നടന്‍ കലാഭവന്‍ ഹനീഫിനെക്കുറിച്ചുള്ള ഓര്‍മകള്‍ സംവിധായകന്‍ റഫീക്ക് സീലാട്ട് പങ്കുവയ്ക്കുന്നു

To advertise here,

ലാഭവൻ ഹനീഫ് എന്ന കലാകാരന്റെ വിയോഗം ഒരു പ്രദേശത്തെ കലാസ്വാദകരുടെ സന്തോഷമാണ് ഇല്ലാതാക്കിയത് എന്ന് ഞാൻ വിശ്വസിക്കുന്നു. കൊച്ചിയുടെ ഏതൊരു കലാസാംസ്കാരിക പരിപാടികളിലും കലാഭവൻ ഹനീഫിന്റെ സാന്നിദ്ധ്യം ഉണ്ടാകും.

വിശിഷ്ടാതിഥി ആയിട്ടോ ആശംസകൾ സമർപ്പിക്കുവാനോ ഉദ്ഘാടകൻ ആയിട്ടോ അല്ലെങ്കിൽ ഒരു പ്രേക്ഷകനായിട്ടോ ഹനീഫ് കൊച്ചിയുടെ പല സദസ്സുകളിലും വേദികളിലും തന്റെ സജീവ സാന്നിദ്ധ്യം ഉറപ്പിച്ചിരുന്നു. ലഘു പ്രഭാഷണങ്ങളിൽ നർമ്മം കലർത്തി സദസ്സുകളെ ഏറെ രസിപ്പിക്കുവാനും പുത്തൻ അനുഭവങ്ങൾ അവരുമായി പങ്ക് വെയ്ക്കുവാനും ഹനീഫിന് കഴിഞ്ഞിരുന്നു. അതൊരു അസാധാരണ കഴിവ് തന്നെ ആയിരുന്നു.

പല സദസ്സുകളിലും ഹനീഫിനോടൊപ്പം പങ്കിടുവാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. എന്നാൽ കലാവേദി കളിൽ ഒരുമിക്കുവാൻ എനിക്ക് കഴിഞ്ഞിട്ടില്ല. സൗഹൃദ വലയങ്ങൾ സൃഷ്ടിക്കുവാനും അവ വലിയ മാനസീക ബന്ധങ്ങളാക്കി മാറ്റുവാനും ഹനീഫിന് കഴിഞ്ഞിരുന്നു. കാരണം വാക്കുകൾ കൊണ്ട് മറ്റുള്ളവരെ സന്തോഷിപ്പിക്കുക സദാ ആഹ്ളാദഭരിതമായ ആത്മാവിന്റെ പ്രതിഫലനമാണ്. ഹനീഫിന്റെ ആത്മാവിന് അതിന് കഴിഞ്ഞിരുന്നു. തന്റെ ചലച്ചിത്ര പ്രവർത്തകരുടെ ഇടയിലും ഹനീഫിന്റെ ഇത്തരം ഒരു സ്വഭാവ സവിശേഷതയെ എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു. ചെറിയ താരങ്ങൾ തുടങ്ങി സൂപ്പർ സ്റ്റാറുകൾക്ക് വരെ ഹനീഫിനെ ഏറെ ഇഷ്ടമായിരുന്നു.

