തെലുങ്ക് സിനിമയിൽ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ നടിമാരായ ജാൻവി കപൂറിനും രാധികാ ആപ്‌തെക്കുമെതിരെ നടി റെജിന കസാൻഡ്ര. നടിമാരുടെ തുറന്നുപറച്ചിൽ റെജിന സ്വാഗതം ചെയ്തു. എന്നാൽ, ഇരുവരും വിഷയം അവതരിപ്പിച്ച രീതി തെക്ക്- വടക്ക് ഭിന്നത സൃഷ്ടിക്കുന്നതാണെന്ന് റെജിന ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ ആരോപിച്ചു.

To advertise here,

'ആത്യന്തികമായി എല്ലാം അഭിനേതാക്കളുടെകൈയിലാണ്. നിങ്ങൾക്ക് ബുദ്ധിമുട്ട് തോന്നിയാൽ, പ്രസ്തുത സിനിമയിൽനിന്ന് ഇറങ്ങിപ്പോരാം. സ്ത്രീ എന്ന നിലയിൽ ഞാൻ എപ്പോഴും സ്ത്രീകളെ പിന്തുണയ്ക്കും. എന്നാൽ, ജാൻവിയും രാധികയും ഇത്തരം കാര്യങ്ങളിൽ ഒരു തീരുമാനം എടുക്കാൻ കഴിവും പ്രാപ്തിയും ഇല്ലാത്തവരാണെന്ന് ഞാൻ കരുതുന്നില്ല. അവർക്ക് ആ സിനിമകൾ ഉപേക്ഷിച്ചുവരാമായിരുന്നു', റെജിന അഭിപ്രായപ്പെട്ടു.

തെന്നിന്ത്യൻ സിനിമകളിൽ പലപ്പോഴും പൂർണമായ സ്‌ക്രിപ്റ്റ് പോലുമുണ്ടാവില്ലെന്ന ജാൻവിയുടെ ആരോപണം നടി ശരിവെച്ചു. 'ചില സിനിമകളിൽ ഷൂട്ട് ദിവസം രാവിലെ ആറുമണിക്ക് ആയിരിക്കും നിങ്ങൾക്ക് ചില സീനുകൾ ലഭിക്കുക. എന്നാൽ, അടിസ്ഥാനപരമായി ആ കഥയും കഥാപാത്രത്തെയും നിങ്ങൾക്ക് ബോധ്യമുണ്ടാവും. ഇത്തരം കാര്യങ്ങളെല്ലാം അറിഞ്ഞശേഷമായിരിക്കും നിങ്ങൾ സിനിമയിൽ അഭിനയിക്കാൻ തുടങ്ങുക. ചില സിനിമകളിൽ നിങ്ങൾക്ക് പൂർണമായ തിരക്കഥ ആദ്യമേ ലഭിക്കും', റെജിന ചൂണ്ടിക്കാട്ടി.

'ബോളിവുഡിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. അവിടെയെല്ലാം കൃത്യമാണ്. അഭിനേതാവിനും മാനേജർക്കും പ്രത്യേകം കോൾഷീറ്റുകൾ കൊടുക്കും. പകലും രാത്രിയും ഷൂട്ടിങ്ങിനായി പ്രത്യേകം സമയങ്ങളുണ്ട്. ഷെഡ്യൂൾ ഉണ്ട്, അണിയറ പ്രവർത്തകരെ ബന്ധപ്പെടേണ്ട നമ്പറുകൾ ആദ്യമേ തരും. സീൻ നമ്പറുകളും അതിലുള്ള അഭിനേതാക്കൾ ആരാണെന്നും നേരത്തെ അറിയാൻ സാധിക്കും. അതുപോലെയല്ല ഇവിടെ', അവർ പറഞ്ഞു.

'ദുരനുഭവങ്ങൾ തുറന്നുപറഞ്ഞു എന്നത് സ്വീകാര്യമാണ്. എന്നാൽ, ഒരു നോർത്ത് ഇന്ത്യൻ നടി, തെന്നിന്ത്യൻ സിനിമകളെക്കുറിച്ച് സംസാരിക്കുന്ന രീതിയിൽ പ്രശ്‌നമുണ്ട്. നിങ്ങൾ ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ല. നിങ്ങൾപോലും അറിയാതെ തെക്ക്- വടക്ക് വിഭജനമുണ്ടാക്കുകയാണ്. അത് തീർത്തും തെറ്റാണ്. ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ മറ്റ് വഴികളുണ്ട്. ഇപ്പോൾ തന്നെ സിനിമയിൽ തെക്ക്- വടക്ക് വിഭജനമുണ്ട്. ബോളിവുഡിൽ പ്രവർത്തിക്കുന്ന തെന്നിന്ത്യൻ നടി എന്ന നിലയിൽ പൂർണബോധ്യത്തോടെയാണ് ഞാനിക്കാര്യം പറയുന്നത്', റെജിന അടിവരയിട്ടു.

കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസ് നിർമിച്ച സിനിമയിൽ താൻ തഴയപ്പെട്ടത് റെജിന ചൂണ്ടിക്കാട്ടി. 'കരൺ ജോഹറിന്റെ ഷോയിൽ, സിനിമയിൽ ഒബ്ജക്ടിഫൈ ചെയ്യപ്പെട്ടതിനെക്കുറിച്ചും തനിക്ക് 'നോ' പറയാൻ സാഹചര്യമില്ലായിരുന്നുവെന്നും ജാൻവി പറഞ്ഞതുകേട്ടു. ഇതേ കരൺ ജോഹർ, ധർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ കേസരി ചാപ്റ്റർ 2 എന്ന പേരിൽ സിനിമ നിർമിച്ചു. അതിൽ ഞാനുമുണ്ടായിരുന്നു. എന്നാൽ, എന്നെ അവർ പ്രൊമോട്ട് ചെയ്തില്ല. അതിനെ ഞാൻ എന്ത് പറയും? എന്റെ പേര് എവിടെയുമുണ്ടായിരുന്നില്ല', നടി ചൂണ്ടിക്കാട്ടി.

'അവർ സിനിമയിലെ ഒരു പാട്ട് റിലീസ് ചെയ്തു. പാട്ടിൽ തുടക്കം മുതൽ ഒടുക്കംവരെയുണ്ടായിരുന്ന ഒരേയൊരാൾ ഞാൻ ആയിരുന്നു. എന്നാൽ, അവരെന്നെ സോഷ്യൽമീഡിയയിൽ എവിടെയും ടാഗ് ചെയ്തില്ല. ആരും എന്നോടൊന്നും പറഞ്ഞില്ല. ഇതൊന്നും വലിയ പ്രശ്‌നമാക്കണമെന്ന് ഞാൻ കരുതിയതല്ല. നിങ്ങൾ പേരുകൾ ഉൾപ്പെടെ പറഞ്ഞതുകൊണ്ടാണ് എനിക്ക് എന്റെ അനുഭവം വെളിപ്പെടുത്തേണ്ടിവരുന്നത്', റെജിന വ്യക്തമാക്കി.

'നിങ്ങൾക്ക് ഒരു സിനിമ ഇഷ്ടമാണെങ്കിലും അല്ലെങ്കിലും, തനിക്ക് താത്പര്യമില്ലെന്ന് പറഞ്ഞ് ഒഴിവാക്കാം. അങ്ങനെ ഒഴിവാക്കിയ സിനിമകളെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവരട്ടെ. പിന്നീടൊരിക്കൽ വെളിപ്പെടുത്തുന്നതിനേക്കാൾ നല്ലത് അതാണ്. ചെയ്യാതിരിക്കാൻ പറ്റാത്ത സാഹചര്യത്തിലേക്ക് നിങ്ങൾ എത്തിച്ചേർന്നതാവാം. അതെനിക്ക് മനസിലാവും. പക്ഷേ, നിങ്ങൾ റേപ്പ് ചെയ്യപ്പെടുകയല്ല. നിങ്ങൾ തീർത്തും നിസ്സഹായരാവുന്ന അവസ്ഥയല്ല അത്. ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ നിയമവഴികളുണ്ട്. തുറന്നുപറച്ചിലുകൾ ഉണ്ടാവണം, പക്ഷേ ഭിന്നിപ്പ് സൃഷ്ടിക്കരുത്. അത് ഇൻഡസ്ട്രിക്ക് ദോഷമേ ചെയ്യൂ', റെജിന അഭിപ്രായപ്പെട്ടു.

തെലുങ്ക് ചിത്രം 'പെദ്ധി'യിൽ നായിക ജാൻവി കപൂറിനെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് വലിയ വിവാദമുണ്ടായിരുന്നു. കരൺ ജോഹറിന്റെ ഷോയിൽ പങ്കെടുക്കവെ ജാൻവി വിവാദങ്ങളോട് പ്രതികരിച്ചിരുന്നു. താൻ കൂടുതൽ ശ്രദ്ധപുലർത്തേണ്ടിയിരുന്നുവെന്ന് പറഞ്ഞ ജാൻവി, ദക്ഷിണേന്ത്യൻ സിനിമകളിൽ കൃത്യമായ സ്‌ക്രിപ്റ്റ് ഉണ്ടാവാറില്ലെന്ന് ആരോപിച്ചിരുന്നു. പലപ്പോഴും ക്യാമറാ ആംഗിളുകളെക്കുറിച്ച് അറിവുണ്ടാവാറില്ലെന്നും നടി പറഞ്ഞു.

തന്നെക്കാൾ പ്രായം കൂടിയ നടന്റെ നായികയായി അഭിനയിക്കേണ്ടി വന്നതിനെക്കുറിച്ചായിരുന്നു രാധിക ആപ്‌തെ തുറന്നുപറഞ്ഞത്. അമ്മാവനെ വിവാഹം കഴിക്കുന്ന സ്ത്രീയുടെ വേഷം ചെയ്യേണ്ടിവന്നുവെന്നും നടി പറഞ്ഞു. ചിത്രത്തിന്റെ പേര് രാധിക വെളിപ്പെടുത്തിയില്ലെങ്കിലും, നന്ദമുരി ബാലകൃഷ്ണ നായകനായ ബോയപതി ശ്രീനു ചിത്രം ലെജൻഡ് ആണെന്ന് ചൂണ്ടിക്കാട്ടി ആരാധകർ രംഗത്തെത്തി.