ചെന്നൈ: നടി അംബികയ്ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി സഹോദരിയും നടിയുമായ രാധ. തന്റെ അഞ്ച് ചെക്കുകൾ തട്ടിയെടുത്ത് അംബികയും സഹോദരൻ അർജുനും ചേർന്ന് 46 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഗ്രേറ്റർ ചെന്നൈ പോലീസ് കമ്മീഷണർ ഓഫീസിലെത്തിയാണ് രാധ പരാതി നൽകിയത്. ഒപ്പിട്ട് വീട്ടിൽ സൂക്ഷിച്ചിരുന്ന ബ്ലാങ്ക് ചെക്കുകൾ താൻ ചെന്നൈയിൽ ഇല്ലാതിരുന്ന സമയത്ത് അംബികയും മല്ലികാർജുനും മോഷ്ടിച്ച് ദുരുപയോഗം ചെയ്തെന്നാണ് രാധ പരാതിയിൽ പറയുന്നത്. 11 ലക്ഷം രൂപ മുതൽ 27 കോടി രൂപ വരെ എഴുതിയ അഞ്ച് ചെക്കുകൾ ഉപയോഗിച്ച് ഏതാണ്ട് 46 കോടി മുതൽ 50 കോടി രൂപ വരെ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന് അവർ പരാതിയിൽ വ്യക്തമാക്കുന്നു. സഹോദരൻ മല്ലികാർജുനനെതിരെ ഒട്ടേറെ ക്രിമിനൽ കേസുകളുണ്ടെന്നും രാധ പറഞ്ഞു.

To advertise here,

എ.ആർ.എസ്. ഗാർഡൻ സ്റ്റുഡിയോ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന തന്റെ ബിസിനസ്സിനായി ഐ.ഡി.ബി.ഐ ബാങ്കിന്റെ കറന്റ് അക്കൗണ്ട് ഉപയോഗിച്ചിരുന്നുവെന്ന് രാധ പറഞ്ഞു. യാത്ര ചെയ്യുമ്പോൾ ശമ്പളം, യൂട്ടിലിറ്റി ബില്ലുകൾ, നികുതികൾ, പൂന്തോട്ട പരിപാലനം തുടങ്ങിയ ചെലവുകൾ കൈകാര്യം ചെയ്യുന്നതിനായി ഒപ്പിട്ട ചില ബ്ലാങ്ക് ചെക്കുകൾ തന്റെ മുറിയിൽ സൂക്ഷിച്ചിരുന്നു. തുടർന്ന് 2025 ജനുവരിയിൽ ബിസിനസ്സിന്റെ പേര് ആർ.ആർ. ഗാർഡൻസ് എന്ന് മാറ്റിയതിന് ശേഷം, പുതിയ ചെക്ക് ബുക്ക് ലഭിക്കുകയും പഴയത് ഉപയോഗിക്കുന്നത് നിർത്തുകയും ചെയ്തു. പിന്നീട് പഴയ ചെക്കിനെക്കുറിച്ച് താൻ മറന്നുപോയെന്നും രാധ പറയുന്നു.

പഴയ ചെക്കുകളിൽ അഞ്ചെണ്ണം അംബികയുടെ പേരിൽ പണത്തിനായി സമർപ്പിച്ചതായി കാണിച്ച് സെപ്റ്റംബർ 17-ന് ബാങ്കിൽനിന്ന് തനിക്ക് സന്ദേശം ലഭിച്ചപ്പോൾ ഞെട്ടിപ്പോയെന്ന് രാധ അവകാശപ്പെടുന്നു. അംബികയ്ക്ക് ഒരിക്കലും ചെക്കുകൾ കൈമാറിയിട്ടില്ലെന്നും പണം നൽകേണ്ട തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ അവർ തമ്മിൽ നടന്നിട്ടില്ലെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് രാധ ഉടൻതന്നെ പണമിടപാട് തടയാൻ ബാങ്കിന് നിർദ്ദേശം നൽകുകയായിരുന്നു. 

തങ്ങളുടെ സഹോദരനായ മല്ലികാർജുനനാണ് ചെക്കുകൾ പൂരിപ്പിച്ചതെന്നും നിയമവിരുദ്ധമായ നേട്ടത്തിനായി അദ്ദേഹവും അംബികയും ചേർന്ന് ഈ രേഖകൾ ഉപയോഗിച്ചുവെന്നും രാധ ആരോപിച്ചു. ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാനും കുറ്റങ്ങൾ തെളിഞ്ഞാൽ ക്രിമിനൽ നടപടി സ്വീകരിക്കാനും അവർ പൊലീസിനോട് അഭ്യർത്ഥിച്ചു.

തന്റെ പേരിലുള്ള ആഭരണങ്ങൾ പരിശോധിക്കാനോ എടുക്കാനോ ഇരുവരും സമ്മതിക്കുന്നില്ലെന്നും രാധ പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ കൂടുതൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് രാധ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, നടി അംബികയുടെ ഭാഗത്തുനിന്ന് വിഷയത്തിൽ ഇതുവരെ പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.