സിനിമാ ചിത്രീകരണത്തിനിടെ നടി രശ്മിക മന്ദാനയ്ക്ക് ഗുരുതര പരിക്ക്. കഠിനമായ നൃത്ത- ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണത്തിനായുള്ള പരിശീലനത്തിനിടെയാണ് പരിക്കേറ്റതെന്നാണ് റിപ്പോർട്ട്. ഇടുപ്പിനാണ് പരിക്കേറ്റതെന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നു.

To advertise here,

ഏത് സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്കെന്ന് സ്ഥിരീകരണമില്ല. 'രണബലി','മൈസ' എന്നീ ചിത്രങ്ങളാണ് നിലവിൽ നടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ഇടുപ്പിൽ ടെൻഡൺ ഡിറ്റാച്ച്‌മെന്റ് എന്ന അവസ്ഥയാണ് നടിക്ക് സ്ഥിരീകരിച്ചിരിക്കുന്നത്.

കായികതാരങ്ങളിൽ സാധാരണയായി കണ്ടുവരാറുള്ള തരത്തിലുള്ള ഗുരുതരമായ പരിക്കാണിതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. നടിയോട് ആറാഴ്ചത്തെ പൂർണ്ണ വിശ്രമത്തിന് വിധേയയാകാൻ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.

പരിക്കിനെ തുടർന്ന് രശ്മിക അഭിനയിച്ചു കൊണ്ടിരിക്കുന്ന നാല് പ്രധാന സിനിമകളുടെ ചിത്രീകരണ ഷെഡ്യൂളുകളും ഒപ്പം മുപ്പതോളം ബ്രാൻഡുകളുടെ പരസ്യ ചിത്രീകരണങ്ങളും താത്കാലികമായി തടസ്സപ്പെടാൻ സാധ്യതയുണ്ട്. സംഭവത്തിൽ രശ്മികയോ അവരുടെ മാനേജ്മെന്റ് ടീമോ നിലവിൽ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവിട്ടിട്ടില്ല. വാർത്ത പ്രചരിച്ചതോടെ പ്രിയനടി വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന ആശംസകളുമായി നിരവധി ആരാധകരാണ് സാമൂഹിക മാധ്യമങ്ങളിൽ എത്തുന്നത്.