര്യങ്ങൾ നോക്കാൻ ഇഷ്ടപ്പെടുന്നുവെന്നും അവർ വ്യക്തമാക്കി. പരിക്കേറ്റ ഈ ഒഴിവുസമയത്ത് നന്നായി ഉറങ്ങാനും, പുസ്തകം വായിക്കാനും, പസിലുകൾ പൂരിപ്പിക്കാനും, അതോടൊപ്പം വീട്ടുകാർക്കൊപ്പം ചെലവിടാനുള്ള സമയം കണ്ടെത്താനും സാധിച്ചുവെന്ന് രശ്മിക മുൻപ് പറഞ്ഞിട്ടുണ്ട്. ഒരു പാട്ടിന്റെ ചിത്രീകരണത്തിനിടെയാണ് രശ്മികയ്ക്ക് പരിക്കേറ്റത്.
മൈസ എന്ന ചിത്രത്തിലെ ഒരു നൃത്തരംഗം ചിത്രീകരിക്കുന്നതിനിടയിലാണ് രശ്മികയുടെ വലത് ഇടുപ്പിലെ ഒരു ടെൻഡൻ (tendon) പൊട്ടിയത്. വലത് ഇടുപ്പിനെ കാലുമായി ബന്ധിപ്പിക്കുന്ന നാല് ടെൻഡനുകളിൽ ഒന്നാണ് വേർപെട്ടതെന്നും, കാൽ ശരിയായി ഉയർത്തണമെങ്കിൽ ഇത് വീണ്ടും യോജിക്കുന്നതുവരെ പൂർണ്ണ വിശ്രമം ആവശ്യമാണെന്നും താരം വ്യക്തമാക്കി. പരിക്ക് കഠിനമായ വേദന ഉണ്ടാക്കുന്നുണ്ടെങ്കിലും അത് സഹിക്കാവുന്നതേയുള്ളൂവെന്നും, താൻ അഭിനയിച്ചതിൽ വെച്ച് ഏറ്റവും കൂടുതൽ ശാരീരിക അധ്വാനം ആവശ്യപ്പെടുന്ന ചിത്രമാണ് 'മൈസ' എന്നും രശ്മിക പറഞ്ഞിരുന്നു.
നവാഗതനായ രവീന്ദ്ര പുല്ലൈ ആണ് 'മൈസ'യുടെ സംവിധാനം. 'രണബാലി' (Ranabaali), 'പുഷ്പ 3' (Pushpa 3), 'ആനിമൽ പാർക്ക്' (Animal Park), 'രാക്ക' (Rakka) തുടങ്ങിയവയാണ് രശ്മികയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.
Content Highlights: Actress Rashmika Mandanna shared that while a painful hip injury forced her to take a break from her hectic film schedules, it unexpectedly allowed her and husband Vijay Deverakonda to spend quality time together for the first time since their wedding.
Published: 03 Sept 2026, 05:42 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented