വൻ താരനിരയിൽ ഒരുങ്ങുന്ന 'ബാച്ച്‌ലർ പാർട്ടി ഡ്യൂ'വിൽ അവസരം നൽകിയതിന് സംവിധായകൻ അമൽ നീരദിനും ഭാര്യ ജ്യോതിർമയിക്കും നന്ദി പറഞ്ഞ് നടി ഹൻസിക കൃഷ്ണ. കൊച്ചിയിൽ കഴിഞ്ഞ ദിവസം നടന്ന പ്രൊമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം. ഹൻസികയുടെ ആദ്യചിത്രമാണ് 'ബാച്ച്‌ലർ പാർട്ടി ഡ്യൂ'.

To advertise here,

'ഇതെന്റെ ആദ്യചിത്രമാണ്. ഞാൻ ശരിക്കും ആവേശത്തിലാണ്. അവസരം നൽകിയതിന് അമൽ നീരദ് സാറിനോടും ജ്യോതി മാമിനോടും നന്ദി പറയുന്നു. ഇത്രയും വലിയ താരനിരയ്‌ക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ കടപ്പെട്ടിരിക്കുന്നു. എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന ആക്ഷൻ എന്റർടെയ്‌നറാണ് ചിത്രം. തിയേറ്ററിൽ കാണണം.' ഹൻസിക പറഞ്ഞു.

തന്റെ ആദ്യചിത്രമാണ് 'ബാച്ച്‌ലർ പാർട്ടി ഡ്യൂ' എന്ന് നടി പറഞ്ഞപ്പോൾ, വേദിയിലുണ്ടായിരുന്ന ഷൈൻ ടോം ചാക്കോ ഞെട്ടി. പിന്നാലെ, ഇത് ശരിയാണെന്ന രീതിയിൽ ഷൈൻ തലയാട്ടുന്നതും വീഡിയോയിൽ കാണാം.

നടനും ബി.ജെ.പി. നേതാവുമായ കൃഷ്ണകുമാറിന്റെ നാലുമക്കളിൽ ഇളയ മകളാണ് ഹൻസിക. മൂത്തമകൾ അഹാന നേരത്തെതന്നെ സിനിമയിൽ സജീവമാണ്. മൂന്നാമത്തെ മകൾ ഇഷാനി കൃഷ്ണ 'ആശകൾ ആയിരം' എന്ന ചിത്രത്തിൽ കാളിദാസ് ജയറാമിന്റെ നായികയായി എത്തിയിരുന്നു.

ടൊവിനോ തോമസ്, നസ്ലിൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലിംകുമാർ, ഷൈൻ ടോം ചാക്കോ, നാദിയ, രജിഷ വിജയൻ, ജ്യോതിർമയി, പാരിസ് ലക്ഷ്മി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബാച്ച്‌ലർ പാർട്ടി ഡ്യൂ' നവംബർ 19-ന് തിയേറ്ററിലെത്തും. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. 2012-ൽ പുറത്തിറങ്ങിയ 'ബാച്ച്‌ലർ പാർട്ടി'യുടെ സ്പിരിച്വൽ സീക്വലാണ് ചിത്രം.