ആദ്യന്തം ആക്ഷൻ മൂഡ് കാത്തുസൂക്ഷിക്കാൻ ചിത്രത്തിനായിട്ടുണ്ട്. അടി വീഴണമെന്ന് പ്രേക്ഷകൻ ആഗ്രഹിക്കുന്നിടത്തുതന്നെ അത് കൊടുക്കാൻ സാധിക്കുന്നു എന്നത് സംവിധായകന്റെയും രചയിതാക്കളുടേയും വിജയമാണ്.

പ്രഖ്യാപനനാൾ മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുടക്കം. വിസ്മയ മോഹൻലാൽ ആദ്യമായി സിനിമയിലേക്ക് നായികയായെത്തുന്നു എന്നതാണ് അതിനുള്ള കാരണം. അച്ഛൻ മോഹൻലാലിന്റെ സാന്നിധ്യംകൂടി ചിത്രത്തിലുണ്ടാകുമെന്ന് സ്ഥിരീകരണം വന്നതോടെ പ്രതീക്ഷകൾ ഇരട്ടിയായി. ആ പ്രതീക്ഷ അസ്ഥാനത്തല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ചിത്രം. ആക്ഷനും മോട്ടിവേഷനും ഒത്തൊരുമിക്കുന്ന ത്രില്ലർ എന്നാണ് വിസ്മയയെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ തുടക്കത്തിന് നൽകാവുന്ന ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ നൽകാവുന്ന വിശേഷണം. തുടക്കം വിസ്മയ ഗംഭീരമാക്കിയിട്ടുണ്ട്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സ്ത്രീകൾക്കെതിരായ അക്രമത്തേക്കുറിച്ചുള്ള വാർത്തകളിലൂടെ നാം കടന്നുപോകാത്ത ദിവസങ്ങളുണ്ടാകില്ല. തുടക്കവും അത്തരമൊരു പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ഒരു പെൺകുട്ടിക്കുനേരെ ഉയരുന്ന തുറിച്ച കണ്ണുകൾ, അതെങ്ങനെ ആ പെൺകുട്ടിയെ വീടിനകത്തുപോലും വേട്ടയാടുന്നു, എങ്ങനെ അവൾ അതിനെ അതിജീവിക്കുന്നു എന്നിവയെല്ലാമാണ് ചിത്രത്തിന്റെ അടിസ്ഥാനപരമായ പ്രമേയം. 26 വയസുകാരിയായ മീനു എന്ന പെൺകുട്ടിക്ക് നേരിടേണ്ടിവരുന്ന ഇത്തരമൊരു സാഹചര്യമാണ് തുടക്കം എന്ന സിനിമയെ മുന്നോട്ടുനയിക്കുന്നത്. തനിക്കുനേരെ വരുന്ന കഴുകൻ കണ്ണുകളെ മീനു നേരിടുന്നതെങ്ങനെയാണ് എന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
ആദ്യന്തം ആക്ഷൻ മൂഡ് കാത്തുസൂക്ഷിക്കാൻ ചിത്രത്തിനായിട്ടുണ്ട്. അടി വീഴണമെന്ന് പ്രേക്ഷകൻ ആഗ്രഹിക്കുന്നിടത്തുതന്നെ അത് കൊടുക്കാൻ സാധിക്കുന്നു എന്നത് സംവിധായകന്റെയും രചയിതാക്കളുടേയും വിജയമാണ്. പ്രേക്ഷകർ വിചാരിക്കുന്ന ആ അളവിൽത്തന്നെ കൃത്യമായി അത് സംഭവിക്കുന്നുണ്ട്. വില്ലന്റെ സ്വഭാവം ആദ്യമേതന്നെ ചിത്രം പറഞ്ഞുവെയ്ക്കുന്നുണ്ട്. ഇയാളുടെ ഓരോ പ്രവൃത്തിയുമാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങളുടെ തീവ്രത കൂട്ടുന്നത്. ചെറുതായി തുടങ്ങി ആളിപ്പടരുന്ന രീതിയിൽ ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നു എന്നത് എടുത്തുപറയണം. യാനിക് ബെന്നും സ്റ്റണ്ട് സിൽവയുമാണ് സംഘട്ടന സംവിധായകർ. ജേക്സ് ബിജോയ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തലസംഗീതവും ചിത്രത്തിന് മുതൽക്കൂട്ടാണ്. അഖിൽ ജോർജ്, ജോമോൻ ടി. ജോൺ, സുദീപ് എളമൺ എന്നിവരുടെ ഛായാഗ്രഹണവും ചിത്രത്തെ മനോഹരമായ അനുഭവമാക്കി മാറ്റുന്നു.
താരപ്രകടനങ്ങളിവലേക്കുവന്നാൽ വിസ്മയയിൽനിന്ന് തുടങ്ങാം. മീനു എന്ന കഥാപാത്രം വിസ്മയയുടെ കയ്യിൽ ഭദ്രമായിരുന്നു. മീനു എന്ന കഥാപാത്രത്തിന്റെ പ്രതിരോധവും തളർച്ചയും ഉയിർത്തെഴുന്നേൽപ്പുമെല്ലാം വിസ്മയ കയ്യടക്കത്തോടെ അവതരിപ്പിച്ചു. ആക്ഷൻ രംഗങ്ങളിൽ തിയേറ്ററിൽ വീഴുന്ന കയ്യടി ഇതിന് തെളിവാണ്. വിസ്മയയുടെ മീനു എന്ന കഥാപാത്രത്തിന് ഇത്രമേൽ കയ്യടി വീഴാനുള്ള കാരണം ആഷിഷ് ജോ ആന്റണി അവതരിപ്പിച്ച വില്ലൻ കഥാപാത്രമാണ്. എമ്പുരാൻ എന്ന ചിത്രത്തിൽ ചെറിയൊരു വേഷത്തിൽ വന്നുപോയ ആഷിഷ് തന്റെ രണ്ടാംചിത്രത്തിൽ കിട്ടിയ അവസരം മുതലാക്കിയിട്ടുണ്ട്. ഇയാൾക്ക് രണ്ടെണ്ണം കിട്ടിയിരുന്നെങ്കിൽ എന്ന് പ്രേക്ഷകർ ചിന്തിച്ചുപോകുന്ന അത്രമേൽ ക്രൂരനായ കഥാപാത്രം ആഷിഷ് ഗംഭീരമാക്കിയിട്ടുണ്ട്. ഇതേ കഥാപാത്രത്തിന്റെ മറുവശം പോലെയായിരുന്നു ജിബിൻ ഗോപിനാഥ് അവതരിപ്പിച്ച, സ്ത്രീകൾക്ക് യാതൊരു വിലയും കൊടുക്കാത്ത പോലീസ് വേഷം.
സായി കുമാർ, മനോജ് കെ. ജയൻ, ബോബി കുര്യൻ, അശ്വിൻ, കോട്ടയം രമേശ്, ജയ കുറുപ്പ്, ചിപ്പി, ജാഫർ ഇടുക്കി, നിൽജ, ജിലു ജോസഫ്, മിയ, ഗണേഷ് കുമാർ, ജെയ്സ് ജോസ് എന്നിവരും അവരവരുടെ വേഷങ്ങൾ ഭംഗിയാക്കി. ഇവർക്കെല്ലാവർക്കും പുറമേ സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ് മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാലാണ്. അദ്ദേഹത്തിന്റെ കഥാപാത്രത്തേക്കുറിച്ച് തത്ക്കാലം സസ്പെൻസായിരിക്കട്ടെ. എങ്കിലും ഒരു കാര്യം പറയാതിരിക്കാൻവയ്യ, അടുത്ത കാലത്തൊന്നും മോഹൻലാലിനെ ഇത്ര സുന്ദരനായി, സ്റ്റൈലിഷായി, ഒരു സംവിധായകനും അവതരിപ്പിച്ചിട്ടില്ല.
സ്കൂൾ വിദ്യാഭ്യാസം നൽകുന്നതിനൊപ്പം മാർഷ്യൽ ആർട്സ് പോലെ എന്തെങ്കിലുമൊരു സ്വയം പ്രതിരോധ മാർഗം പെൺകുട്ടികൾക്ക് നൽകണമെന്ന ആശയമാണ് തുടക്കം നൽകുന്നത്. ഒരു പെൺകുട്ടി നെഞ്ചുംവിരിച്ച് നിന്നാൽ തീരാവുന്നതേയുള്ളൂ സ്ത്രീകളെ മോശം ഉദ്ദേശ്യത്തോടെ സമീപിക്കുന്ന ഓരോരുത്തരുമെന്നും ചിത്രം പറയുന്നു. കയ്യടിക്കാം ഈ മോട്ടിവേഷണൽ ആക്ഷൻ ത്രില്ലറിന്.
Content Highlights: Directed by Jude Anthany Joseph, Thudakkam marks a stellar debut for Vismaya Mohanlal in a hard-hitting, motivational action thriller centered on women's empowerment and self-defense, elevated by a stylish appearance from Mohanlal.
Published: 07 Aug 2026, 12:59 pm IST
ABOUT THE AUTHOR

അഞ്ജയ് ദാസ്. എന്.ടി
anjaydas@mpp.co.inRelated Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented