തുടക്കം എന്ന ചിത്രത്തിനുശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ. മോഹൻലാലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇക്കാര്യം പ്രഖ്യാപിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ മോഹൻലാൽ പോസ്റ്റ് ചെയ്ത കുറിപ്പിന് പ്രതികരിച്ചുകൊണ്ട് ജൂഡും എത്തി. 12 വർഷത്തെ കാത്തിരിപ്പാണ് അവസാനിക്കുന്നതെന്ന് ജൂഡ് കുറിച്ചു.

To advertise here,

ജൂഡ് ആന്റണിയുമൊത്തുള്ള ഒരു ചിത്രത്തിനൊപ്പം പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് പുതിയ ചിത്രത്തേക്കുറിച്ച് മോഹൻലാൽ മനസുതുറന്നത്. ജൂഡുമായി കൈകോർക്കുന്നതിൽ സന്തോഷമുണ്ടെന്ന് മോഹൻലാൽ കുറിച്ചു. അടുത്ത വർഷമായിരിക്കും ചിത്രം ചെയ്യുക. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 12 വർഷമായി കാത്തിരിക്കുന്ന നിമിഷമാണിതെന്ന് ജൂഡ് ആന്റണി ഈ പോസ്റ്റിന് കമന്റ് ചെയ്തു. ഈ ചിത്രമൊരുക്കാൻ കാത്തിരിക്കുകയാണ്. ദൈവത്തിന് നന്ദിയുണ്ടെന്നും ജൂഡ് കുറിച്ചു.

 

വിസ്മയ മോഹൻലാൽ പ്രധാനവേഷത്തിലെത്തിയ തുടക്കം ആണ് ജൂഡിന്റെ സംവിധാനത്തിൽ അടുത്തിടെ പുറത്തുവന്ന ചിത്രം. മോഹൻലാൽ ഈ ചിത്രത്തിൽ കാമിയോ വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ മോഹൻലാലിന്റെ രംഗങ്ങൾ ഏറെ കയ്യടിയും നേടിയിരുന്നു.

2018 എന്ന ഹിറ്റ് ചിത്രത്തിനുശേഷം ജൂഡ് ഒരുക്കിയ ചിത്രമാണ് തുടക്കം. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആശിഷ് ജോ ആന്റണിയാണ്. ഡോ. എമിൽ വിൻസന്റും ഡോ. അനീഷ ആന്റണിയുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ദിനേശ് പ്രഭാകർ, ജാഫർ ഇടുക്കി, കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ, ജയ്‌സ് ജോസ്, ജയാ കുറുപ്പ്, അശ്വിനി വിജയൻ, എന്നിവരും പ്രധാന താരങ്ങളാണ്.

ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ജേക്‌സ് ബിജോയ്. ഛായാഗ്രഹണം അഖിൽ ജോർജും ജോമോൻ ടി. ജോണും നിർവഹിക്കുന്നു.