വടക്കേ അമേരിക്ക ഉൾപ്പെടെ ലോകത്തിന്റെ പലഭാഗങ്ങളിൽ കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു. SARS-CoV-2 വൈറസിന്റെ PJ.2.1 വകഭേദമാണ് വ്യാപിക്കുന്നത്. അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലാണ് രോഗവ്യാപനം കൂടുതലുള്ളത്.

To advertise here,

നിലവിലെ റിപ്പോർട്ടുകൾ പ്രകാരം വലിയ രോഗവ്യാപനത്തിന് PJ.2.1 കാരണമാകില്ലെന്നാണ് വിലയിരുത്തൽ. മറ്റ് കോവിഡ് വകഭേദങ്ങളിൽ നിന്നു വ്യത്യസ്തമായ ലക്ഷണങ്ങളും പ്രകടമല്ലെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. കാലക്രമേണ മ്യൂട്ടേഷനുകൾ ഉണ്ടാകുന്നതിനുപകരം, താരതമ്യേന വലിയൊരു കൂട്ടം ജനിതക മാറ്റങ്ങളോടെ ഉയർന്നുവരുന്ന വൈറസിനെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന 'സാൾട്ടേഷൻ വേരിയന്റ്' (saltation variant) എന്നാണ് ഗവേഷകർ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഇൻഫ്ലുവൻസ, മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകൾ എന്നിവയ്ക്കു സമാനമായ ലക്ഷണങ്ങളാണ് പ്രകടമാകുന്നതെന്നും ലോകാരോഗ്യ സംഘടന (WHO) വ്യക്തമാക്കി. 2026 മേയിൽ ഒന്റാറിയോയിലാണ് ഈ വകഭേദം ആദ്യമായി റിപ്പോർട്ട് ചെയ്തത്. പിന്നാലെ ആൽബെർട്ട, ബ്രിട്ടീഷ് കൊളംബിയ, ന്യൂ ബ്രുൺസ്വിക്ക് പ്രവിശ്യകളിലും രോഗം സ്ഥിരീകരിച്ചിരുന്നു. ജൂൺ 30-നാണ് ന്യൂയോർക്ക് സിറ്റിയിൽ രോഗം സ്ഥിരീകരിച്ചത്. പിന്നാലെ കാലിഫോർണിയ, അരിസോണ, ന്യൂജഴ്സി, വിർജീനിയ, നോർത്ത് കരോലിന, മിസൗറി, ഒക്ലഹോമ, കൊളറാഡോ, ഫ്ലോറിഡ എന്നിവിടങ്ങളിലും രോഗം റിപ്പോർട്ട് ചെയ്തു.

സിംഗപ്പൂർ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ഇസ്രയേൽ, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലും രോഗവ്യാപനമുണ്ട്. പനിയും വിറയലും, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, മൂക്കടപ്പ്, തലവേദന, പേശീവേദന, ശരീരവേദന, ക്ഷീണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലരിൽ ശ്വാസതടസ്സം, ഗ്യാസ്ട്രിക് പ്രശ്നങ്ങൾ തുടങ്ങിയവയും കണ്ടുവരുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.

ആരോഗ്യപാഠങ്ങൾ പ്രധാനം

കോവിഡ് വൈറസ് പൂർണമായും പിൻവാങ്ങിയിട്ടില്ല. തീവ്രത കുറഞ്ഞ വകഭേദങ്ങൾ ലോകത്ത് പല ഭാഗങ്ങളിലും ഇപ്പോഴുമുണ്ട്. ഇടയ്ക്കൊക്കെ അവ തലപൊക്കാം. സാധാരണ ജലദോഷപ്പനിപോലെ വന്നുപോകാം. നിലവിൽ കാണുന്ന മിക്ക കേസുകളും ലഘുവായി വന്നുപോകുന്നതാണ്. നാലഞ്ചു ദിവസങ്ങൾക്കുള്ളിൽ ഭേദമാകും. തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, ഇടയ്ക്കിടെ സോപ്പിട്ട് കൈകഴുകുക, അനാവശ്യ ആസ്പത്രി സന്ദർശനങ്ങൾ വേണ്ടെന്നുവെക്കുക, കോവിഡ്കേസുകൾ കൂടുതലുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക, രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക, രോഗലക്ഷണങ്ങൾ കണ്ടാലുടൻ വൈദ്യസഹായം തേടുക എന്നിവയാണ്‌ അടിസ്ഥാന രോഗപ്രതിരോധ മാർഗങ്ങൾ.

ലക്ഷണങ്ങൾ

ജലദോഷപ്പനിയുടെ ലക്ഷണങ്ങളാണ് മുഖ്യമായും കണ്ടുവരുന്നത്. പനി, മൂക്കൊലിപ്പ്, മൂക്കടപ്പ്, തൊണ്ടവേദന, തലവേദന, പേശിവേദന, ക്ഷീണം, വയറ്റിൽ അസ്വസ്ഥത, ഓക്കാനം, വിശപ്പില്ലായ്മ എന്നിവ ഏറിയും കുറഞ്ഞും കാണാം. മഴക്കാലത്ത് സാധാരണ ജലദോഷപ്പനികളിലും സമാനലക്ഷണങ്ങളുണ്ടാകാം. അതിനാൽ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സയ്ക്ക് മുതിരാതെ വൈദ്യോപദേശം തേടണം.