
താരസംഘടനയായ 'അമ്മ' ഓഫീസിലെ സിസിടിവിയിലെ ശബ്ദസന്ദേശങ്ങൾ ചോർത്തി പുറത്തുവിട്ടത് താനാണെന്ന വാർത്ത നിഷേധിച്ച് നടി മാലാ പാർവതി. പുറത്തുവന്നത് സിസിടിവി ദൃശ്യങ്ങൾ അല്ലെന്ന് മാലാ പാർവതി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ അവകാശപ്പെട്ടു. 'അമ്മ' ജനറൽ സെക്രട്ടറി കുക്കു പരമേശ്വരന്റെ ഫോണിൽ റെക്കോർഡ് ചെയ്ത സംഭാഷണ ശകലങ്ങൾ ആണ് അവയെന്നും മാലാ പാർവതി കുറിച്ചു.
'അമ്മ'യിലെ സിസിടിവി സൈബർ വിദഗ്ധർ പരിശോധിക്കട്ടെ. ആ ആനമണ്ടത്തരം ഞാൻ ചെയ്യില്ല. നിയമത്തെക്കുറിച്ച് സമാന്യബോധമുണ്ടെന്നും നടി കൂട്ടിച്ചേർത്തു.
'അമ്മ' ഭരണസമിതി പൂർണ്ണമായി രാജിവെച്ചൊഴിയണമെന്ന മുൻനിലപാട് മാലാ പാർവതി ആവർത്തിച്ചു. നിലവിലെ സാഹചര്യത്തിൽ ഭരണസമിതിക്ക് തുടരാനുള്ള ധാർമിക യോഗ്യത നഷ്ടപ്പെട്ടിട്ടുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു.
'അമ്മ' ആസ്ഥാനത്തെ ഓഫീസ് ജീവനക്കാരി തന്നെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചെന്ന് പരാതി പറയണമെന്ന് ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ നിർബന്ധിച്ചെന്ന് ആരോപിക്കുന്ന സെക്യൂരിറ്റി ജീവനക്കാരന്റെ ശബ്ദസന്ദേശം നേരത്തേ പുറത്തുവന്നിരുന്നു. പിന്നാലെ, ഓഫീസിലെ സിസിടിവിയിൽ റെക്കോർഡ് ചെയ്യപ്പെട്ടതെന്ന് അവകാശപ്പെടുന്ന ശബ്ദരേഖ ഒരു സ്വകാര്യചാനൽ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നിൽ മാലാ പാർവതിയും കുക്കു പരമേശ്വരനുമാണെന്ന വാർത്ത ഒരു യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടു. ഇതിനോടാണ് മാലാ പാർവതിയുടെ പ്രതികരണം.
മാലാ പാർവതിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം:
ശ്രീ Hyderali പറഞ്ഞിരിക്കുന്നു.. 'അമ്മ സംഘടനയിലെ സി.സി.ടി.വി യിലെ ഓഡിയോ ലീക്ക് ചെയ്തു എന്നും, അത് മാലാ പാർവ്വതി പുറത്ത് വിട്ടു എന്നും.' ആ വാർത്ത വാസ്തവ വിരുദ്ധമാണ്.
കുക്കു ഒരു ഹണിട്രാപ്പ് ചെയ്യാൻ നിർദ്ദേശം നൽകി എന്ന് ഒരു ആരോപണം വന്നു. അതിനെ സംബന്ധിച്ച്, മാതൃഭൂമിയിൽ ചർച്ചയ്ക്ക് എനിക്കും പോകേണ്ടി വന്നു. ഇതിൽ സത്യമുണ്ടോ എന്നന്വേഷിച്ചപ്പോൾ, അത് വാസ്തവ വിരുദ്ധമാണെന്നും, അതിന് നേരെ എതിര് വോയിസ്, കുക്കു വിന്റെ ഫോണിൽ ഉണ്ട് എന്നും ചില എക്‌സിക്യൂട്ടീവ് അംഗങ്ങൾ പറഞ്ഞു. അവർ കേട്ടതാണെന്നും, അതിലെ വോയിസ് പുറത്ത് വന്നാൽ മുഹമ്മദിന്റെ വീട്ടിൽ മൂന്ന് ശവങ്ങൾ ഉണ്ടാകുമെന്നും അത് കൊണ്ട് ആ വോയിസ് പുറത്ത് വിടാതെ കുക്കു ചേച്ചി പൊട്ടി കരയുകയാണ് എന്നും പറഞ്ഞു. കേൾക്കാതെ, ഞാൻ വിശ്വസിക്കില്ല.അത് എനിക്ക് കേൾക്കണം, കേട്ടാൽ മാത്രമേ മറ്റൊരു വശം ഉണ്ട് എന്ന് ഞാൻ പറയുകയൊള്ളു എന്ന് ഞാനും പറഞ്ഞു. അങ്ങനെ എനിക്കതിന്റെ ഒരു edited version തരുകയും ചെയ്തു.3 ക്ലിപ്പുകളായി.
കാര്യങ്ങൾ മനസ്സിലാക്കി പ്രതികരിക്കണമെന്നുള്ളത് കൊണ്ടാണത്, അങ്ങനെ ചെയ്തത്.
അത് സി സി ടി വി ഫുട്ടേജ് അല്ല. കുക്കു വിന്റെ ഫോണിൽ റെക്കോർഡ് ചെയ്തതിന്റെ ചില സംഭാഷണ ശകലങ്ങൾ.തെളിവില്ലാതെയും , കാര്യം മനസ്സിലാക്കാതെയും ഒന്നും പറയാൻ പറ്റില്ല. ഒരാളേം വിശ്വസിക്കാൻ പറ്റില്ലെന്നേ!.ഗ്രൂപ്പിന്റെ ഭാഗമായി കഥകൾ പടയ്ക്കലാണ് ഇവരുടെ പണി. ഈ ജനറൽ സെക്രട്ടറിയെ ഒക്കെ സപ്പോർട്ട് ചെയ്തതിന്റെ ദുഃഖം തുറന്ന് പറഞ്ഞ് മാപ്പ് പറഞ്ഞ് കൊണ്ടിരിക്കുകയാണ് ഞാൻ. അത് കൊണ്ട് തന്നെ എന്റെ തലയിൽ ചാരും എന്ന് എനിക്ക് കൃത്യമായി അറിയാമായിരുന്നു. എങ്കിലും Pimp എന്നൊക്കെ പറഞ്ഞ് പരത്തുന്നതിനോട് എനിക്ക് വിയോജിപ്പുമുണ്ട് എന്നുള്ളത് കൊണ്ട് അവർ പറയുന്നത് കേൾക്കാൻ തയ്യാറായി എന്ന് മാത്രം.
ഇനി #Secretagent നോട്... താങ്കൾ പുറത്ത് വിട്ട, I gave it to Maala.She asked എന്ന കുക്കുവിന്റെ വോയ്‌സ് നോട്ട് വീഡിയോയിൽ കേട്ടു. സത്യമാണ്. ഞാൻ ചോദിച്ചിരുന്നു.ഇത് സ്വന്തം ഫോണിൽ നിന്നാണ് എന്ന് കുക്കു തന്നെ പറഞ്ഞ മെസ്സേജ് എന്റെ കയ്യിലുണ്ട്. അമ്മയിലെ സി.സി.റ്റി.വി സൈബർ വിദഗ്ദ്ധർ ചെക്ക് ചെയ്യട്ടെ. ആ ആന മണ്ടത്തരം ഞാൻ ചെയ്യില്ല. നിയമത്തെ കുറിച്ച് സാമാന്യ ബോധമുണ്ട്.
ഒരാളെ പിംപ് എന്നും , അപസർപ്പക കഥകൾ മെനയുന്ന ആൾ എന്നൊക്കെ പറഞ്ഞ് ടാഗ് ചെയ്യുമ്പോൾ പോലും, തെളിവില്ലാതെ സപ്പോർട്ട് ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് . അത് കൊണ്ടാണ്, മറ്റൊരു vesion ഉണ്ട് എന്ന് പറഞ്ഞേപ്പോൾ കേൾക്കണം എന്ന് നിർബന്ധം പിടിച്ചത്.
ഒരു സൈഡ് മാത്രം പറയും, അത് നമ്മൾ വിശ്വസിച്ചോണം എന്ന് നിർബന്ധമുള്ള യൂട്യൂബർമാരുടെയും,അവിടേം ഇവിടേം പറയുന്ന മുഹമ്മദ്മാരുടെ കാലം!
ഈ വിഷയത്തിൽ എന്റെ നിലപാട് ഞാൻ നേരത്തേ വ്യക്തമാക്കിയതാണ്. നിലവിലെ സാഹചര്യത്തിൽ ഭരണസമിതിക്ക് തുടരാനുള്ള ധാർമ്മിക യോഗ്യത നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് എന്റെ അഭിപ്രായം.
അതേസമയം, ഒരു വിഷയത്തിന്റെ ഒരു വശം മാത്രം കേട്ട് അത് വിശ്വസിക്കണമെന്ന് നിർബന്ധിക്കുന്ന സംസ്‌കാരത്തോടും, തെളിവില്ലാതെ വ്യക്തിഹത്യ നടത്തുന്ന പ്രവണതകളോടും എനിക്ക് യോജിപ്പില്ല. അതുകൊണ്ടാണ് എല്ലാ വശങ്ങളും കേൾക്കാൻ ഞാൻ തയ്യാറായത്.തയ്യാറായത് എന്ന വാക്കിനെക്കാൾ മെനക്കെട്ടത് എന്ന് പറയുന്നതാവും ശരി.
പിന്നെ ചാനലിൽ വന്നത്.. അത് നിങ്ങൾ അവരോട് ചോദിക്കുക.
Published: 03 Jun 2026, 09:27 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented