ഇതിഹാസനടനും തമിഴ്‌നാട് മുൻമുഖ്യമന്ത്രിയുമായ എം.ജി. രാമചന്ദ്രന് (എം.ജി.ആർ) എതിരായ തെലുങ്ക് നടൻ രാജേന്ദ്ര പ്രസാദിന്റെ പരാമർശത്തിനെതിരേ തമിഴ്‌നാട്ടിൽ വ്യാപകപ്രതിഷേധം. തെലുങ്ക് താരം കാന്തറാവുവുമായി എം.ജി.ആറിനെ താരതമ്യപ്പെടുത്തിയുള്ള പരാമർശമാണ് വിവാദങ്ങൾക്കിടയാക്കിയത്. രാജേന്ദ്രപ്രസാദിനെതിരേ തമിഴിലെ അഭിനേതാക്കളുടെ സംഘടനയുടെ ജനറൽ സെക്രട്ടറിയും നടനുമായ വിശാൽ രംഗത്തെത്തി. രാജേന്ദ്രപ്രസാദിന്റേത് ഞെട്ടിക്കുന്ന പരാമർശമാണെന്ന് വിശാൽ അഭിപ്രായപ്പെട്ടു.

To advertise here,

ഏറെ ഞെട്ടലോടെയും വെറുപ്പോടെയുമാണ് രാജേന്ദ്രപ്രസാദിന്റെ അഭിപ്രായപ്രകടനം കേട്ടത്. എം.ജി.ആർ. ഒരു ഇതിഹാസനടൻ മാത്രമായിരുന്നില്ല, തമിഴ്‌നാട്ടിലെ വലിയ നേതാവുമായിരുന്നു. ഏറെ ആദരവോടെ, അതേസമയം ദുഃഖഭരിതമായ ഹൃദയത്തോടെ രാജേന്ദ്രപ്രസാദിന്റെ പ്രസംഗത്തെ അപലപിക്കുന്നു. കാന്തറാവുവിനെ പ്രശംസിച്ച് നടത്തിയ പ്രംസഗത്തിൽ മറ്റൊരു ഇതിഹാസനടനായ എം.ജി. ആറിനെ താഴ്ത്തിക്കെട്ടി അപമാനിച്ചത്, തമിഴ്‌നാട്ടിലെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും വിശാൽ അഭിപ്രായപ്പെട്ടു. പരാമർശത്തിൽ മാപ്പുപറയാൻ വിശാൽ രാജേന്ദ്രപ്രസാദിനോട് ആവശ്യപ്പെട്ടു.

രാജേന്ദ്രപ്രസാദിന്റെ പരാമർശത്തിനെതിരേ നിർമാതാവ് ജി. ധനഞ്ജയനും രംഗത്തെത്തി. നടന്റെ പരാമർശം പരിഹാസ്യവും അസ്വീകാര്യവുമാണെന്ന് ധനഞ്ജയൻ അഭിപ്രായപ്പെട്ടു. കാന്തറാവുവിനെ പ്രശംസിക്കാൻ മറ്റൊരു ഇതിഹാസത്തെ പരിഹസിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൈദരാബാദിൽ ഒരു പൊതുപരിപാടിയിലായിരുന്നു രാജേന്ദ്രപ്രസാദിന്റെ വിവാദപരാമർശം. കലാപ്രപൂർണ്ണ കാന്തറാവു ദേശീയ അവാർഡ് ദാനചടങ്ങിൽ കാന്തറാവുവിനെ അനുസ്മരിക്കുകയായിരുന്നു രാജേന്ദ്രപ്രസാദ്. 'എം.ജി.ആറിന് കാന്തറാവുവിനെ പേടിയായിരുന്നു. കാന്തറാവുവിനെ കാണ്ടാലോ, അദ്ദേഹത്തെക്കുറിച്ച് കേട്ടാലോ എം.ജി.ആർ. പാന്റ്‌സിൽ മുള്ളുമായിരുന്നു', എന്നായിരുന്നു രാജേന്ദ്രപ്രസാദിന്റെ വാക്കുകൾ.