
കോഴിക്കോട്: അധ്യാപക റാങ്ക് ലിസ്റ്റ് കാലാവധി നീട്ടരുതെന്നാവശ്യപ്പെട്ട് പൊരിവെയിലത്ത് ഐ.ഐ.എമ്മിന്റെ പ്രവേശനകവാടത്തിനുപുറത്ത് കാത്തുനിന്ന ഉദ്യോഗാർഥികൾക്കരികിലേക്കെത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇവരുടെ പരാതികൾകേട്ട മുഖ്യമന്ത്രി വഴിയരികിൽനിന്ന് ഇവർ നൽകിയ നിവേദനങ്ങൾ കൈപ്പറ്റി. കാറിൽനിന്ന് ഇറങ്ങിവന്ന മുഖ്യമന്ത്രിയെ കൈയടികളോടെയാണ് ഉദ്യോഗാർഥികൾ സ്വീകരിച്ചത്.
പി.എസ്.സി.യുടെ പുതിയ അധ്യാപകപരീക്ഷയെഴുതിയ ഉദ്യോഗാർഥികളാണ് മന്ത്രിസഭയ്ക്കുള്ള നേതൃത്വ ശില്പശാല നടക്കുന്ന കുന്ദമംഗലത്തെ ഐ.ഐ.എമ്മിന്റെ പ്രവേശനകവാടത്തിനുമുന്നിൽ കാത്തിരുന്നത്. 2023-ലെ അധ്യാപക റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയതായി കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇതിലെ എച്ച്.എസ്.ടി., എച്ച്.എസ്.എസ്.ടി. റാങ്ക് ലിസ്റ്റ് നീട്ടരുതെന്നാണ് ഇവരുടെ ആവശ്യം. അത് തങ്ങളുൾപ്പെട്ട പുറത്തിറങ്ങാനിരിക്കുന്ന പട്ടികയെ ബാധിക്കുമെന്നതാണ് ഇവർ ഉന്നയിക്കുന്ന പ്രശ്നം.
വെള്ളിയാഴ്ചയും ഇവർ ഏറെനേരം മുഖ്യമന്ത്രിയെ കാണാൻ ഇവിടെ ഒത്തുചേർന്നിരുന്നു. കനത്തസുരക്ഷയിൽ വെള്ളിയാഴ്ച ആരംഭിച്ച ശില്പശാല ശനിയാഴ്ച ഉച്ചയോടെയാണ് സമാപിച്ചത്. ഐ.ഐ.എമ്മിൽനിന്ന് പുറത്തേക്ക് പോകുംവഴിയാണ് കാർ നിർത്തി മുഖ്യമന്ത്രി ഉദ്യോഗാർഥികൾക്ക് അരികിലേക്കെത്തിയത്.
‘നിങ്ങൾ ഇവിടെ കാത്തിരിക്കുന്നുണ്ടെന്ന് ഇന്ന് രാവിലെയാണ് അറിഞ്ഞത്’ -എന്നുപറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ഉദ്യോഗാർഥികളെ കാണാൻ നടന്നെത്തിയത്. പ്രശ്നങ്ങൾ കേട്ടറിഞ്ഞശേഷം അദ്ദേഹം നിവേദനങ്ങൾ കൈപ്പറ്റി. തീരുമാനം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉദ്യോഗാർഥികളോട് പറഞ്ഞു.
Content Highlights: Chief Minister VD Satheesan interacted with teacher rank holders protesting outside IIM Kozhikode., Protesters demanded not to extend the validity of the 2023 teacher rank list as it affects upcoming lists., The CM accepted their memorandum and assured them that the decision would be reviewed.
Published: 06 Sept 2026, 07:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented