
മോഹന്‍ലാല്‍ | Photo: Screen grab/ YouTube: Aashirvad Cinemas
ഇന്ത്യന്‍ സിനിമയിലെ അതികായന്മാര്‍ക്കൊപ്പം അഭിനയിച്ചപ്പോള്‍ ലഭിച്ച സ്‌നേഹവും വാത്സല്യവും തനിക്ക് ലഭിച്ച പാഠങ്ങളായിരുന്നുവെന്ന് നടന്‍ മോഹന്‍ലാല്‍. പ്രേംനസീറിനും ശിവാജി ഗണേശനും അമിതാഭ് ബച്ചനും ഒപ്പം അഭിനയിച്ചപ്പോള്‍ തന്നെ അവര്‍ മാറ്റി നിര്‍ത്തിയിട്ടില്ല. ആ പാരമ്പര്യമാണ് താന്‍ പുതിയ അഭിനേതാക്കള്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ പിന്തുടരുന്നതെന്നും ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ 'വൃഷഭ' ട്രെയ്‌ലര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വൃഷഭ' തന്നെ സംബന്ധിച്ച് ഏറെ പ്രത്യേകതയുള്ള ചിത്രമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. 'ചിത്രത്തിലെ കോമ്പിനേഷന്‍ തന്നെ വളരേ വിചിത്രമാണ്. കന്നഡ ഡയറക്ടര്‍ തെലുങ്കിലും മലയാളത്തിലുമായി നോര്‍ത്ത് ഇന്ത്യന്‍ നിര്‍മാതാക്കള്‍ക്കും മലയാളം അഭിനേതാക്കള്‍ക്കുമൊപ്പം ചിത്രം ചെയ്യുന്നു. അതുതന്നെ വിചിത്രമായ ആകസ്മികതയാണ്. സാധാരണ കഥകളേക്കാള്‍ വ്യത്യസ്തമായി 'വൃഷഭ' എനിക്ക് തോന്നി. സിനിമ യാഥാര്‍ഥ്യമാക്കാന്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടിവന്നു. ചിത്രം പൂര്‍ത്തിയാക്കാന്‍ എല്ലാ അഭിനേതാക്കളും ഒപ്പം നിന്നു', മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി.
'പ്രേംനസീര്‍ സര്‍, ശിവാജി ഗണേശന്‍ സര്‍, അമിതാഭ് ബച്ചന്‍, രാജ്കുമാര്‍ സര്‍, നാഗേശ്വരറാവു സര്‍ എന്നിവരോടൊപ്പം അഭിനയിക്കുമ്പോള്‍, അവര്‍ എന്നോട് കാണിച്ച സ്‌നേഹവും വാത്സല്യവും എനിക്കൊരു പാഠമാണ്. ആ പാരമ്പര്യം ഞാന്‍ തുടരേണ്ടതുണ്ട്. അത് ഞാന്‍ പുതിയ ആളുകള്‍ക്ക് നല്‍കുകയാണ്. അവര്‍ എത്ര നന്നായിട്ടാണ് എന്നെ സ്‌നേഹിച്ചിരുന്നത്. അവരുടെ സിനിമയില്‍ പോവുമ്പോള്‍, പുതിയ ആളാണെന്ന് പറഞ്ഞ് എന്നെ മാറ്റി നിര്‍ത്തിയിട്ടില്ല. അവര്‍ എനിക്കെല്ലാ സ്‌നേഹവും പിന്തുണയും നല്‍കി. അപ്പോള്‍ കൂടെയുള്ളവരുമായി ഏറ്റവും നന്നായി സിനിമ ചെയ്യുക എന്നത് എന്റെ ധര്‍മമായി കാണുന്നു. എങ്കിലേ നല്ല സിനിമയുണ്ടാക്കാന്‍ പറ്റുകയുള്ളൂ. സഹപ്രവര്‍ത്തകര്‍ക്കൊപ്പം ആത്മാര്‍ഥമായി ജോലി ചെയ്യുക എന്നത് എന്റെ ധര്‍മമാണ്. എല്ലാ കോമ്പിനേഷനും എനിക്ക് നല്ല ഓര്‍മകളാണ്', പുതിയതും പഴയതുമായ നടന്മാര്‍ക്കൊപ്പം ഒരുപോലെ അഭിനയിക്കാന്‍ കഴിയുന്നത് എങ്ങനെയാണെന്ന ചോദ്യത്തോട് മോഹന്‍ലാല്‍ പ്രതികരിച്ചു.
Content Highlights: Mohanlal on Legacy and Mentorship: Lessons Learned from Cinema's Legends
Published: 17 Dec 2025, 12:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented