രാധകര്‍ സ്‌നേഹത്തോടെ ബാലയ്യ എന്ന് വിളിക്കുന്ന തെലുങ്ക് നടന്‍ നന്ദമൂരി ബാലകൃഷ്ണയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്. പുതിയ ചിത്രം അഖണ്ഡ 2-ന്റെ പ്രൊമോഷനായി വിശാഖപട്ടണത്തെത്തിയപ്പോള്‍ ആരാധകനോട് രൂക്ഷമായി സംസാരിക്കുന്നതിന്റെ വീഡിയോയാണ് ഇത്. വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം. സവിധായകന്‍ ബോയപതി ശ്രീനുവും നടി സംയുക്താ മേനോനും ഈ സമയം ബാലയ്യയ്‌ക്കൊപ്പമുണ്ടായിരുന്നു.

To advertise here,

തന്നെ കാണാനായി ചുറ്റും തടിച്ച് കൂടിയ ആരാധകരെ അഭിവാദ്യം ചെയ്തുകൊണ്ട് ബാലയ്യ കാറിനടുത്തേക്ക് നടക്കുന്നതാണ് വീഡിയോയിലുള്ളത്. ആരാധകര്‍ 'ജയ് ബാലയ്യാ' എന്ന് ആര്‍പ്പുവിളിക്കുന്നത് പശ്ചാത്തലത്തില്‍ കേള്‍ക്കാം. ഒരു ആരാധകന്‍ സമ്മാനിച്ച പൂവ് വാങ്ങി ബാലയ്യ പുഞ്ചിരിക്കുന്നതും വീഡിയോയിലുണ്ട്. പൊടുന്നനെയാണ് താരത്തിന്റെ ഭാവം മാറിയത്.

കൂട്ടത്തിലെ ഒരു ആരാധകന് നേരെ ബാലയ്യ ആക്രോശിച്ചു. 'മാറി നില്‍ക്കങ്ങോട്ട്. നീ എന്താ ഇവിടെ? നിന്നോട് ആരാ ഇവിടെ വരാന്‍ പറഞ്ഞത്?' എന്ന് ആരാധകനുനേരെ വിരല്‍ ചൂണ്ടിക്കൊണ്ട് ബാലയ്യ ചോദിച്ചു. ഇതിന് ശേഷം ഒന്ന് ശാന്തനായ ബാലയ്യ മറ്റ് ചില ആരാധകര്‍ക്കൊപ്പം ചിത്രങ്ങളെടുക്കാന്‍ പോസ് ചെയ്തു. പിന്നീട് വീണ്ടും ബാലയ്യ രോഷത്തോടെ സംസാരിച്ചു.

'വൈകുന്നേരം അവനെ എന്റെ അടുത്തേക്ക് വരാന്‍ അനുവദിക്കരുത്. കേട്ടല്ലോ.' -ആരാധകനെ ചൂണ്ടിക്കൊണ്ട് നന്ദമൂരി ബാലകൃഷ്ണ തന്റെ സുരക്ഷാജീവനക്കാരോട് ആജ്ഞാപിച്ചു. താരത്തെ ഇത്രയേറെ രോഷാകുലനാക്കിയതിന്റെ കാരണമെന്താണെന്ന് വ്യക്തമല്ല. തന്നെ കാണാനെത്തിയ വനിതാ ആരാധകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുംവിധം അടുത്തുപോയി നിന്നതിനാലാണ് ബാലയ്യ ആരാധകനോട് ചൂടായത് എന്നാണ് ചില സോഷ്യല്‍ മീഡിയാ ഹാന്‍ഡിലുകളുടെ അനുമാനം.

2021-ലെ സൂപ്പര്‍ഹിറ്റ് ചിത്രം അഖണ്ഡയുടെ തുടര്‍ച്ചയാണ് അഖണ്ഡ 2. ബാലകൃഷ്ണയ്ക്കും സംയുക്തയ്ക്കും പുറമെ, ബോളിവുഡ് ചിത്രം ബജ്‌രംഗി ഭായ്ജാന്‍ താരം ഹര്‍ഷാലി മല്‍ഹോത്രയും അഖണ്ഡ 2-ല്‍ വേഷമിടുന്നുണ്ട്. ചിത്രം അടുത്തവര്‍ഷം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.