മോഹന്‍ലാലിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം 'വൃഷഭ'യില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ച ഷനായ കപൂറിനെ അഭിനന്ദിച്ച് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍. നടന്‍ സഞ്ജയ് കപൂറിന്റെ മകളാണ് ഷനായ. ബേധടക് എന്ന ചിത്രത്തിലൂടെ ഷനായ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. കരണ്‍ ജോഹറാണ് ചിത്രത്തിന്റെ നിര്‍മാണം. അതിനിടയിലാണ് വൃഷഭയില്‍ അവസരം ലഭിച്ചത്. 

To advertise here,

ഷനായയില്‍ സ്വപ്നങ്ങള്‍ കാണുന്ന ഒരു കലാകാരിയെ മാത്രമേ താന്‍ കണ്ടിട്ടുള്ളൂവെന്നും മോഹന്‍ലാലിനെപ്പോലുള്ള ഒരു പ്രതിഭയില്‍ നിന്ന് ഒരുപാട് പഠിക്കാനുള്ള അവസരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്നും കരണ്‍ ജോഹര്‍ കുറിച്ചു. 

ചില യാത്രകളെ പ്രത്യേക പദവിയായി ആളുകള്‍ കാണുന്നു, ചിലതിന് പാരമ്പര്യത്തിന്റെ ആനുകൂല്യം എന്ന ടാഗ് നല്‍കുകയും ചെയ്യുന്നു.
അതെല്ലാം ശരിയാണ്. എന്നാല്‍ ഷനായ, ഒരു നല്ല ഒരു കലാകാരി ആകുക എന്നതിലപ്പുറം മറ്റൊന്നും സ്വപ്നം കാണാത്ത, ഒരുപാട് കഠിനാധ്വാനം ചെയ്ത് ക്യാമറയെ അഭിമുഖീകരിക്കുന്ന ഒരു പെണ്‍കുട്ടിയെ താന്‍ കണ്ടിട്ടുള്ളൂവെന്ന് കരണ്‍ ജോഹര്‍ കുറിച്ചു.

ഇതൊരു മികച്ച അവസരമാണെന്നും താന്‍ ഏറെ ആരാധിക്കുന്ന, ബഹുമാനിക്കുന്ന, മോഹന്‍ലാല്‍ എന്ന ഇതിഹാസത്തില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും കരണ്‍ ജോഹര്‍ കൂട്ടിച്ചേര്‍ത്തു. 

അതേ സമയം കരണ്‍ ജോഹറിനെ വിമര്‍ശിച്ച് ഒട്ടേറെപേര്‍ രംഗത്ത് വന്നു. കരണ്‍ ജോഹര്‍ ബോളിവുഡിലെ സ്വജനപക്ഷപാതത്തെ നിസ്സാരവല്‍ക്കരിക്കുന്നുവെന്നാണ് പ്രധാന ആരോപണം.

ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ഏക്താ കപൂറാണ് 'വൃഷഭ' നിര്‍മിക്കുന്നത്. ബാലാജി ടെലിഫിലിംസിന്റെ ആദ്യ പാന്‍ ഇന്ത്യന്‍ ചുവടുവെപ്പാണ് വൃഷഭ. വൈകാരികതയ്ക്കും ആക്ഷനും പ്രാധാന്യമുള്ളതായിരിക്കും ചിത്രമെന്ന് ഏക്ത ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. മലയാളത്തിലും തെലുങ്കിലും ഒരേസമയം ചിത്രീകരണം നടക്കും. തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ മൊഴിമാറിയും ചിത്രമെത്തും.

പൊഗരു, റന്ന തുടങ്ങിയ കന്നഡ ചിത്രങ്ങളൊരുക്കിയ നന്ദ കിഷോറാണ് വൃഷഭയുടെ സംവിധായകന്‍. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ അടുത്തമാസം അവസാനത്തോടെ ആരംഭിക്കും. കണക്റ്റ് മീഡിയ, എ.വി.എസ് സ്റ്റുഡിയോസ് എന്നിവരും ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളികളാണ്. 

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ട വാലിബന്‍, ജീത്തു ജോസഫിന്റെ റാം, പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന എമ്പുരാന്‍ എന്നിവയാണ് മോഹന്‍ലാലിന്റേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍.