നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരായ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള വിദ്യാർഥി പ്രക്ഷോഭം വിജയിച്ചതിന് പിന്നാലെ കേരളത്തിലെ പി.എസ്.സി. റാങ്ക് ഹോൾഡർമാരുടെ സമരത്തിന് പിന്തുണയുമായി താരങ്ങൾ. അഭിനേതാക്കളായ ടൊവിനോ തോമസ്, ചന്തു സലിംകുമാർ, നസ്ലിൻ തുടങ്ങിയവർ ഉദ്യോഗാർഥികൾക്ക് സാമൂഹികമാധ്യമങ്ങളിൽ പിന്തുണ പ്രഖ്യാപിച്ചു. സംഭവത്തിൽ നേരിട്ട് ഇടപെടുമെന്ന സൂചന നൽകി അവതാരക രഞ്ജിനി ഹരിദാസും രംഗത്തെത്തി.

To advertise here,

പി.എസ്.സി. റാങ്ക് ഹോൾഡർമാരുടെ സമരത്തെ പിന്തുണച്ച് ചന്തു ഒരു റീൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇത് ടൊവിനോയും നസ്ലിനും തങ്ങളുടെ സ്‌റ്റോറിയിൽ ഷെയർ ചെയ്തു. ഇവർക്ക് പുറമേ ലിയോണ ലിഷോയ്, ദീപ തോമസ് ഉൾപ്പെടെ പിന്തുണയുമായി എത്തി. പി.എസ്.സി. ഉദ്യോഗാർഥികളുടെ സമരത്തിന് സിനിമാ മേഖലയിൽനിന്ന് പിന്തുണയേറുകയാണ്.

അതേസമയം, വിഷയത്തിൽ നേരിട്ട് ഇടപെടുമെന്ന സൂചനയാണ് രഞ്ജിനി തന്റെ ദീർഘമായ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചത്. പി.എസ്.സി. റാങ്ക് ഹോൾഡർമാരുടെ പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് ഒട്ടേറെ മെസേജുകൾ ലഭിക്കുന്നതായി രഞ്ജിനി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വിവരങ്ങൾ വ്യക്തമായ ശേഷം അതിൽ പ്രതികരിക്കുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ. സമരത്തെക്കുറിച്ച് ഓൺലൈനിൽ കാര്യമായ വിവരങ്ങളില്ല. വിഷയത്തെക്കുറിച്ച് ചോദിച്ചറിയാൻ സമരത്തിൽ പങ്കെടുക്കുന്ന ആരെങ്കിലുമുണ്ടോ? നിങ്ങളുടെ/ അവരുടെ വിവരങ്ങൾ എനിക്ക് അയച്ചുതരാമോ?', എന്നാണ് രഞ്ജിനി കുറിപ്പിനൊപ്പം പങ്കുവെച്ച ചിത്രത്തിലുള്ളത്.

'ഡൽഹിയിലെ പ്രതിഷേധങ്ങളിൽ പങ്കെടുത്തതുമുതൽ, സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന കേരള പി.എസ്.സി. പ്രതിഷേധത്തെക്കുറിച്ച് എന്തുകൊണ്ട് സംസാരിക്കുന്നില്ലെന്ന് ചോദിച്ച് എനിക്ക് ഒട്ടേറെ സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. സത്യം പറഞ്ഞാൽ, നിങ്ങൾ എനിക്ക് മെസേജ് അയക്കുന്നതുവരെ എനിക്ക് ഇക്കാര്യത്തിൽ വലിയ അറിവുണ്ടായിരുന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ ആവശ്യമായ വിവരങ്ങൾ ഓൺലൈനിൽ ഇപ്പോഴുമില്ല. അതുകൊണ്ട് പ്രതികരിക്കുന്നതിന് മുമ്പ്, ഞാൻ വിശ്വസിക്കുകയും നമ്മൾ ചെയ്യേണ്ടതുമായ ഒരു കാര്യം ഞാൻ ചെയ്യുകയാണ്. ആളുകളെ കേൾക്കുകയും വിഷയത്തെക്കുറിച്ച് പഠിക്കുകയും വസ്തുതകൾ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു', രഞ്ജിനി ഹരിദാസ് കുറിച്ചു.

പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗാർഥികളോ അവരുടെ പ്രതിനിധികളോ ഇത് വായിക്കുന്നുണ്ടെങ്കിൽ, അല്ലെങ്കിൽ നിങ്ങൾക്ക് അവരെ അറിയാമെങ്കിൽ അവരെ ബന്ധപ്പെടാനുള്ള സൗകര്യമൊരുക്കുക. അവരുടെ കോൺടാക്റ്റ് വിവരങ്ങൾ പങ്കുവെക്കുക. അല്ലെങ്കിൽ താഴെ ടാഗ് ചെയ്യുക. അവരുമായി നേരിട്ട് സംസാരിക്കാനും ആശങ്കകൾ മനസിലാക്കാനും എന്താണ് സംഭവിക്കുന്നതെന്ന് അറിയാനും ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് മെസേജുകൾ അയച്ച എല്ലാവർക്കും നന്ദി. ഇത്തരം കാര്യങ്ങൾ എന്നെ അറിയിക്കുന്നതും എന്റെ ഉത്തരവാദിത്തം ഓർമിപ്പിക്കുന്നതും തുടരുക. യഥാർഥ പ്രശ്‌നങ്ങൾ കേൾക്കപ്പെടാതെ പോകില്ലെന്ന് നമുക്ക് ഉറപ്പാക്കാം, അത് ഡൽഹിയിലായാലും കേരളത്തിലായാലും, രാജ്യത്ത് എവിടെയായാലും', രഞ്ജിനി വ്യക്തമാക്കി.

പ്രശ്‌നം പഠിച്ചതിന് ശേഷം എന്റെ ശബ്ദം കൂടുതൽ ആളുകളിലേക്ക് എത്താനും അർഥവത്തും ക്രിയാത്മകവുമായ മാറ്റത്തിന് എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ സന്തോഷത്തോടെ പങ്കുചേരാൻ ഞാൻ തയ്യാറാണ്. പറ്റുമെങ്കിൽ ഞാൻ ചെയ്യും', അവർ കൂട്ടിച്ചേർത്തു.