എന്റെ ബാല്യത്തിൽ ഒന്നും എനിക്ക് ഹനീഫിനെ വലിയ പരിചയമൊന്നും ഉണ്ടായിരുന്നില്ല. കാരണം ഹനീഫ് കൊച്ചിയുടെ വലിയ കലാപാരമ്പര്യമുള്ള ഹാജി ഈസാ ഹാജി മൂസാ സ്കൂളിലും ഞാൻ മറ്റൊരു കൃസ്ത്യൻ മാനേജ്മെന്റ് സ്കൂളിലുമാണ് പഠിച്ചത്. ഹാജി ഈസാ സ്കൂളിൽ ഒരു കാലത്ത് അറിയപ്പെട്ടിരുന്ന മിമിക്രി താരങ്ങളായിരുന്നു ഇപ്പോഴത്തെ തിരക്കഥാകൃത്തും നടനും സംവിധായകനുമായ കലാഭവൻ അൻസാറും എന്റെ മൂത്ത സഹോദരനും ചലച്ചിത്ര നിർമ്മാതാവ് ആഷിക് ഉസ്മാന്റെ പിതാവുമായ ഉസ്മാനും. അവരുടെ തൊട്ട് ജൂനിയറായി വന്ന കലാഭവൻ ഹനീഫ് സ്കൂൾ വാർഷികങ്ങളിൽ മിമിക്രി അവതരിപ്പിച്ച് നന്നായി തിളങ്ങി. പ്രേം നസീർ സർ,ആലംമൂടൻ ചേട്ടൻ,ശങ്കരാടി ചേട്ടൻ, കുതിരവട്ടം പപ്പു ചേട്ടൻ ഇവരുടെയൊക്കെ ശബ്ദം ഹനീഫ് നന്നായി അനുകരിക്കും എന്ന് ഒരിക്കൽ അൻസാർ കലാഭവൻ വീട്ടിൽ വന്നപ്പോൾ എന്റെ ജേഷ്ഠനോട് പറയുന്നത് ഞാൻ കേട്ടു. അങ്ങനെ ഒരിക്കൽ ഞാൻ അവരുടെ സ്കൂൾ വാർഷികത്തിന് ചെന്ന് ഹനീഫിന്റെ മിമിക്രി കണ്ടു. കുതിരവട്ടം പപ്പു ചേട്ടനെയൊക്കെ ഹനീഫ് ഗംഭീരമായി അനുകരിച്ചു.

യശശരീരനായ നടനും സുഹൃത്തുമായ നമ്മുടെ സൈനുദ്ദീനുമായി ഹനീഫ് വലിയ സൗഹ്യദത്തിൽ ആയിരുന്നു. ഫലിത രാജാവായ സൈനുദ്ദീൻ നർമ്മങ്ങൾ വളരെ ഭംഗിയായി വിശദീകരിച്ച് ഹനീഫ് അവതരിപ്പിച്ചിരിക്കുന്നത് കേട്ട് സൈനുവും ഏറെ അത് ആസ്വദിച്ചിരുന്നു.
സൈനുവിനോടൊപ്പം ഹനീഫ് പല വേദികളിലും ഒരുമിച്ച് മിമിക്രി ചെയ്തിരുന്നു. ഹനീഫിന്റെ കഴിവുകളിൽ സൈനുവിനും അൻസാറിനും സിദ്ധീഖിനും ലാലിനും കലാഭവൻ റഹ്മാനും കെ.എസ്.പ്രസാദിനുമൊക്കെ ഏറെ വിശ്വാസമായിരുന്നു. പിന്നീട് ഞാൻ ഹനീഫിനെ കാണുന്നത് ചേലക്കുളം റഹ്മാനും പ്രശസ്ത താരം ജയറാമുമൊത്ത് നിരവധി വേദികളിൽ മിമിക്രി അവതരിപ്പിക്കുന്നതാണ്. ഇവർ മൂവരും കുറേ വേദികളിൽ മിമിക്രി അവതരിപ്പിച്ചതായി ചേലക്കുളം റഹ്മാൻ പലപ്പോഴും കാണുമ്പോൾ പറയാറുണ്ടായിരുന്നു. പിൽക്കാലത്ത് കൊച്ചിൻ കലാഭവനിലും മറ്റ് ചില മിമിക്രി ട്രൂപ്പുകളിലേയും നിറ സാന്നിധ്യമായി ഹനീഫ് മാറി.

അക്കാലത്ത് ഹനീഫ് നെടുമുടി വേണുവിനെ ഗംഭീരമായി അനുകരിക്കുമായിരുന്നു. പിൽക്കാലത്ത് ആരും തന്നെ വേണുവേട്ടനെ അത്ര പെർഫെക്ഷനോടെ അനുകരിക്കുന്നതായി ഞാൻ കണ്ടിട്ടില്ല. ഓരോ കൊച്ചു കൊച്ച് സംഭവങ്ങൾ ഹാസ്യത്തിന്റെ ആ ചാരുത നഷ്ടപ്പെടാതെ പങ്ക് വെക്കുന്ന ഹനീഫ് കേരളത്തിലെ എല്ലാ മിമിക്രി കലാകാരൻമ്മാർക്കൊപ്പവും ഇന്ന് ഭൗതിക ശരീരമാകുന്നതിന് മുമ്പ് വരെ പരിപാടികൾ അവതരിപ്പിച്ചിരുന്നു. തീർച്ചയായും കേരളത്തിലെ എല്ലാ മിമിക്രി കലാകാരൻമ്മാർക്കും ഹനീഫിന്റെ ഈ വിയോഗം ഏറെ വേദനകൾ സമ്മാനിച്ചിട്ടുണ്ടാകും.

1989-90 കാലഘട്ടത്തിൽ എന്റെ കഥയ്ക്ക് എസ്.എൻ.സ്വാമി തിരക്കഥ രചിച്ച് കലാ അടൂർ ഇപ്പോഴത്തെ സംവിധായകൻ കലാധരൻ സംവിധാനം നിർവഹിച്ച ആയാറാം ഗയാറാം എന്ന സിനിമയുടെ തിരക്കഥ ചർച്ചയുമായി ഞങ്ങൾ എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോം ഹോട്ടലിൽ ഇരിക്കുമ്പോൾ കലാഭവൻ ഹനീഫ് രണ്ട് ചെറുപ്പക്കാരുമായി അവിടെ വന്നു. ഈ സമയത്ത് ഹനീഫ് കലാധരൻ സംവിധാനം ചെയ്ത ചെപ്പ് കിലുക്കണ ചങ്ങാതി എന്ന സിനിമയിലും നെറ്റിപ്പട്ടം എന്ന സിനിമയിലും ചെറിയ വേഷം ചെയ്തിട്ടുണ്ടായിരുന്നു. ഹനീഫിന്റെ നർമ്മങ്ങൾ കലാധരന് ഏറെ ഇഷ്ടമായിരുന്നു. ഹനീഫ് കലാധരന് ആ ചെറുപ്പക്കാരെ പരിചയപ്പെടുത്തി. ഇത് റാഫിയും മെക്കാർട്ടിനുമാണ്. ഇരുവരും നല്ല ഹ്യൂമർ സെൻസുള്ളവരാണ്. ഹനീഫും റാഫിയും മെക്കാർട്ടിനും ധാരാളം സ്റ്റേജുകളിൽ ഒരുമിച്ച് മിമിക്രി ചെയ്തിട്ടുണ്ട്. അവരുടെ പക്കൽ മനോഹരമായ ഒരു കോമഡി സ്ക്രിപ്റ്റ് ഉണ്ട്. ഇതിൽ റാഫി സംവിധായകൻ സിദ്ധീഖിന്റെ അടുത്ത ബന്ധുവും ആണ്. സ്ക്രിപ്റ്റ് വായിച്ച കലാധരന് ആ സ്ക്രിപ്റ്റ് ഏറെ ഇഷ്ടമായി. ആ സ്ക്രിപ്റ്റ് അന്ന് ഞാനും വായിച്ചിരുന്നു. ആ സ്ക്രിപ്റ്റ് ആണ് എല്ലാരും ചൊല്ലണ് എന്ന റാഫി മെക്കാർട്ടിന്റെ ആദ്യ  സിനിമയായി മാറിയത്. സെവൻ ആർട്സ് ആയിരുന്നു നിർമ്മാണം.

പിന്നീട് ചെറിയ വേഷങ്ങളുമായി ഹനീഫ് സിനിമയും ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി മിമിക്രിയും മറ്റുമായി യാത്ര തുടർന്നു. ഇന്ന് ഹനീഫിന്റെ ഭൗതിക ശരീരം കാണുവാൻ ചെന്നപ്പോൾ റാഫി അവിടെ ഉണ്ടായിരുന്നു. പഴയ കാര്യങ്ങൾ ഞങ്ങൾ അയവിറക്കി. ഒരു ദിവസം ഹനീഫ് എന്റെ വീട് തേടിപ്പിടിച്ച് വരുന്നു. അന്ന് മൊബൈൽ ഫോൺ ഒന്നും ഇല്ലാത്ത ഒരു കാലമാണ്. ഹനീഫ് വന്നത് സംവിധായകൻ പി.ജി.വിശ്വംഭരൻ സർ എന്നെ അത്യാവശ്യമായി കാണണം എന്ന് അറിയിക്കുവാനാണ്. ആ സമയം ഹനീഫ് വിശ്വംഭരൻ സാറിന്റെ ഒരു സിനിമയിൽ ചെറിയ വേഷം ചെയ്തു വരികയാണ്. ഞാൻ ഉടൻ ഹനീഫുമായി വിശ്വംഭരൻ സാറിനെ കണ്ടു. അദ്ദേഹം ഒരു കഥ പറയുവാൻ പറഞ്ഞു. ഞാൻ കഥ പറഞ്ഞു. അങ്ങനെയാണ് വക്കീൽ വാസുദേവ് എന്ന സിനിമ ഉണ്ടായത്. ആ സിനിമ ഉണ്ടാകുവാൻ നിമിത്തമായത് ഹനീഫ് ആണ്.

പിൽക്കാലത്ത് വന്ന എന്റെ പല സിനിമകളിലും ഹനീഫിന് ഒരു കോമഡി കഥാപാത്രത്തെ ഞാൻ സൃഷ്ടിക്കുമായിരുന്നു . പക്ഷേ എന്തോ ആരുടെയോ നിർഭാഗ്യം എന്ന് പറയാമല്ലോ ഹനീഫ് ആ സമയത്ത് മറ്റ് സിനിമകളിൽ തിരക്കായിരുന്നു. ഒരിക്കലും ഞങ്ങൾക്ക് ഒരു സിനിമയിലും ഒരു സ്റ്റേജിലും ഒന്നിക്കാൻ ഭാഗ്യമുണ്ടായില്ല.

കോവിഡ് കാലത്ത് ഞാൻ സംവിധാനം ചെയ്ത സിനിമയിൽ ഹനീഫിന് ഒരു പ്രധാന വേഷം പറഞ്ഞുറപ്പിച്ചതാണ്. പക്ഷേ ഒരു സൂപ്പർ സ്റ്റാർ സിനിമ പെട്ടെന്ന് വന്നപ്പോൾ ഹനീഫിന് പഴയ ബന്ധം മൂലം ആ സിനിമയിൽ ജോയിൻ ചെയ്യേണ്ടി വന്നു. പകരം ഞാൻ ഐ.ടി.ജോസഫ് എന്ന മികച്ച നാടക പ്രതിഭയെ ക്കൊണ്ട് ആ വേഷം ചെയ്യിച്ചു.

നർമ്മ ബോധവും കഥാപാത്രമായി മാറുവാൻ ഏറെ കഴിവുള്ള ഹനീഫിന് അർഹിക്കുന്ന പ്രധാന വേഷങ്ങൾ ലഭിക്കാതെ പോയതിൽ ഏറെ ദുഃഖമുണ്ട്. എങ്കിലും ഈ പറക്കും തളിക പോലുള്ള സിനിമകളിലെ ഹനീഫ് അവതരിപ്പിച്ച  കഥാപാത്രങ്ങളിലൂടെ എന്നും ഈ കലാകാരനെ ചലച്ചിത്രാസ്വാദർക്ക് ഓർക്കുവാൻ കഴിയും. ഹനീഫ് എന്ന പ്രതിഭ എന്നും മിമിക്രി/ചലച്ചിത്ര കലാരൂപത്തിന്റെ ചരിത്ര പുസ്തകത്താളുകളിൽ എന്നും ഭദ്രമായ ഒരിടത്തിൽ ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല.

അവസാനമായി ഞാനും ഹനീഫും ഒത്തു ചേർന്ന ഒരു വേദി ആയിരുന്നു കൊച്ചിയിലെ മൗലാനാ ആസാ സോഷ്യോ കൾച്ചർ സംഘടിപ്പിച്ച സംവിധായകൻ സിദ്ദിഖ് അനുസ്മരണ യോഗം. ഈ പരിപാടിയിൽ ഹനീഫ് പതിവിനുമപ്പുറം ധാരാളം നർമ്മങ്ങൾ പറഞ്ഞ് പ്രേക്ഷകരെ ഏറെ ആനന്ദിപ്പി ക്കുകയായിരുന്നു. അതും സദാ ആഹ്ളാദഭരിതമായ ആത്മാവിന്റെ പ്രതിഫലനമായാണ് എനിക്ക് തോന്നിയത്.