നഗോയ: താരങ്ങളുടെ താമസ സൗകര്യവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ, ഏഷ്യൻ ഗെയിംസിന് ഭീഷണിയായി ചുഴലിക്കാറ്റും. ജപ്പാനിലെ ഐച്ചി-നഗോയ തീരത്തേക്ക് ശക്തമായ ഡുജുവാൻ ചുഴലിക്കാറ്റ് അടുക്കുന്നതിനെത്തുടർന്ന് ഏഷ്യൻ ഗെയിംസ് സംഘാടനം തടസപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രകൃതിദുരന്ത സാഹചര്യമുണ്ടായാൽ കായികതാരങ്ങളെ താത്കാലികമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുമെന്ന് ജാപ്പനീസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

To advertise here,

വ്യാഴാഴ്ച മധ്യ ജപ്പാനിലേക്ക് നീങ്ങിയ ഡുജുവാൻ ഉഷ്ണമേഖലാ കൊടുങ്കാറ്റിന് മണിക്കൂറിൽ 90 - 100 കിലോമീറ്റർ വേഗതയും, പരമാവധി 126 കിലോമീറ്റർ വരെ ശക്തി പ്രാപിക്കാവുന്ന കാറ്റുമുണ്ട്. ശനിയാഴ്ച ഗെയിംസ് ഔദ്യോഗികമായി ആരംഭിച്ചതിന് രണ്ടു ദിവസത്തിന് ശേഷം, സെപ്റ്റംബർ 21-ഓടെ ചുഴലിക്കാറ്റ് ഐച്ചി-നഗോയ മേഖലയിലേക്ക് എത്തിയേക്കുമെന്നാണ് പ്രവചനം. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ കാറ്റടിച്ചാൽ കായികതാരങ്ങളെ താത്കാലികമായി ഒഴിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

സാധാരണ മഴയുള്ള സാഹചര്യങ്ങളിൽ മത്സരങ്ങൾ തടസമില്ലാതെ തുടരുമെങ്കിലും, കനത്ത മഴ മൂലം അടിയന്തര മുന്നറിയിപ്പുകൾ വരികയാണെങ്കിൽ താരങ്ങളെ ഒഴിപ്പിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ഗെയിംസ് ഡെപ്യൂട്ടി പ്രസിഡന്റും നഗോയ മേയറുമായ ഇചിറോ ഹിരോസാവ അറിയിച്ചു.

ആയിരക്കണക്കിന് താരങ്ങളെയും ഉദ്യോഗസ്ഥരെയും താമസിപ്പിച്ചിരിക്കുന്ന 'കോസ്റ്റ സെറീന' എന്ന ഇറ്റാലിയൻ ക്രൂയിസ് കപ്പൽ ചുഴലിക്കാറ്റിന്റെ കാറ്റ് ശക്തമായാൽ തുറമുഖത്ത് നിന്ന് സുരക്ഷിതമായ കടലിലേക്ക് മാറ്റും. ഏതാനും ദിവസങ്ങൾക്ക് മുൻപ് പെയ്ത കനത്ത മഴയിൽ നഗോയയിലെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകുകയും നൂറുകണക്കിന് താരങ്ങളെയും ഉദ്യോഗസ്ഥരെയും താത്കാലികമായി ഒഴിപ്പിക്കേണ്ടി വരികയും ചെയ്തിരുന്നു.

ചുഴലിക്കാറ്റ് ഭീഷണിക്ക് പുറമെ, താമസസൗകര്യങ്ങളുമായി ബന്ധപ്പെട്ട വലിയ വിവാദങ്ങളും ഗെയിംസ് സംഘാടകർ നേരിടുന്നുണ്ട്. തുടക്കത്തിൽ 15,000 താരങ്ങളെയും ഉദ്യോഗസ്ഥരെയുമാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും പുതിയ കായിക ഇനങ്ങൾ ഉൾപ്പെടുത്തിയതോടെ പങ്കാളികളുടെ എണ്ണം 17,000 ആയി ഉയർന്നു. ഗെയിംസിന് ശേഷം ഉപയോഗശൂന്യമാകുന്ന സാമ്പത്തിക ബാധ്യതയായി ഇവിടം മാറും എന്നതിനാലും ചെലവ് ചുരുക്കാനുമായി പരമ്പരാഗത ഗെയിംസ് വില്ലേജ് നിർമിക്കേണ്ടതില്ലെന്ന് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ തീരുമാനിക്കുകയായിരുന്നു.

പകരം ഹോട്ടലുകൾ, ഷിപ്പിങ് കണ്ടെയ്‌നർ മാതൃകയിലുള്ള താത്കാലിക മുറികൾ, ക്രൂയിസ് കപ്പൽ എന്നിവിടങ്ങളിലാണ് താരങ്ങളെ താമസിപ്പിച്ചിരിക്കുന്നത്. ഇതിൽ 4,000 പേർ കപ്പലിലും 2,000 പേർ പോർട്ട് ഏരിയയിലെ താത്കാലിക കുടിലുകളിലുമാണ് താമസിക്കുന്നത്. എന്നാൽ ഇടുങ്ങിയ മുറികൾ, ചെറിയ കട്ടിലുകൾ എന്നിവയെക്കുറിച്ചും പുരുഷ-വനിതാ താരങ്ങളും പരിശീലകരും മുറികൾ പങ്കിടേണ്ടി വന്നതിനെക്കുറിച്ചും ടീം ജപ്പാൻ വ്യക്തമാക്കുകയുണ്ടായി. ന്ത്യൻ താരങ്ങളും സമാന പ്രശ്‌നങ്ങൾ നേരിട്ടു. 14 മണിക്കൂർ കാത്തുനിന്ന ശേഷമാണ് പലർക്കും താമസ സൗകര്യം കിട്ടിയതെന്ന പരാതിയും ഉയർന്നു.