തെലുങ്ക് സിനിമയിലെ സൂപ്പര്‍താരമാണ് ആരാധകര്‍ സ്‌നേഹത്തോടെ ബാലയ്യ എന്ന് വിളിക്കുന്ന നന്ദമൂരി ബാലകൃഷ്ണ. അദ്ദേഹത്തിന്റെ ബ്രഹ്‌മാണ്ഡചിത്രം അഖണ്ഡ 2: താണ്ഡവം വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തുകയാണ്. സൂപ്പര്‍ഹിറ്റായ അഖണ്ഡ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായതിനാല്‍ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ അഖണ്ഡ 2-നായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ, ബാലയ്യ ചിത്രത്തിന്റെ ആദ്യടിക്കറ്റിനായി വന്‍തുക മുടക്കിയ ആരാധകനാണ് ശ്രദ്ധിക്കപ്പെടുന്നത്.

To advertise here,

Don’t Miss: 'പരിഹസിച്ചവർ അംഗീകരിച്ചു '; ഡാക്കു മഹാരാജ് ഹിറ്റായതോടെ ബാലയ്യയ്ക്ക് കേരളത്തിലും ആരാധകർ, ഫേസ്ബുക്കിൽ ഗ്രൂപ്പ്

രാജശേഖര്‍ പര്‍നപള്ളി എന്നയാളാണ് ഒറ്റ ടിക്കറ്റെടുത്തുകൊണ്ട് വൈറലായത്. ഒരുലക്ഷം രൂപയാണ് ഇദ്ദേഹം അഖണ്ഡ 2-ന്റെ ആദ്യടിക്കറ്റിനായി മുടക്കിയത്. ഇന്ത്യന്‍ വംശജനായ രാജശേഖര്‍ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലാണ് നിലവില്‍ ജീവിക്കുന്നത്. അഖണ്ഡ 2 ജര്‍മനിയില്‍ വിതരണം ചെയ്യുന്ന തരക രാമ എന്റര്‍ടെയിന്‍മെന്റ്‌സ് ചിത്രത്തിന്റെ ആദ്യടിക്കറ്റ് ലേലത്തിന് വെക്കുകയായിരുന്നു. അഞ്ച് മേഖലകളിലെ ആദ്യ ടിക്കറ്റുകളാണ് ലേലത്തിന് വെച്ചത്. ഇതിലൊന്നാണ് രാജശേഖര്‍ ആയിരം യൂറോ (ഒരുലക്ഷം രൂപ) മുടക്കി സ്വന്തമാക്കിയത്.

Also Read: 'മാറിനില്‍ക്കങ്ങോട്ട്, നിന്നോടാരാ ഇവിടെ വരാന്‍ പറഞ്ഞത്'; ആരാധകനോട് പൊട്ടിത്തെറിച്ച് ബാലയ്യ | വീഡിയോ

താന്‍ ബാലയ്യയുടെ കടുത്ത ആരാധകനാണെന്നാണ് രാജശേഖര്‍ പറയുന്നത്. 'ഏത് രാജ്യത്താണെന്നത് വിഷയമല്ല. ലോകത്തെവിടെയായാലും ഞാന്‍ ബാലയ്യ ആരാധകനാണ്. എന്റെ ഗ്രാമത്തിലോ സീമാന്ധ്രയിലോ എത്തിയതുപോലെയാണ് തോന്നുന്നത്. ആനന്ദപുരത്തുണ്ടായിരുന്നപ്പോള്‍ ബാലയ്യ ചിത്രങ്ങളുടെ റിലീസ് കട്ടൗട്ടുകളും ബാനറുകളും സ്ഥാപിച്ചാണ് ഞാന്‍ ആഘോഷിച്ചിരുന്നത്. ഇവിടെയും എനിക്ക് അതൊന്നും നഷ്ടപ്പെട്ടിട്ടില്ല എന്നാണ് തോന്നുന്നത്. നന്ദമൂരി കുടുംബത്തിന്റെ ആരാധകനെന്ന നിലയില്‍ ആദ്യടിക്കറ്റ് സ്വന്തമാക്കിയതില്‍ എനിക്ക് അഭിമാനമുണ്ട്.' -രാജശേഖര്‍ പറഞ്ഞു.

Don’t Miss: തിയേറ്ററുകളെ ഇളക്കിമറിക്കാന്‍ അഖണ്ഡ 2 വരുന്നു; ആരാധകര്‍ക്ക് ആവേശമായി ബാലയ്യ ചിത്രത്തിന്റെ ട്രെയിലര്‍ | വീഡിയോ

രാജശേഖറിന് ആദ്യടിക്കറ്റ് കൈമാറുന്നതിന്റെ വീഡിയോ തരക രാമ എന്റര്‍ടെയിന്‍മെന്റ്‌സ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. അധികം വൈകാതെ ഈ വീഡിയോ വൈറലായി.

ബോയപതി ശ്രീനുവാണ് അഖണ്ഡ 2-ന്റെ സംവിധായകന്‍. ബോയപതി-നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് 'അഖണ്ഡ 2: താണ്ഡവം'. ഇതിനകം പുറത്തുവന്ന ട്രെയിലറും ഡാന്‍സ് നമ്പറും ലിറിക്കല്‍ വീഡിയോയുമെല്ലാം ട്രെന്‍ഡിങ്ങായിരുന്നു. മലയാളി താരം സംയുക്തയാണ് ചിത്രത്തിലെ നായിക. 14 റീല്‍സ് പ്ലസ് ബാനറില്‍ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം എം. തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. ആദ്യ ഭാഗത്തേക്കാള്‍ വമ്പന്‍ കാന്‍വാസിലാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്.